പുഴയുടെ ഭംഗി നുകരുന്ന വീട്

എറണാകുളം ജില്ലയിലെ പറവൂരിലാണ് ജോർജ് ജോസഫിന്റെ വീട്. പുഴയുടെ സമീപമുള്ള വസതിയാണ്. ഒരേക്കറിൽ വിശാലമായി കിടക്കുകയാണ് പ്ലോട്ട്. അതിനാൽ ഇരുവശങ്ങളിലും എലവേഷന് പ്രാധാന്യം നൽകിയിട്ടുണ്ട്.

വിശാലതയാണ് വീടിനകത്തും അനുഭവവേദ്യമാവുക. 5000 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ബോക്സ് ആകൃതിയിലാണ് എലവേഷൻ. പുറംഭിത്തികളിൽ സ്‌റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. മുറ്റം നാച്ചുറൽ സ്‌റ്റോൺ വിരിച്ചു ഭംഗിയാക്കി.

ഗ്ലാസ് ജാലകങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. വീടിന്റെ ഓരോ കോണിലിരുന്നും പുഴയുടെ കാഴ്ചകൾ ആസ്വദിക്കാൻ ഇത് സഹായിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. വെനീർ+ തടി ഫിനിഷിലാണ് ഫർണിഷിങ്.

ഫാമിലി ലിവിങ്, ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഊണുമുറിക്ക് പുറത്തേക്ക് സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെയിരുന്ന് പുഴയുടെ കാഴ്ചകൾ കണ്ടു ഭക്ഷണം കഴിക്കാം. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. നാനോവൈറ്റ് കൊണ്ടാണ് ഊണുമേശ ഒരുക്കിയിരിക്കുന്നത്. 

ഡബിൾ ഹൈറ്റിൽ കോർട്യാർഡ് ഒരുക്കിയിട്ടുണ്ട്. സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം അകത്തേക്കെത്തുന്നു. നിലത്തു സിന്തറ്റിക്ക് ടർഫ് വിരിച്ചു.

തടിയും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നൽകിയത്. ഗോവണി കയറി മുകളിൽ എത്തുമ്പോൾ ലിവിങ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്. ഇവിടെ ടിവി യൂണിറ്റ് നൽകി.

സ്‌റ്റോറേജിനു പ്രാധാന്യം നൽകിയാണ് അഞ്ചു കിടപ്പുമുറികളും. പുഴയുടെ കാഴ്ചകളിലേക്ക് അഭിമുഖീകരിക്കുംവിധം ബാൽക്കണികളും കിടപ്പുമുറികൾക്ക് നൽകിയിട്ടുണ്ട്. മോഡേൺ സംവിധാനങ്ങൾ അടുക്കളയിൽ നൽകിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. 20 കിലോവാട്ട് സോളർ പാനലുകൾ വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നു. സെൻട്രലൈസ്ഡ് എസി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുഴയോടുചേർന്നു ഗസീബോ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകൾ ഇവിടെയാണ്. രാത്രിയിൽ വിളക്കുകൾ കൂടി കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

Project Facts

Location- Paravur, Ernakulam

Area- 5000 SFT

Plot- 1 acre

Owner- George Joseph

Architect- Albin Paul

Be_Studio, Kakkanad

Mob- 9846979960