നല്ല കാറ്റ് കയറിയിറങ്ങുന്ന, എപ്പോഴും വെളിച്ചമുള്ള, തണുപ്പുള്ളൊരു വീട്, കേൾക്കുമ്പോൾത്തന്നെ ഒരു സുഖം അല്ലേ. എങ്കിൽ ഐടി പ്രഫഷനലായ സന്ദീപിന്റെ ഭവനം അതുപോലെ ഒന്നാണ്. രണ്ടു നിലയിലായി അധിക ആർഭാടങ്ങളൊന്നുമില്ലാത്ത എന്നാൽ അതിമനോഹരവുമായ ഈ വീട് തന്റെ സ്വപ്നമായിരുന്നുവെന്നു സന്ദീപ്.
എടപ്പാളിൽനിന്നു മെട്രോ സിറ്റിയായ കൊച്ചിയിൽ ജോലിക്കായി എത്തിയ സന്ദീപിനും കുടുംബത്തിനും സ്വന്തമായൊരു വീടു നിർമിക്കാനുള്ള മോഹം ഉണ്ടായതും തീരുമാനമെടുത്തതും എല്ലാം പെട്ടെന്നായിരുന്നു.
എറണാകുളത്ത് ഇൻഫോ പാർക്കിലാണ് സന്ദീപിനു ജോലി. അതുകൊണ്ടുതന്നെ അതിനടുത്തായിട്ടു വേണം വീട് എന്നു തീരുമാനിച്ചു. അങ്ങനെ കാക്കനാടിനടുത്ത് തൃപ്പൂണിത്തുറ ഇരുമ്പനത്ത് ആറു സെന്റ് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചു.
സന്ദീപിന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും നല്ല കാറ്റും വെളിച്ചവും വീടിനുള്ളിൽ ഉണ്ടാകണമെന്നത്. അതുകൊണ്ട് ലാറി ബേക്കർ സ്റ്റൈൽ നിർമാണം തിരഞ്ഞെടുത്തു.
മണ്ണ്, മണൽ, എംസാൻഡ്, കുമ്മായം, ഉമി, കുറച്ചു സിമന്റ് എന്നിവയുടെ മിശ്രിതം ആണ് അകത്തു ഭിത്തിയിൽ ചെയ്തിരിക്കുന്നത്. ഇതു നേരത്തേതന്നെ ചെയ്തിടുന്നു. അതിനുശേഷം മറ്റു മരപ്പണികൾ, ഇന്റീരിയർ വർക്സ് എന്നിവ ചെയ്തതിനുശേഷം അവസാനം ഒന്നുകൂടി ഈ മിശ്രിതം കൊണ്ടു ഭിത്തി പോളിഷ് ചെയ്യും. പുറംഭാഗം തേക്കാതെയാണു പണികഴിപ്പിച്ചിരിക്കുന്നത്.
നടുമുറ്റവും ഓപ്പൺ കിച്ചണും വീടിനു കൂടുതൽ എടുപ്പു നൽകുന്നു. കിച്ചണും ഡൈനിങ്ങും ഒരു പ്രത്യേക രീതിയിൽ ഒരുമിച്ചു ക്രമീകരിച്ചിരിക്കുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താഴെ ഒരു മുറിയും മുകളിൽ രണ്ടു മുറികളുമാണുള്ളത്. മാത്രമല്ല, മുറികളുടെ ഇടയിലായി സിറ്റൗട്ട് പോലെ ഒരു ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടം മുളകൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഒരു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല എന്നുവേണം പറയാൻ. എല്ലായിടത്തും സ്റ്റോറേജ് ഏരിയയും ഇരിക്കാനുള്ള ഇടവുമൊക്കെയായി മാറ്റിയിട്ടുണ്ട്.
നടുമുറ്റത്തിനു ചുറ്റുമായിട്ടാണ് വീടിന്റെ നിർമാണം. ജനലുകൾ എല്ലാംതന്നെ തടികൊണ്ടു നിർമിച്ചിരിക്കുന്നു. മുപ്പത്തിനാലു ലക്ഷം രൂപയാണ് ഈ വീടിന്റെ എസ്റ്റിമേറ്റ് ബജറ്റ്.
ചിത്രങ്ങൾ: ഗിരീഷ് ഗോപി
Project Facts
സ്ഥലം : ഇരുമ്പനം, എറണാകുളം
വിസ്തീർണം : 1700 സ്ക്വയർഫീറ്റ്
പണി പൂർത്തിയായ വർഷം : 2017
പ്ലോട്ട് : 6 സെന്റ്
ക്ലൈന്റ് : സന്ദീപ്
ഡിസൈൻ : കോസ്റ്റ് ഫോർഡ്, കൊച്ചി
ചെലവ് : 34 ലക്ഷം