വീട് എന്ന സ്വപ്നം മനസ്സിൽ കൂടുകൂട്ടുന്നതിനൊപ്പം തന്നെ സാമ്പത്തികം എന്ന വില്ലനും തലപൊക്കും. ചെലവുചുരുക്കി മനസ്സിനിണങ്ങിയതുമായൊരു വീട് മിക്കവരുടേയും സ്വപ്നമാണ്. ബജറ്റിലൊതുങ്ങുന്നതും വളരെ സ്റ്റൈലിഷായതുമായ ഒരു വീടാണ് നിങ്ങളുടെ മനസ്സിലെങ്കിൽ തോമസിന്റെയും സിമിയുടെയും വീട് മാതൃകയാക്കാം.
എട്ടുമക്കളിൽ ഇളയവനായ തോമസ് ഒരു വീടിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നതു നിറയെ സ്ഥലസൗകര്യമുള്ളതായിരിക്കണം എന്നതായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തു പോയപ്പോൾ ലാറി ബേക്കർ മോഡലിലുള്ള വീടുകൾ കാണാനിടയായി. അങ്ങനെ തന്റെ വീടും ഈയൊരു രീതിയിൽ ആക്കിയാൽ കൊള്ളാമെന്ന് തോമസ് ചിന്തിച്ചു. ഭാര്യ സിമിയോട് ആലോചിച്ചപ്പോൾ നൂറുവട്ടം സമ്മതം. അങ്ങനെയാണ് ലാറി ബേക്കർ മോഡൽ വീട് നിർമിക്കുന്ന ക്രോസ് വേഡ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിയെ തോമസ് സമീപിക്കുന്നത്.
അങ്ങനെ എറണാകുളത്ത് ഇരുമ്പനത്തിനടുത്തായി ആറു സെന്റിൽ വീട് പണിയാരംഭിച്ചു. കൊളോണിയൽ സ്റ്റൈലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇഷ്ടിക ഉപയോഗിച്ചു വേണം നിർമാണം എന്നു സിമി പറഞ്ഞപ്പോൾ തോമസിനു താൽപര്യം വെട്ടുകല്ലായിരുന്നു. ഒടുവിൽ വീടു പണിതത് ദാ ഇങ്ങനെയും.
ധാരാളം കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന രീതിയിലാണ് വീടിന്റെ നിർമാണം. ലിവിങ് റൂമിനോടു ചേർന്നു ചെറിയൊരു നടുമുറ്റം ഒരുക്കിയിരിക്കുന്നത് കയറിവരുന്നവർക്കു മനസ്സിനു കുളിർമയേകുന്നു. തോമസിന്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു. കിച്ചണോട് ചേർന്നു തന്നെ ഡൈനിങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു.
മൂന്ന് െബഡ്റൂമാണുള്ളത്. അതിൽ ഒരെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. എല്ലാം ബാത്റൂം അറ്റാച്ഡ് മുറികളാണ്. എല്ലാ മുറികൾക്കും അനുയോജ്യമായ വിധത്തിൽ സ്റ്റോറേജ് ഏരിയ നൽകിയിട്ടുണ്ട്. ഇരുപത്തെട്ടു ലക്ഷം രൂപയാണ് ബജറ്റിട്ടിരുന്നത്. മുകളിലേക്കുള്ള പടവുകൾ തടിപാകി കൂടുതൽ മനോഹരമാക്കാൻ തോമസ് തീരുമാനിച്ചു. മാത്രമല്ല, മുകൾഭാഗം മച്ചാക്കുകയും ചെയ്തു. ഇതു ബജറ്റ് ഇരുപത്തെട്ടു ലക്ഷത്തിൽനിന്നു ഉയർത്തി.
മുകളിലായി സിറ്റൗട്ട് പോലെയുള്ള ഏരിയ അധികമാളുകൾക്ക് ഒത്തുകൂടാനായി ക്രമീകരിച്ചിരിക്കുന്നു. ഇവിടെ വേണമെങ്കിൽ നമ്മുടെ സൗകര്യാർഥം വേണ്ട അറേഞ്ച്മെന്റ്സ് നടത്തുകയും ആകാം. മുകളിൽ ടെറസിനു പകരം ഓട് പാകിയിരിക്കുകയാണ്. ഇത് വീടിനുള്ളിലെ ചൂടിന്റെ അളവു കുറയ്ക്കുന്നു.
തടിപ്പണി ഒഴിവാക്കിയാൽ ചെലവു കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, ഇവിടെ വിലകൂടിയ ടൈലുകളും ബാത്റൂമിൽ ആഡംബരം ഒട്ടും കുറയ്ക്കാതെയുള്ള പണികളും നടത്തിയിട്ടുണ്ട്. ഇതും മിതമായ രീതിയിൽ ചെയ്താൽ ഇരുപത്തെട്ടു ലക്ഷത്തിനുള്ളിൽ മനോഹരമായൊരു വീട് ആർക്കും നിർമിക്കാം.
Project Facts
ക്ലൈന്റ് : തോമസ്, സിമി
സ്ഥലം : ഇരുമ്പനം, എറണാകുളം
വിസ്തീർണം : 1750 സ്ക്വയർഫീറ്റ്
പണി പൂർത്തിയായ വർഷം : 2018
പ്ലോട്ട് : 6.25 സെന്റ്
ഡിസൈൻ : കോസ്റ്റ് ഫോർഡ്, കൊച്ചി
ചെലവ് : 28 ലക്ഷം