യുഎഇയിലെ ഉമ്മുൽക്വെയിനിൽ ജോലി ചെയ്യുന്ന കാലം. ജോർജ് പിക്കപ്പ് ഓടിക്കുമ്പോൾ മറിഞ്ഞ് ഒരാൾക്കു പരുക്കേറ്റു. അവിടത്തെ നിയമനുസരിച്ച് 7 ദിവസം ജോർജ് ജയിലിലായി.
ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥനായ അറബി, ജയിലിന്റെ മുന്നിൽ നിൽക്കുമ്പോൾ അതാ ജോർജ് പതിയെ ഒരു വാഹനത്തിനടുത്തേക്കു നടക്കുന്നു. വാഹനമെടുത്ത് ഒരൊറ്റ മുങ്ങൽ!
ജയിൽച്ചാട്ടം!
അറബി വണ്ടിയെടുത്ത് പിന്നാലെ പാഞ്ഞു. പക്ഷേ, കിട്ടിയില്ല. അപ്പോഴേക്കും ജയിലിൽ നിന്നു വിവരം വന്നു. ജോർജ് ജയിലിൽ തന്നെയുണ്ട്. അറബി തിരിച്ചെത്തി.
ജോർജിനോടു ചോദിച്ചപ്പോഴാണ് വിവരമറിഞ്ഞത്.
അത് എന്റെ ഇരട്ട സഹോദരനാണ്; ജോയി. അവൻ ജാമ്യത്തിന്റെ പേപ്പറുകൾ ശരിയാക്കാൻ വന്നതാണ്.
അറബി ചിരിച്ചു; ജോർജും!.
ഇരട്ട മധുരമുള്ള ഓർമ
ഈ ‘ആൾമാറാട്ടം’ ജോർജിന്റെയും ജോയിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. ജനനം പോലും അങ്ങനെ. 1956ൽ അയ്യന്തോൾ കുരുതുകുളങ്ങര വീട്ടിൽ ഫിലോമിനയുടെ വയറ്റിലാണ് അതു തുടങ്ങിയത്. ഗർഭസ്ഥശിശുവിന്റെ സ്കാനിങ് അന്നില്ലല്ലോ. വീട്ടിലായിരുന്നു പ്രസവം. ആദ്യം ഒരു കുഞ്ഞ് പുറത്തുവന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും പ്രസവ വേദന. ദേ ഒരു കുഞ്ഞുകൂടി.
ഇവനല്ലേ, ആദ്യം പുറത്തുവന്നത്? എന്ന് ആർക്കും തോന്നിപ്പോകുന്ന സാമ്യം.
അന്നു തുടങ്ങിയതാണ് ഈ കൺഫ്യൂഷൻ!
62 വർഷത്തെ ജീവിതത്തിലും കൈവിടാത്തത്.
ഇരട്ട മധുരമുള്ള മിഠായി
അയ്യന്തോൾ ഗവ ഹൈസ്കൂളിലേക്ക് ഒരുമിച്ചാണ് പോക്ക്. വഴിക്ക് കടയിൽ നിന്നു മിഠായി വാങ്ങും. പൈസ പിന്നെത്തരാമെന്നു പറഞ്ഞാലും മിഠായി കിട്ടും. തിരിച്ചു വരുമ്പോൾ കടക്കാരനു കൺഫ്യൂഷൻ. ങേ, ഇതിലാരാ രാവിലെ മിഠായി കടം വാങ്ങിയത്?
അന്നത്തെ കുസൃതിയിൽ കടക്കാരനെ ഇങ്ങനെ പറ്റിക്കാറുമുണ്ടായിരുന്നു.
ഇതേ സ്കൂളിൽ പത്താംക്ലാസ് വരെ ഒരുമിച്ചിരുന്നാണ് ഇരുവരും പഠിച്ചത്. പിന്നെ തൃശിനാപ്പിള്ളി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ രാത്രി ക്ലാസിൽ ഒരുമിച്ചു പോയി പഠനം.
