4 സെന്റ്, 24 ലക്ഷം; ഇരട്ടി മൂല്യമുള്ള വീട് റെഡി! കാരണം...

ഭവനനിർമാണം ഒരു സാമൂഹികപ്രവർത്തനമായി കാണുന്ന ഡിസൈനറാണ് സബീർ തിരുമല. അതുകൊണ്ടുതന്നെ ഫീസ് വാങ്ങാതെയാണ് സബീർ പ്ലാനും നിർദേശങ്ങളും നൽകുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സിന്തൂരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വട്ടിയൂർക്കാവിൽ ചെറിയ പ്ലോട്ടിൽ താരതമ്യേന കുറഞ്ഞ ചെലവിൽ നിർമിച്ച ഒരു വീടിന്റെ വിശേഷങ്ങൾ സബീർ പങ്കുവയ്ക്കുന്നു. 

നഗരപരിധിയിൽ സ്ഥലം വാങ്ങി വീടു വയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന വലിയ പ്രശ്നം സ്ഥലപരിമിതിയാണ്. ഭൂമിക്ക് തീവിലയുള്ളപ്പോൾ ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ചെയ്യാൻ കഴിയുക. അത്തരമൊരു പ്രൊജക്ട് ആണിത്. നാലു സെന്റിലാണ് 1700 ചതുരശ്രയടിയുള്ള ഇരുനില വീട് നിർമിച്ചത്.

പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

1700 ചതുരശ്രയടിയിൽ ഒരു 2700 ചതുരശ്രയടി വീടിന്റെ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുറംകാഴ്ചയിലും ശ്രദ്ധ കവരുന്ന വിധമാണ് രൂപകൽപന. ഫ്ലാറ്റ് റൂഫും അതിന്റെ തുടർച്ചയായി വശങ്ങളിൽ കർവ്ഡ് ഡിസൈനും ശ്രദ്ധേയമാണ്. ന്യൂട്രൽ നിറങ്ങളാണ് അകത്തും പുറത്തും നൽകിയത്.

അകത്തളങ്ങൾ കലാപരമായി ഒരുക്കിയിട്ടുണ്ട്. ലിവിങ്, ഡൈനിങ് ഓപ്പൺ ശൈലിയിൽ ഒരുക്കി. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പാക്കുന്നു. കിടപ്പുമുറികളിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ വാഷ് ബേസിൻ ക്രമീകരിച്ചു. കിടപ്പുമുറികളും അടുക്കളയും അത്യാവശ്യ സൗകര്യങ്ങളോടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ചെലവ് കുറച്ച ഘടകങ്ങൾ

  • സെക്കൻഡ് ഹാൻഡ് തടിയുരുപ്പടികൾ വിൽക്കുന്ന ഇടത്തുനിന്നു കുറഞ്ഞ വിലയിൽ ജനലും, വാതിലും സംഘടിപ്പിച്ചു.
  • ഒരു ടൈൽ കട നിർത്തുന്നതിനു മുന്നോടിയായുള്ള വിറ്റഴിക്കലിന്റെ ആനുകൂല്യം മുതലാക്കി ടൈലുകൾ മൊത്തമായി മേടിച്ചു.
  • ബംഗാളി തൊഴിലാളികൾ പത്തുദിവസത്തോളം തുടർച്ചയായി പണിയെടുത്താണ് പ്ലാസ്റ്ററിങ് തീർത്തത്.
  • കൺസീൽഡ് ആയി ചെയ്യേണ്ട ഇലട്രിക്കൽ മെറ്റീരിയലുകൾ ഗുണനിലവാരമുള്ളത് വാങ്ങി. സ്വിച്ച് ബോർഡുകൾ, ലൈറ്റ് പോയിന്റുകൾ തുടങ്ങിയവ ഇടത്തരം നിലവാരമുള്ളവയും. പ്ലമിങ്ങിനും ഇതേ ശൈലി പിന്തുടർന്നു.
  • ഫാൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കളയിലെ കബോർഡുകൾ, കിടപ്പുമുറിയിലെ വാഡ്രോബുകൾ എന്നിവ നിർമിച്ചത്.

ഉറപ്പില്ലാത്ത സ്ഥലമായതിനാൽ പില്ലർ കൊടുത്തു ബെൽറ്റ് വാർത്താണ് അടിത്തറ ഒരുക്കിയത്. അല്ലായിരുന്നെങ്കിൽ ചെലവ് ഇനിയും കുറഞ്ഞേനേ.സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 24 ലക്ഷത്തിനു പണി പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിനെ 'ബജറ്റ് വീട്' എന്നതിനേക്കാൾ 'കോസ്റ്റ് എഫക്ടീവ്' വീട് എന്നുവിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

Project Facts

Location- Vattiyoorkavu, Trivandrum

Area- 1700 SFT

Plot- 4 cent

Owner- Johnson

Designer- Sabeer Thirumala

Sindooram Charitable Trust, Trivandrum

Mob- 9847511303

Sabeer_nh@yahoo.co.in

Budget- 24 L