സ്ഥലപരിമിതിയെയും സാമ്പത്തിക പരിമിതിയെയും അപ്രസക്തമാക്കുകയാണ് ഈ വീട്. ഉടമസ്ഥനും ഡിസൈനറുമായ ആശിഷ് തന്റെ വീടുപണി അനുഭവം പങ്കുവയ്ക്കുന്നു..
എന്റെ പേര് ആശിഷ് ജോൺ മാത്യു. ഡിസൈനറാണ്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയാണ് സ്വദേശം. മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന എനിക്ക് സ്വന്തം വീടിനെക്കുറിച്ചും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. വിശേഷിച്ച് പ്രളയത്തിന് ശേഷമുള്ള പുനർനിർമാണത്തിന്റെ ഈ സമയത്ത് കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ ഒരു വീട് പണിതു കാണിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു.
തറവാടിനോടു ചേർന്ന് ഒരു സെന്റിലാണ് ഞാൻ വീട് നിർമിച്ചത്. 900 ചതുരശ്രയടിയുള്ള വീട്ടില്‍ ലിവിങ്, ഫാമിലി ലിവിങ്, കിച്ചൻ, ഡൈനിങ്, ഒരു ബെഡ്റൂം, കോമൺ ബാത്റൂം എന്നിവയാണ് ഒരുക്കിയത്. വീട് എന്റെ ഓഫീസായും പ്രവർത്തിക്കുന്നു.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം എട്ടു ലക്ഷം രൂപ മാത്രമാണ് വീടിനു ചെലവായത്. കരിങ്കല്ല് കൊണ്ടാണ് അടിത്തറ കെട്ടിയത്. ഭിത്തികൾക്ക് ഇഷ്ടികയും വെട്ടുകല്ലും, ബെംഗളൂരുവിൽ നിന്നും വരുത്തിയ Porotherm എന്ന വിശേഷയിനം മഡ് ബ്രിക്കും ഉപയോഗിച്ചു. റൂഫിന് മുകളിൽ ട്രസിട്ട് ഓട് വിരിക്കുകയായിരുന്നു. നേരിട്ട് വെയിൽ അടിക്കാത്തതിനാൽ അകത്ത് ചൂട് വളരെ കുറവാണ്. ഓട്, ഇഷ്ടിക, കരിങ്കല്ല് തുടങ്ങിയ സാമഗ്രികൾ പഴയ വീടുകൾ പൊളിച്ചിടത്തുനിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയവയാണ്.
ഫർണിഷിങ്ങിന്റെ കാര്യത്തിൽ ഞാൻ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പഴയ തടി മേടിച്ചു പുനരുപയോഗിച്ചാണ് അകത്തളം ഫർണിഷ് ചെയ്തത്. വാതിലും ജനലുകളും ഫർണിച്ചറുകളും മച്ചുമെല്ലാം തടിയിൽ മെനഞ്ഞെടുത്തതാണ്. ഒരു ഫർണിഷിങ് ഉപാധി എന്ന നിലയിൽ മുളയുടെ സാധ്യതകൾ ഞാൻ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. അത് സ്വന്തം വീട്ടിലും പ്രാവർത്തികമാക്കാനായി. ബജറ്റിന്റെ പകുതിയോളം തടിപ്പണികൾക്കാണ് ചെലവായത്. അല്ലായിരുന്നെങ്കിൽ മൊത്തം ചെലവ് ഇനിയും കുറഞ്ഞേനേ.
പല തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി സംരക്ഷിച്ചുകൊണ്ടാണ് വീട് പണിതത്. നാലു ലെവലുകൾ ആയാണ് ഭൂമിയുടെ കിടപ്പ്. അതുകൊണ്ട് വീടിന്റെ അകത്തളങ്ങളിലും ഈ ഉയരവ്യത്യാസമുണ്ട്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. താഴെ പാറയായിരുന്നു. ഇതിനു മുകളിലാണ് അടിത്തറ കെട്ടിയുയർത്തിയത്. കോൺക്രീറ്റിനു പകരം തടിയാണ് മറ്റുനിലകളുടെ സീലിങ്ങിൽ വരുന്നത്.
ലിവിങ് ഏരിയയിൽ നിന്ന് താഴേക്ക് ഇറങ്ങിയാൽ അടുക്കളയിലെത്താം. ഡെഡ് സ്‌പേസ് ഒഴിവാക്കാൻ കാന്റിലിവർ ശൈലിയിലാണ് ഗോവണിയും ബാൽക്കണിയും ഒരുക്കിയത്. ഇടങ്ങളെ വേർതിരിക്കാനായി വിട്രിഫൈഡ് ടൈലും വുഡൻ ഫ്ളോറിങ്ങും പരീക്ഷിച്ചിട്ടുണ്ട്. ബാൽക്കണിയിലേക്കിറങ്ങിയാൽ പുഴയുടെ വിദൂരകാഴ്ച ആസ്വദിക്കാം. വീട്ടുകാരെല്ലാരും ഒരുമിച്ചുകൂടി സായാഹ്നങ്ങൾ ചെലവഴിക്കാൻ തക്കവിധത്തിലാണ് ഇവിടം ഒരുക്കിയത്.
സീലിങ്ങിൽ ഞാൻ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. സ്വീകരണമുറിയിൽ ജിപ്സം സീലിങ്ങും ലൈറ്റുകളും നൽകി. അടുക്കയിൽ മുള കൊണ്ടാണ് സീലിങ്. മുകൾനിലയിൽ സീലിങ്ങിന് കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ ഉപയോഗിച്ചു. ഈർപ്പത്തെയും ചോർച്ചയെയും പ്രതിരോധിക്കും, ചൂട് കുറവ്, ദീർഘകാലം ഈടുനിൽക്കും തുടങ്ങിയ ഗുണങ്ങളുണ്ട് ഇവയ്ക്ക്. കിടപ്പുമുറിയിലും അടുക്കളയിലും അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് നൽകിയത്.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
- വീടിന്റെ ചുവരുകൾ തേക്കാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി. കോൺക്രീറ്റ് ഉപയോഗം പരിമിതപ്പെടുത്തി.
- ഫർണിഷിങ്ങിന് പഴയ തടി പുനരുപയോഗിച്ചു.
- സ്വിച്ച് ബോർഡുകൾ, കർട്ടൻ, ഗോവണിയുടെ കൈവരികൾ, വയറിങ് കൺസീൽ ചെയ്യാൻ തുടങ്ങിയതിനെല്ലാം മുള ഉപയോഗിച്ചു.
ഫലപ്രദമായി ആസൂത്രണം ചെയ്താൽ സ്ഥലപരിമിതിയും സാമ്പത്തികപരിമിതികളും സൗകര്യമുള്ള ഭവനം സ്വന്തമാക്കാൻ തടസമല്ല എന്നാണ് ഒരു ഡിസൈനർ എന്ന നിലയിലും ഉടമസ്ഥൻ എന്ന നിലയിലും എന്റെ അനുഭവം. ഇപ്പോൾ വീട്ടിൽ ഓഫിസ് കൂടെ തുടങ്ങിയതുകൊണ്ട് വീടുപണിക്കായി എന്നെ സമീപിക്കുന്നവർക്ക് മുൻപിൽ സ്വന്തം വീട് തന്നെ മാതൃകയായി കാണിച്ചു കൊടുക്കാം എന്ന പ്രയോജനവുമുണ്ട്.
Project Facts
Location- Vadaserikara, Pathanamthitta
Area- 900 SFT
Plot- 1 cent
Owner & Designer- Ashish John Mathew
Asquare Architects
Mob- 97446 48679