ഇരട്ട മധുരമുള്ള ജോലി
കപ്പൽകയറി ദുബായിൽ ജോലിക്കു പോയപ്പോൾ മാത്രം യാത്ര രണ്ടു കപ്പലിലായി. പക്ഷേ, ചെന്നിറങ്ങിയപ്പോൾ ജോലി ഒരേ ഫീൽഡിൽ. പോർട്ട്, ബോട്ട് ജെട്ടി ഇവയുടെ നിർമാണം നടത്തുന്ന ആർച്ചി റോഡൻ ഗ്രീക്ക് കമ്പനി, നാച്ചുറൽ പെട്രോളിയം കൺസ്ട്രക്‌ഷൻ കമ്പനിയിലൊക്കെ ഇരുവരും ജോലി ചെയ്തു. അൽ റാഫാ ഹെവി ഡ്യൂട്ടി മെഷിനറി കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഇരുവരും താമസം വരെ ഒരുമിച്ചായിരുന്നു. രണ്ടു കമ്പനിയിലിരിക്കെ ഷാർജ പവർ ഹൗസ് നിർമാണത്തിൽ ഇരുവരും ഒരുമിച്ചു ജോലി ചെയ്തു.
ഇരട്ട മധുരമുള്ള വിവാഹം
1986 ലാണു വിവാഹം. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് പെണ്ണുകാണാൻ പോയത്. കണ്ടപ്പോഴേ കല്യാണം തീരുമാനമായി. കാരണം ജോർജിനെയും ജോയിയെയും പോലെ പെണ്ണുങ്ങളെയും കണ്ടാൽ തിരിച്ചറിയാനാവില്ല; കിഴക്കേക്കോട്ട തോട്ടാൻ വീട്ടിലെ ഇരട്ടകളായ സോണിയയും സോഫിയയും .
ജോയി സോണിയയെയും ജോർജ് സോഫിയയെയും വിവാഹം കഴിച്ചു.
ഇരട്ടമധുരം. അടുത്ത തലമുറയിലും
ഇവരുടെ അടുത്ത തലമുറയിലുമുണ്ട് ഇരട്ടകൾ. ജോയിയുടെ ഇളയമക്കൾ നിജിനും നിതിനും. നിജിൻ ഡോക്ടറാണ്. നിതിൻ ഇൻഫോസിസിൽ എൻജിനീയറും. മൂത്തമകൻ നവീൻ കാനഡയിൽ. ജോർജിനു രണ്ടു പെൺമക്കൾ നവ്യ ദന്തഡോക്ടർ, നിവ്യ ഫെഡറൽ ബാങ്കിൽ.
ഇരട്ട അത്ഭുതമായി വീട്
പ്രവാസജീവിതം കഴിഞ്ഞു മടങ്ങുമ്പോൾ പുതിയൊരു വീട് മനസ്സിലുണ്ടായിരുന്നു. അപ്പോഴും അമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങി. ഒരുമിച്ചു ജീവിക്കണം, നിങ്ങൾക്കു വളർച്ചയേയുണ്ടാകൂ.
വീടിനുവേണ്ടി സ്ഥലം രണ്ടായി മുറിക്കാൻ മനസ്സ് അനുവദിച്ചില്ല. മുംബൈയിലെ സുഹൃത്ത് ആർക്കിടെക്ടിനെ കണ്ടു. ഒരു ഇരട്ടവീട് വേണം.
ആ വീട് കാണണോ, തൃശൂർ അയ്യന്തോൾ സിവിൽ ലൈൻ പാർക്കിനരികിലെ സൗത്ത് ഇന്ത്യൻ ബാങ്ക് കെട്ടിടത്തിന്റെ പിന്നിലുണ്ട് ഇരട്ടവീട്. അതിന്റെ പ്രത്യേകതൾ പറയാം. വിരൽമടക്കി എണ്ണിക്കോളൂ.
