17 വർഷങ്ങൾക്ക് മുൻപ് പ്രൗഢിയോടെ രൂപകൽപന ചെയ്ത നിർമിതിയായിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അഹമ്മദ് പുളിക്കലിന്റെ വീട്. വിശാലമായ രണ്ടര ഏക്കറിൽ ഏകദേശം 7000 ചതുരശ്രയടി വിസ്തീർണത്തിൽ പണിത വീട്. വർഷങ്ങൾക്ക് ശേഷം വീടിനു മൊത്തത്തിലൊരു പുതുമ നൽകണമെന്ന തീരുമാനമാണ് ഇപ്പോൾ കാണുന്ന മനോഹര നിർമിതിയിലേക്ക് എത്തിച്ചത്. അന്ന് ഈ വീടിന്റെ രൂപകൽപന നിർവഹിച്ചത് ആർക്കിടെക്ട് എൻ.എം. സലിമും (എൻ.എം. സലീം & അസോസിയേറ്റ്സ്, കോഴിക്കോട്) ഇന്റീരിയർ ഡിസൈൻ ചെയ്തത് ജി. എം ദിവാകരനും (ഇൻഡ്ഫാ ഡിസൈനേഴ്സ്, കോഴിക്കോട്) ആയിരുന്നു. വർഷങ്ങൾക്ക് ശേഷം വീടിന്റെ മുഖം മിനുക്കൽ ദൗത്യവും എത്തിച്ചേർന്നത് പഴയ ഡിസൈനറുടെ കൈകളിൽത്തന്നെ!
പൊതുവെ പുതുക്കിപ്പണികളിൽ പഴയ നിർമിതികൾ തച്ചുടച്ച് പുതുമയിലേക്കാവാഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി അധികം പൊളിച്ചുപണികൾ ഇല്ലാതെതന്നെ കൂടുതൽ പരമ്പരാഗത തനിമയിലേക്ക് വീടിനെ മടക്കിക്കൊണ്ടുപോവുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പരമ്പരാഗത തച്ചുശാസ്ത്രത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ദിവാകരൻ 3000 ചതുരശ്രയടി കൂട്ടിച്ചേർത്ത് വീടിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു.
പടിപ്പുര മുതൽ പ്രൗഢിയുള്ള കാഴ്ചകൾ തുടങ്ങുന്നു. പടിപ്പുരയും ഗെയ്റ്റും തേക്കിലാണ് കടഞ്ഞെടുത്തിരിക്കുന്നത്. നിലമ്പൂർ തേക്കിലാണ് തടിപ്പണികളുടെ പ്രൗഢി നിറയുന്നത്. പാലക്കാട് പുതുശ്ശേരിയിലുള്ള തച്ചന്മാരുടെ കരവിരുതാണ് തടിപ്പണികളിൽ നിറയുന്നത്. പടിപ്പുര, നടുമുറ്റം, ചുറ്റുമതിൽ എന്നിവയ്ക്ക് വെട്ടുകല്ലാണ് ഉപയോഗിച്ചത്.
മാറ്റങ്ങൾ
പരമ്പരാഗത മാതൃകയിലുള്ള പൂമുഖം, നടുമുറ്റം കൂട്ടിച്ചേർത്തു.
വീടിന്റെ മേൽക്കൂര, കഴുക്കോൽ, തൂണുകൾ, ബീം, കൈവരികൾ എന്നിവയെല്ലാം പരമ്പരാഗത തനിമയിൽ നിർമിച്ചെടുത്തു.
ലേഡീസ് ലിവിങ് റൂം, വാഷ് ഏരിയ, അടുക്കള, വർക് ഏരിയ, എന്നിവയൊക്കെ പുതുതായി കൂട്ടിച്ചേർത്തു.
വിശാലമായ പ്ലോട്ടിനെ മരങ്ങളും ചെടികളും സമ്പന്നമാക്കുന്നു. ഈ പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് വീടിന്റെ മിക്ക മുറികളും തുറക്കുന്നത്. മുകൾനിലയിലെ വിശാലമായ ലിവിങ്ങാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. ഇവിടെയും ഫർണിച്ചറുകളും തൂണുകളിലും മേൽക്കൂരയിലുമെല്ലാം തടിയുടെ പ്രൗഢി നിറയുന്നു.
Project Facts
Location- Kondotty, Malappuram
Plot- 2.5 acre
Area- New- 3000 SFT
Total- 10000 SFT
Project Type- Renovation
Owner- Ahammed Pulikkal
Designer- Divakaran G
Indfa Designers, Kallai, Calicut
Mob- 9349112872