കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലുള്ള അബ്ദുൽ ഖാദർ ഹാജിയുടെ റഹ്മത്ത് മഹൽ എന്ന വീട് 28 വർഷങ്ങൾക്ക് ശേഷം മകൾ Dr.റഹിഷത്ത് സബീൽ കൊളോണിയൽ ഡിസൈനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഡിസൈനർ ഷഫീക്കിനെ സമീപിക്കുന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന ഇവർക്ക് കൊളോണിയൽ ഡിസൈനോട് താൽപര്യം കൂടുതലായിരുന്നു. എലവേഷനിലെ മാറ്റം വെല്ലുവിളി ഉയർത്തുന്നതായിരുന്നു. റൂഫുകൾക്ക് ട്രസ് വർക്ക് നൽകി ഓട് വിരിച്ചു. കർവ്ഡ് ഡിസൈൻ ഫ്ലാറ്റ് ആക്കിയെടുത്തു. ജനലുകൾ വെള്ള നിറം നൽകി കൊളോണിയൽ ആകൃതിയിലേക്ക് മാറ്റിയെടുത്തു.

2007 ൽ വീട്ടിൽ മുറികൾ കൂട്ടിച്ചേർത്തിരുന്നെങ്കിലും ഇടങ്ങൾ തമ്മിൽ പരസ്പരബന്ധം ഇല്ലാത്ത അവസ്ഥയായിരുന്നു. ഈ കുറവ് പരിഹരിക്കലായിരുന്നു പ്രധാന ചാലഞ്ച്. മരവുമായി ബന്ധപ്പെടുത്തിയുള്ള ബിസിനസ് നടത്തിയിരുന്ന അബ്ദുൽ ഖാദർ ഹാജി ധാരാളം മരം പഴയ വീടിന്റെ പല ഭാഗങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നു. അവയെല്ലാം പുനരുപയോഗിച്ചുകൊണ്ടുള്ള ഡിസൈനാണ് സ്വീകരിച്ചത്.

വാതിൽ തുറന്ന് എത്തുന്നത് ഫോയറിലേക്കാണ്. ഫോയർ ഏരിയ ഒന്ന് മുഖം മിനുക്കിയെടുക്കുന്നതിനായി സ്വീകരണമുറിയും ഫോയറുമായി ബന്ധിപ്പിച്ച് ഒരു പാർട്ടീഷൻ ഡിസൈൻ നൽകി. പ്രധാനവാതിൽ തുറക്കുമ്പോൾ തന്നെ കാണുന്ന ഈ ഡിസൈൻ വീടിന് ഒരു പുതിയ ഭാവം നൽകി. സ്ക്വയർ പൈപ്പും റബ്‌വുഡും ഉപയോഗിച്ചായിരുന്നു ഫർണിഷിങ്.

സ്വീകരണമുറിയിൽ വളരെ വിശാലമായ ഒരു സോഫയാണ് നൽകിയത്. വലിയ കുടുംബം ആയതുകൊണ്ട് ഇതവർക്ക് ഉപയോഗപ്രദമായി. സീലിങ്ങിൽ മിനിമലിസ്റ്റിക്കായ ഡിസൈനാണ് നൽകിയത്. ചുവരുകൾക്ക് ടെക്സ്ചർ ഫിനിഷ് നൽകി.

സ്വീകരണമുറിയുടെ വശത്തായി ഒരു കോർട്ട്യാർഡ് ക്രമീകരിച്ചു. അതിനോടുചേർന്നുതന്നെ നിസ്കാര മുറിയും ഉണ്ട്. ഊണുമേശയുടെ ഒരുഭാഗത്ത് ബെഞ്ചും മറുവശത്ത് കസേരകളും നൽകി.

ഒട്ടും സൗകര്യമില്ലാതെ വീർപ്പുമുട്ടിയ അവസ്ഥയിലായിരുന്നു മുൻപത്തെ അടുക്കള. കുറച്ചു ഭാഗങ്ങൾ പൊളിച്ച് മാറ്റി അതിനെ വലിയ അടുക്കളയാക്കി മാറ്റി എടുത്തു. മുൻവശത്തെ ഡൈനിങ് ഹാളിൽനിന്നും ഓപ്പണിങ് നൽകി കിച്ചണും ഡൈനിങ്ങും പരസ്പരം ബന്ധിപ്പിച്ചു. മറൈൻ പ്ലൈ+ പിയു ഫിനിഷിലാണ് അടുക്കളയുടെ ഫർണിഷിങ്.


ഇടച്ചുവരുകൾ കൂട്ടിയെടുത്ത് കിടപ്പുമുറികൾ വിശാലമാക്കി. മുകളിലത്തെ ഹാളിൽ ഉണ്ടായിരുന്ന പഴയ മേശയും കസേരയും പോളിഷ് ചെയ്തു പുതുക്കിയെടുത്തു. ഇവിടെ ജിപ്സം സിലിങ്ങിൽ കോവ് ലൈറ്റ് കൊടുത്ത് ഭംഗിയാക്കി. അങ്ങനെ വീടിന്റെ എല്ലാ ഭാഗത്തും മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചു.

വീടിന്റെ പണി പൂർത്തിയായപ്പോൾ വീട്ടുകാർ ആഗ്രഹിച്ച പോലെ അകത്തളങ്ങളിൽ പരസ്പരബന്ധം കൊണ്ടുവരാനായി. വിശാലത കൈവന്നു. ക്രോസ് വെന്റിലേഷൻ സുഗമമായി.

മാറ്റങ്ങൾ
- പഴയ സ്വീകരണമുറിയോടു കൂടെ പഴയ കിടപ്പുമുറി കൂട്ടിച്ചേർത്തു വിശാലമാക്കി
- പഴയ ഫ്ളോറിങ് മാറ്റി മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകൾ നൽകി
- സിറ്റ്ഔട്ടിലെ കൈവരികൾ കൊളോണിയൽ ശൈലിയിലേക്ക് മാറ്റിയെടുത്തു.
- അറ്റാച്ഡ് ബാത്റൂമുകൾ നൽകി
- അടുക്കള ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു
- മുറ്റത്തുള്ള കിണറിനു ചുറ്റും വെർട്ടിക്കൽ ഗാർഡൻ നൽകി.

Project Facts
Location- Chakkarakkallu, Kannur
Owner- Dr. Rahishath Sabeel
Designer- Shafique MK
Daya woods, Manjeri
Mob:9745220422