ഫാൻ പേരിനുമാത്രം, എസിയും തോറ്റുപോകും ഈ വീടിനുള്ളിൽ!

breeze-house-alappuzha
SHARE

എന്റെ പേര് ഷൈൻ. ആലപ്പുഴയാണ് വീട്. എന്റെ അച്ഛന് മുംബൈയിലായിരുന്നു ജോലി. മുപ്പത്തഞ്ചു കൊല്ലത്തോളം ഞങ്ങൾ മുംബൈയിലായിരുന്നു ജീവിച്ചത്. മുംബൈ വിട്ടു നാട്ടിൽ വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾതന്നെ അത്രയും കാലത്തെ ഇടുങ്ങിയ ജീവിതത്തിന്റെ ശ്വാസംമുട്ടലുകൾ പരിഹരിക്കുന്ന വീടായിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. 

രണ്ടു കിലോമീറ്റർ ദൂരത്തിൽ കടലാണ്. അതുകൊണ്ട് ഞങ്ങളുടെ സ്ഥലത്ത് എപ്പോഴും നല്ല കാറ്റു ലഭിക്കാറുണ്ട്. ഈ കാറ്റിനെ അകത്തളങ്ങളിലേക്ക് ക്ഷണിക്കുന്ന വീട് വേണം എന്നാണ് ഞങ്ങൾ ഡിസൈനർമാരോട് ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആഗ്രഹങ്ങൾക്കും ഒരുപടി മുകളിൽ അവർ വീടുപണിതുനൽകി. പത്തു സെന്റിൽ 2300 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.

breeze-house-interior

പുറത്ത് പരിലസിക്കുന്ന കാറ്റിനെ ഉള്ളിലേക്ക് എത്തിക്കാനായി പുറംഭിത്തികളിൽ ജിഐ കൊണ്ട് ധാരാളം  ലൂവറുകൾ നൽകി. തുറന്ന ഇടങ്ങളായാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതും ക്രോസ്സ് വെന്റിലേഷന് പിന്തുണയേകുന്നു. ഉള്ളിലെ ചൂടുവായു പുറത്തേക്ക് പോകാനായി ലൂവറുകളുള്ള ജനാലകൾ നൽകി. പ്രധാന ഹാളിൽ ഒരു വാട്ടർ ബോഡിയുമുണ്ട്. വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. പേരിനു ഫാൻ നൽകിയിട്ടുണ്ട്, എന്നല്ലാതെ അധികം ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല!

breeze-house-living

അകത്തളങ്ങളിൽ വലിയ ആഡംബരങ്ങൾ ഒന്നും കുത്തിനിറച്ചിട്ടില്ല. വീടിനുള്ളിൽ ചെലവഴിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടത് സമാധാനവും സന്തോഷവുമാണ്. അതുകൊണ്ട് റസ്റ്റിക് ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് ധ്യാനാത്മകമായ ഒരു അന്തരീക്ഷം വീടിനുള്ളിൽ നിറയ്ക്കുന്നു. 

breeze-house-dining

ഫർണിച്ചറുകൾ അകത്തളത്തിന്റെ ഭാവവുമായി താദാത്മ്യം പ്രാപിക്കുന്ന വിധം ജിഐ ഫ്രയിമിൽ ഡിസൈൻ ചെയ്തെടുത്തവയാണ്. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. സ്വീകരണമുറി, ഗസീബോ എന്നിവിടങ്ങളിൽ കോൺക്രീറ്റ് ഫ്ളോറിങ് നിലനിർത്തി. ഫ്ലോർ ലെവലിൽ നിന്നും അല്പം താഴ്ത്തിയാണ് സ്വീകരണമുറി നൽകിയത്. ഊണുമുറിക്ക് സ്വകാര്യത നൽകിയത് പച്ചപ്പിന്റെ മറ കൊണ്ടാണ്. മൂന്ന് കിടപ്പുമുറികളും അടുക്കളയുമൊക്കെ മിനിമൽ ശൈലിയിലാണ് ഒരുക്കിയത്.  

breeze-house-upperview

മുംബൈയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞങ്ങൾ പൂന്തോട്ടം ഒരുക്കമായിരുന്നു. അതിന്റെ ഓർമയിൽ വീടിന്റെ ചെറിയ മുറ്റത്ത് ഉദ്യാനം ഒരുക്കിയിട്ടുണ്ട്. സമീപം ചെറിയ വാട്ടർ ബോഡിയുമുണ്ട്. സന്ധ്യ മയങ്ങുമ്പോൾ പുറത്ത് നൽകിയിരിക്കുന്ന വാം ടോൺ ലൈറ്റുകൾ ഓണാകും. അപ്പോൾ വീട് കാണാൻ ഒരു പ്രത്യേക ചന്തമാണ്‌. എന്തായാലും ആഗ്രഹിച്ച പോലെ കാറ്റിന്റെ തഴുകലേറ്റിരിക്കാൻ പാകത്തിൽ 'ശ്വസിക്കുന്ന വീട്' സാധ്യമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ...

breeze-house-waterbody

Project Facts

Location- Alappuzha

Area- 2300 SFT

Plot- 10 cent

Owner- Shine

Designer- i2a Architects

Mob- 9746423078

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA