'ഭാര്യ വരച്ചുനൽകി ഞാൻ മനസ്സിൽ കണ്ട സ്വപ്നം'!

സ്വപ്നവീട്ടിൽ നിറയെ തൂണുകളും നടുമുറ്റവും ആഗ്രഹിച്ച സജിക്ക് ഭാര്യ വരച്ചുകൊടുത്തു മനസ്സിൽ കണ്ട സ്വപ്നം..

എന്റെ പേര് സജി. വീടിനെക്കുറിച്ച് നിരവധി സ്വപ്നങ്ങൾ ഉണ്ടായിരുന്നു എനിക്ക്. സിവിൽ എന്‍ജിനീയറിങ് പഠിച്ച ഭാര്യ നിമ്മിക്ക് എന്റെ മനസ്സിലെ ആഗ്രഹങ്ങൾ കടലാസിലാക്കാൻ വിഷമമുണ്ടായില്ല. അങ്ങനെയാണ് നടുമുറ്റത്തെ കേന്ദ്രമാക്കി വീട് ഉയർന്നത്. നിർമാണമേഖലയിൽ ധാരാളം ബന്ധുക്കൾ ഉള്ളതിനാൽ എല്ലാവരുടെയും സഹകരണം വീടുപണി ത്വരിതപ്പെടുത്തി. 35 സെന്റിലാണ് വീടിരിക്കുന്നത്. നടുമുറ്റത്തിനു ചുറ്റുമായാണ് മുറികൾ. ഫ്ലാറ്റ് റൂഫ് ചെയ്ത് ട്രസ് ഇട്ടതിനാൽ വീടിന്റെ മേൽക്കൂരയ്ക്ക് പൊക്കവും സൗന്ദര്യവും കിട്ടി. ഒരാൾ പൊക്കത്തിലുള്ള മച്ചും ലഭിച്ചു.

Elevation

പുറമേക്ക് നല്ല കാഴ്ച ലഭിക്കത്തക്കവിധം ‘എൽ’ ആകൃതിയിലാണ് സിറ്റ്ഔട്ട്. മുകളിലും താഴെയും ഒരുപോലെ. തൂണുകൾക്ക് ഒരു കുറവും വരുത്തിയില്ല. പർഗോള ബീമിനു മുകളിൽ ടെംപേർഡ് ഗ്ലാസ് ഇട്ട് സിറ്റ്ഔട്ട് നീട്ടിയെടുത്തു. റെഡിമെയ്ഡ് ചാരുപടികൾക്ക് തടിയുടെ ഫിനിഷ് കൊടുത്ത് കിടിലനാക്കി. തടിപ്പണികൾക്ക് പറമ്പിൽ തന്നെയുണ്ടായിരുന്ന തേക്കും മഹാഗണിയും ഉപയോഗപ്പെടുത്തി.

Living Area

ജനലുകൾക്ക് ഈ വീട്ടിൽ പല പ്രത്യേകതകളുണ്ട്. ഭിത്തിയോട് ചേർത്ത് പുറമേക്ക് സ്ഥലം കൊടുത്താണ് ജനലുകൾ വച്ചത്. ജനൽപ്പടിയിൽ സാധനങ്ങൾ വച്ച് അഴുക്കുപറ്റാതിരിക്കാനാണിത്. കോർണർ വിൻഡോയും ലിവിങ് ഏരിയയിലുണ്ട്. സ്ക്വയർ ട്യൂബ് കൊണ്ടുള്ള അഴികൾ തിരശ്ചീനമായി മാത്രമാണ് കൊടുത്തത്. അതുതന്നെ ഡയഗണൽ രീതിയിലാണ് പിടിപ്പിച്ചത്. ടിവി യൂണിറ്റിന് അലുമിനിയം കോംപസിറ്റ് പാനലാണ് ഉപയോഗിച്ചത്. എല്ലാ മുറിയിലും സീലിങ് വർക്കും കൊടുത്തിട്ടുണ്ട്.

Courtyard

പ്രധാന വാതിൽ തുറന്നാൽ ആദ്യം കാണുന്നത് നടുമുറ്റമാണ്. രണ്ടര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുണ്ടിതിന്. രണ്ടു പടികളുടെ താഴ്ചയുമുണ്ട്. മധ്യത്തിലെ സ്തൂപത്തിൽ ശിൽപവും താഴെ പെബിൾസും ഇടാനാണ് വീട്ടുകാരുടെ പ്ലാൻ. ഇതിനു തൊട്ടടുത്താണ് പൂജായിടവും. ഗൃഹമധ്യസൂത്രം ഇതുവഴി തടസ്സം കൂടാതെ കടന്നുപോകുന്നു. പൂജായിടത്തിലെ ഭിത്തികൾക്ക് നാച്വറൽ സ്റ്റോണിന്റെ ക്ലാഡിങ്.

Dining Area

പ്രധാന വാതിലിന്റെ വലതുവശത്താണ് ഡൈനിങ്. വാതിലിനൊപ്പം നീളമുള്ള ഒറ്റപ്പാളി ജനലുകളാണ് ഡൈനിങ്ങിന്റെ മാറ്റ് കൂട്ടുന്നത്. ഇതും സജിയുടെ സ്വപ്നത്തിലെ ഡിസൈനാണ്. നടുമുറ്റത്തിന്റെ തൊട്ടടുത്തായാണ് ഡൈനിങ് ടേബിളും കസേരകളും. കോട്ടൺ മിക്സ് തുണിയെടുത്ത് കർട്ടനുകൾ തയ്പിച്ചെടുത്തു.

Stair

ലിവിങ്ങിന്റെ പിറകിലൂടെയാണ് സ്റ്റെയർ. എസിപി കൊണ്ടാണ് ലിവിങ്ങിന്റെ വശത്ത് സെപ്പറേഷൻ ചെയ്തത്. ഗോവണിയുടെ ഹാൻഡ്റെയ്ൽ മഹാഗണി തടിവച്ച് ചെയ്തു. ഗോവണി കയറി വരുന്ന ഭാഗത്ത് മുകളിലെ ലിവിങ് ആണ്. അവിടെ ഒരു ടിവി ഏരിയ കൂടിയാക്കണമെന്ന് വീട്ടുകാർ പ്ലാൻ ചെയ്യുന്നു.

Kitchen

മോഡുലാർ രീതിയിലുള്ള കിച്ചന് എസിപി കൊണ്ടാണ് കാബിനറ്റുകൾ. കൗണ്ടർടോപ്പിന് കറുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചു. ഇരിക്കാൻ ഒരു സീറ്റിങ് കൂടി ഒരുക്കി കിച്ചനെ അടിമുടി പരിഷ്കരിച്ചെടുത്തു. അതിനടുത്തായി വലിയൊരു ടോൾ യൂണിറ്റും ഇവിടത്തെ സ്റ്റോറേജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നു. ഇതിനുപുറമെ, പാൻട്രി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Bedrooms

മുകളിലും താഴെയുമായി നാല് കിടപ്പുമുറികൾ ഉണ്ട്. വിശാലമായ കിടപ്പുമുറികളാണ് ചെയ്തിരിക്കുന്നത്. സ്റ്റഡി ഏരിയയ്ക്ക് എസിപി കൊണ്ട് ഷെൽഫുകൾ തയാറാക്കി. ഗ്ലാസ് ടോപ്പും കൊടുത്തു. സീലിങ്ങിൽ വർക്കുകളും കൊടുത്തിട്ടുണ്ട്.

Project Facts

Area: 2884 Sqft

Location: വെങ്ങോല, പെരുമ്പാവൂർ

Year of completion: മേയ്, 2018