നാട്ടിൻപുറത്തിന്റേതായ സ്വച്ഛതയും ശാന്തതയും നിറയുന്നൊരു വീട്. ബിനു പൗലോസിന്റെയും കുടുംബത്തിന്റെയുമാണ് ഈ വീട്. അങ്കമാലി കരയാംപറമ്പ് എന്ന സ്ഥലത്ത് 2,400 സ്ക്വയർഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഉടമസ്ഥരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്തത് അനൂപ് കെ.ജി. ആണ്. കണ്ടംപററി കൊളോണിയൽ ശൈലി ഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ടാണ് വീടിന്റെ എലവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊളോണിയൽ ശൈലിയിലുള്ള റൂഫിനാണ് എലവേഷൻ മാറ്റു കൂട്ടുന്നത്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത സിറാമിക് റൂഫ് ടൈലാണ് റൂഫിങ്ങിന്. വൈറ്റ്–ഗ്രേ കളർ കോംബിനേഷനാണ് പിന്തുടർന്നിരിക്കുന്നത്.
![35-lakh-house-plan-angamali-living 35-lakh-house-plan-angamali-living](/content/dam/mm/ml/homestyle/dream-home/images/2019/1/21/35-lakh-house-plan-angamali-living.jpg.image.845.440.)
എലവേഷനിൽ നൽകിയിരിക്കുന്ന സ്‌റ്റോൺ ക്ലാഡിങ് വീടിന്റെ ആകെ ഭംഗിയോടു ചേർന്നു പോകുന്നു. താഴ്ന്നുകിടന്ന പ്ലോട്ടായതിനാൽ മണ്ണിട്ടു പൊക്കി നിരപ്പാക്കിയെടുത്തു. എലവേഷനിൽ നൽകിയിരിക്കുന്ന, ബാൽക്കണിയിൽ പർഗോള കൊടുത്തിരിക്കുന്നു. സോളിഡ് ഷീറ്റും അൺബ്രേക്കബിൾ ഗ്ലാസുമാണ് പർഗോളയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ചെലവു കുറയ്ക്കാനായത് ഇങ്ങനെ
![35-lakh-house-plan-angamali-dine 35-lakh-house-plan-angamali-dine](/content/dam/mm/ml/homestyle/dream-home/images/2019/1/21/35-lakh-house-plan-angamali-dine.jpg.image.845.440.)
നാലു കിടപ്പുമുറികളോടൂകൂടി ബജറ്റിനുതകുംവിധം ഒരു വീട് എന്നു മാത്രമേ ബിനു പൗലോസ് അനൂപിനോട് ആവശ്യപ്പെട്ടിരുന്നത്. കൃത്യമായ പ്ലാനിങ്ങും മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പുമെല്ലാം ബജറ്റിന് ഇണങ്ങുംവിധം ഒരുക്കാനായി. ബ്രിക്സ് വർക്കാണ് വീടിന്റെ സ്ട്രക്ചറിന്. പ്ലാസ്റ്ററിങ്ങിന് പ്ലെയിൻ പ്ലാസ്റ്ററിങ് രീതിയാണ് ഉപയോഗിച്ചത്. തടിപ്പണികൾക്കെല്ലാം ആഞ്ഞിലി ഉപയോഗിച്ചതും ചെലവു ചുരുക്കാനായിട്ടുണ്ട്. കോൺക്രീറ്റിങ്ങിന്റെ സമയത്തുതന്നെ പൈപ് ലൈനും ഇലക്ട്രിഫിക്കേഷൻ വർക്കുകളുടെ സ്ഥാനവും എല്ലാം നൽകിയതിനാൽ പിന്നീടൊരു കൂട്ടിച്ചേർക്കലോ പൊളിച്ചുപണിയോ ഒന്നും തന്നെ വേണ്ടിവന്നില്ല. ജനലുകൾക്കെല്ലാം പ്ലെയിൻ ഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്.
ലാളിത്യത്തിലൂന്നി
![35-lakh-house-plan-angamali-bed 35-lakh-house-plan-angamali-bed](/content/dam/mm/ml/homestyle/dream-home/images/2019/1/21/35-lakh-house-plan-angamali-bed.jpg.image.845.440.)
അനാവശ്യ അലങ്കാരങ്ങളെല്ലാം പാടെ ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് അകത്തുള്ളത്. സ്വകാര്യത കണക്കിലെടുത്തുകൊണ്ടാണ് ഇന്റീരിയർ ഡിസൈൻ. ഇവിടെ ലിവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്നതിനായി ഭിത്തിയുടെ ഒരു ഭാഗത്ത് പ്ലൈവുഡിൽ കർവ് ഡിസൈൻ പാറ്റേണുകൾ നൽകി അതിൽ ആക്രിലിക് പെയിന്റടിച്ച് ഹൈലൈറ്റ് െചയ്തിരിക്കുന്നു. ഇതു സ്വകാര്യത നൽകുന്നതിനൊപ്പം ഡിസൈൻ എലമെന്റായി വർത്തിക്കുകയും ചെയ്യുന്നു.
![35-lakh-house-plan-angamali-kitchen 35-lakh-house-plan-angamali-kitchen](/content/dam/mm/ml/homestyle/dream-home/images/2019/1/21/35-lakh-house-plan-angamali-kitchen.jpg.image.845.440.)
ഡൈനിങ്ങിനോടു ചേർന്നുതന്നെ പ്രയർ ഏരിയയ്ക്കും സ്ഥാനം കൊടുത്തു. കിടപ്പുമുറികളിലെ വാഡ്രോബ് യൂണിറ്റുകൾക്ക് പ്ലൈവുഡിൽ അക്രിലിക് ഓട്ടോ പെയിന്റും എംഡിഎഫ് വെനീർ ഫിനിഷും നൽകിയിട്ടുണ്ട്. അടുക്കളയിലെ ഷട്ടറുകൾക്ക് പ്ലൈവുഡും കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റുമാണ് കൊടുത്തിട്ടുള്ളത്. ഒരു സ്വിച്ചിട്ടാൽ വീട്ടിലെ എല്ലാ ലൈറ്റുകളും ഓണാക്കാം. ഓഫും ചെയ്യാം. എല്ലാ മുറികളിലും കയറിയിറങ്ങി സ്വിച്ച് ഇടേണ്ട ആവശ്യം വരുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.
കൃത്യമായ പ്ലാനിങ്ങും മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പുമെല്ലാം ബജറ്റിനനുസൃതമായി. കാലതാമസമില്ലാതെ പണി തീർക്കാനായതും ഈ വീടിനെ മികച്ചതാക്കുന്നു. കൊളോണിയൽ ശൈലിയിലുള്ള റൂഫിങ്‌രീതി വീടിനു മാറ്റു കൂട്ടുകയും കാലാവസ്ഥയ്ക്കനുയോജ്യമായി വർത്തിക്കുകയും ചെയ്യുന്നുണ്ട്.
ചിത്രങ്ങൾ- ഷിജോ തോമസ്
Project Facts
ക്ലൈന്റ് : ബിനു പൗലോസ്
പ്ലോട്ട് : 9 സെന്റ്
സ്ഥലം : കരയാംപറമ്പ്, അങ്കമാലി
വിസ്തീർണം : 2,400 സ്ക്വയർഫീറ്റ്
പണി പൂർത്തിയായ വർഷം : 2017
ഡിസൈൻ : അനൂപ് കെ.ജി.
ചെലവ് : 35 ലക്ഷം