'ലോകത്തെ അദ്ഭുതപ്പെടുത്തിയ ബംഗാളി', ഇതാണ് ആ ചിത്രത്തിന്റെ സത്യം!

ബംഗാളി പണിത അദ്ഭുതമെന്ന പേരില്‍ ഒരു വീടിന്റെ വാതില്‍ മറയ്ക്കുന്ന കോണിപ്പടിയുടെ ചിത്രം സമൂഹമാധ്യമത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 'ലോകത്തെ അദ്ഭുതപ്പെടുത്തിയ ബംഗാളി' എന്ന പേരിലാണ് ചിത്രം സമൂഹമാധ്യമത്തിൽ ചിരിപടര്‍ത്തിയത്. ഒരു മുറിയുടെ വാതില്‍ പാതിയോളം അടയ്ക്കുന്ന രീതിയിലാണ് ചിത്രത്തില്‍ സ്റ്റെയർകെയ്സ് പണിതിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. കേരളത്തിലെവിടെയോ നടന്ന സംഭവമെന്ന മട്ടിലാണ് ചിത്രം ആദ്യം പുറത്തുവന്നത്. എന്നാല്‍ വെറുമൊരു ചിത്രം വെച്ചുമാത്രം എന്തിന് ബംഗാളികളെ കുറ്റംപറയുന്നു എന്നൊരു ചോദ്യവും ഇതോടെ പലരും ഉയര്‍ത്തി. സത്യത്തില്‍ എന്തായിരുന്നു ആ സംഭവമെന്ന് അറിയാമോ ?

ഈ ചിത്രം നോക്കി  ബംഗാളിയെയോ പണിക്കാരെയോ കുറ്റം പറയേണ്ട എന്നതാണ് വാസ്തവം. കാരണം, പണിനടന്നു കൊണ്ടിരിക്കുന്ന ഒരു വീടിനുള്ളിലെ ചിത്രമായിരുന്നു അത്. ഇന്നത്തെ കാലത്ത് വീടുപണിക്കിടയിൽ പ്ലാനുകള്‍ മാറിമറിയുന്നതും പാതിപണി പൂര്‍ത്തിയായ വീടുകളുടെ പ്ലാനുകള്‍ പോലും മാറ്റി വരയ്ക്കപ്പെടുന്നതും സാധാരണമാണ്. അല്ലെങ്കില്‍തന്നെ ഇങ്ങനെയൊരു നിർമാണം നടന്നാല്‍ അത് പൂര്‍ത്തിയാകും വരെ സൈറ്റ്‌‌ സൂപ്പർവൈസറോ, എൻജിനീയറോ എന്തിനു കെട്ടിട ഉടമസ്ഥന്‍ എങ്കിലും ഇത് ശ്രദ്ധിക്കാതെ പോകുമോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. 

ഒന്നുകിൽ വാതിലിന്റെ സ്ഥാനം മാറ്റാന്‍ തീരുമാനിച്ച ശേഷമാകണം ആ ചിത്രമെടുത്തിരിക്കുന്നത്,  അല്ലെങ്കില്‍ വാതില്‍ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷമാകാം. ഇങ്ങനെ ഒരുപാട് കാരണങ്ങള്‍ ഈ ചിത്രത്തിന് പിന്നിലുണ്ടാകാം എന്നാണ് ഒരുവിഭാഗത്തിന്റെ മറുവാദം. ഇത് ശരിയാകാനാണ് സാധ്യത. കാരണം ചിത്രം പ്രചരിച്ചതോടെ വീടിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എത്തിക്കഴിഞ്ഞു.  അതില്‍ വാതിലിന്റെ സ്ഥാനം മാറ്റിയിരിക്കുന്നത് വ്യക്തമാണ്. ചുരുക്കത്തിൽ എന്തോ പ്ലാന്‍ മാറ്റത്തിനു തൊട്ടുമുന്‍പാണ് ആ ചിത്രമെടുത്തതെന്ന് സാരം.