ഈ തുകയ്ക്ക് ആഡംബര വീട് ഒരുക്കിയെന്നോ? അദ്ഭുതം തന്നെ!

ആകൃതി കൊണ്ടും മുടക്കിയ കാശിനൊത്ത സൗകര്യങ്ങൾ കൊണ്ടും വേറിട്ടുനിൽക്കുകയാണ് കോതമംഗലത്തുള്ള ഡെന്നി തോമസിന്റെ വീട്. ഉടമസ്ഥൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഹൈറേഞ്ചിന്റെ മനോഹാരിതകൾ ഉള്ള പ്രദേശമാണ് പ്ലോട്ട്. ചുറ്റുപാടുമുള്ള പ്രകൃതിയുമായി സമരസപ്പെടണം, എന്നാൽ പതിവുകാഴ്ചകളിൽ നിന്നും മാറി നിൽക്കുകയും വേണം. ഇതായിരുന്നു എന്റെ ആവശ്യം. അതുകൊണ്ട് കൊളോണിയൽ ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയിരിക്കുന്നത്. പഞ്ചഭുജ (Pentagonal) ആകൃതിയാണ് വീട്ടിൽ പൊതുവായി പിന്തുടർന്നിരിക്കുന്നത്. പുറംഭിത്തികളിലും സിറ്റ്ഔട്ടിലെ തൂണുകളിലും ബാംഗ്ലൂർ സ്‌റ്റോൺ ക്ലാഡിങ് നൽകി അലങ്കരിച്ചിട്ടുണ്ട്.

14 സെന്റിൽ 2277 ചതുരശ്രയടിയാണ് വിസ്തീർണം. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, ഹോം തിയറ്റർ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ വീടുകളേക്കാൾ ഉയരത്തിലാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ഇത് മികച്ച വെന്റിലേഷൻ അകത്തളങ്ങളിൽ ഒരുക്കുന്നു. 

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതും കൂടുതൽ വിശാലത നൽകുന്നു. ഫ്ലോറിങ്ങിൽ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈലിനൊപ്പം ഡിജിറ്റൽ ടൈലുകളും അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. പ്രകാശത്തെ അകത്തേക്ക് ആനയിക്കാൻ നിരവധി കവാടങ്ങൾ വീടിനുള്ളിൽ നൽകിയിട്ടുണ്ട്. അകത്തേക്കെത്തുന്ന പ്രകാശത്തെ വിതരണം ചെയ്യുന്നതിൽ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

വീട്ടിൽ എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റവുമധികം ചോദിച്ചത് ഊണുമേശയുടെ ഡിസൈനിനെ കുറിച്ചാണ്. സസ്‌പെൻഡഡ്‌ ശൈലിയിലാണ് ഊണുമേശ. സ്‌റ്റെയിൻലെസ് സ്റ്റീലിൽ നാനോവൈറ്റ് വിരിച്ചാണ് ഊണുമേശ ഒരുക്കിയത്. ഒഴുകിനിൽക്കുന്നവിധമാണ് കസേരകൾ. പൈൻവുഡും ജിഐ പൈപ്പുമാണ് ബെഞ്ചുകൾക്ക് ഉപയോഗിച്ചത്. 

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. പ്ലൈവുഡ്- അക്രിലിക് ഫിനിഷിലാണ് അടുക്കള ഒരുക്കിയത്. കൗണ്ടറിൽ നാനോ വൈറ്റ് വിരിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം മുപ്പതു ലക്ഷം രൂപയാണ് വീടിനു ചെലവായത്.

 

ചെലവ് കുറച്ച ഘടകങ്ങൾ 

  • ഫർണിഷിങ്ങിൽ തടി പരമാവധി ഒഴിവാക്കി. ബദൽ നിർമാണ സാമഗ്രികൾ ഉപയോഗിച്ചു.
  • അലുമിനിയം ഫാബ്രിക്കേഷനാണ് ജനാലകൾക്കും കബോർഡുകൾക്കും നൽകിയത്.
  • സ്‌റ്റെയിൻലെസ്സ് സ്റ്റീലും ജിഐ സ്ക്വയർ ട്യൂബുകളും കൊണ്ട് പില്ലറുകളും കൈവരികളും നിർമിച്ചു.
  • ഇൻബിൽറ്റ് ശൈലിയിലാണ് കട്ടിലുകൾ. ഇവിടെയും തടിയുടെ ഉപയോഗം നിയന്ത്രിച്ചു.

Project Facts

Location-Kothamangalam, Ernakulam

Plot-14.5 cent

Area- 2277 SFT

Owner- Denny Thomas

Designer- Shajan Varghese

Shajan& Associates, Kothamangalam

Mob- 9388800037