∙ ഒറ്റ ആധാരം.
∙ നടുവിലെ ഒറ്റച്ചുമരിൽ ഇരുവശത്തേക്കും പണിത വീടുകൾ രണ്ടിനും ഒരേ രൂപം.
∙ മുകളിലെ ട്രസ് വർക്കുപോലും ഒരുപോലെ.
∙ വീടിന്റെ മുൻ വാതിലുകൾ, അതിനു മുകളിൽ വച്ചിരിക്കുന്ന ദൈവരൂപം, കോളിങ് ബെല്ല് എല്ലാം ഒരുപോലെ.
∙ വീട്ടിലെ ഫർണിച്ചർ, മറ്റു ഗൃഹോപകരണങ്ങൾ എല്ലാം ഒരേ കമ്പനി, ഒരേ ഡിസൈൻ.
∙ കാർ ഒന്നു മാത്രം.
∙ വീടുകൾക്കു കാവലിന് നായ ഒന്ന് – പേര് നിക്സ്.
∙ ഗേറ്റ് ഒന്ന്, അതിൽ പേരെഴുതിയ നെയിംബോർഡും ഒന്ന്.
∙ മാർക്കറ്റിൽ പോയാൽ ജോയിയും ജോർജും സാധനങ്ങൾ ഒരുമിച്ചു വാങ്ങും. പണം രണ്ടിലാരെങ്കിലും കൊടുക്കും.
മധുര നൊമ്പരം– ‘സൂപ്പർടാക്സ്’
ഇരട്ടവീട് വച്ചപ്പോൾ ചെറിയൊരു പ്രശ്നം. രണ്ടും ചേരുമ്പോൾ ചതുരശ്രയടി 4000 കവിഞ്ഞു. അധികൃതർ സൂപ്പർടാക്സ് ചുമത്തി. വർഷം 5000 രൂപയോളം അധികനികുതി അടയ്ക്കണം.
പോംവഴി അധികൃതർ പറഞ്ഞു: ആധാരം മുറിക്കുക.!
ഓർമകൾ പിന്നോട്ടുപോയി.
ജോയിയും ജോർജും ജനിക്കുമ്പോൾ സിവിൽലൈനിൽ വലിയ ഭൂസ്വത്ത് ആ കുടുംബത്തിനുണ്ടായിരുന്നു. അധികം വൈകാതെ റോഡിനും സർക്കാർ കെട്ടിടങ്ങൾക്കും മറ്റുമായി ഭൂമി സർക്കാർ ഏറ്റെടുത്തു. അന്നത്തെ വീടടക്കംപോയി. ഇരട്ടപിറന്നതുകൊണ്ടാണെന്നു ചിലർ കുറ്റപ്പെടുത്തി.
അതിന്റെ നൊമ്പരം നിൽക്കുമ്പോഴാണ് അമ്മ ഫിലോമിന പറഞ്ഞത്:
‘‘ മക്കളൊരുമിച്ചു തന്നെ ജീവിക്കണം.. വളർച്ചയേ ഉണ്ടാകൂ..’’.
അതോർമിച്ചപ്പോൾ ഇപ്പോഴും ഇരുവരുടെയും കണ്ണു നിറഞ്ഞു. ശരിയാണ്. ഇപ്പോൾ മക്കളെല്ലാം നല്ല നിലയിൽ. വീടിനരികിലെ ഷോപ്പിങ് കെട്ടിടമടക്കം സ്വത്തുക്കൾ
സൂപ്പർടാക്സ് ഒഴിവാക്കാൻ ആധാരം മുറിക്കാൻ പറഞ്ഞവരോട് ജോയിയും ജോർജും പറഞ്ഞു:
മുറിക്കണ്ട;
ആ സൂപ്പർടാക്സ് അങ്ങനെത്തന്നെ ഇരിക്കട്ടെ.!