പഴയ വീട്

50 വർഷം പഴക്കമുള്ള തന്റെ വീടിനെ, ആരും കൊതിക്കുന്ന രീതിയിൽ മാറ്റിയെടുത്തിരിക്കുകയാണ് ടിനു പുല്ലമ്പള്ളിൽ എന്ന റാന്നി സ്വദേശി. പ്രവാസിയായ ടിനുവിനും കുടുംബത്തിനും തറവാടിനോടുള്ള വൈകാരികമായ അടുപ്പമാണ് വീട് പൊളിച്ചു കളയാതെ വീണ്ടും പുതുക്കിപ്പണിയാൻ പ്രേരിപ്പിച്ചത്. ഇതു മൂന്നാം തവണയാണ് വീട് പുതുക്കിപ്പണിയുന്നത്. മുപ്പതു വർഷം മുൻപാണ് അവസാനമായി മുഖം മിനുക്കിയത്. 

അമ്പതു വർഷം മുൻപ് വീടിന്റെ പിൻഭാഗത്ത് റോഡില്ലായിരുന്നു. ഇപ്പോൾ പ്രധാന റോഡ് പിൻഭാഗത്തുകൂടെയായി. റോഡിന് പുറം തിരിഞ്ഞു നിന്നിരുന്ന വീടിന്റെ എലവേഷൻ റോഡിന് അഭിമുഖമാക്കിയതാണ് മുഖംമിനുക്കലിലെ ഹൈലൈറ്റ്. കാലപ്പഴക്കം മൂലം ചോർച്ച ഉണ്ടായിരുന്നു. ഇതു പ്രതിരോധിക്കാനായി ട്രസ് ചെയ്തു. ജിഐ പൈപ്പ് കൊണ്ടു ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതിലൂടെ വീടിന്റെ പുറംകാഴ്ച കൂടുതൽ ആകർഷകമായി. 

മൂന്നു കിടപ്പുമുറികൾ, ഹാൾ, സിറ്റൗട്ട്, പോർച്ച് എന്നിവ കൂട്ടിച്ചേർത്തതാണ് അകത്തളത്തിലെ പ്രധാന മാറ്റം. ഇതോടെ 3000 ചതുരശ്രയടിയിലേക്ക് വിസ്തീർണം വികസിച്ചു. പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇപ്പോഴുള്ള സൗകര്യങ്ങൾ. വീടിന്റെ പുതിയ മുഖം രൂപകൽപന ചെയ്തത് ആശിഷ് ജോൺ മാത്യു (Asquare Architects) ആണ്.

മാറ്റങ്ങൾ

  • ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞു ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു.
  • ഓപ്പൺ കോൺഡ്യൂട്ട് വയറിങ് മുഴുവൻ കൺസീൽഡ് ശൈലിയിലേക്കു മാറ്റി.
  • റെഡ് ഓക്സൈഡ് ഫ്ളോറിങ് മാറ്റി വിട്രിഫൈഡ് ടൈൽ വിരിച്ചു.
  • കിടപ്പുമുറികളിൽ വാഡ്രോബുകൾ കൂട്ടിച്ചേർത്തു.
  • അടുക്കള പരിഷ്കരിച്ചു മോഡുലാർ ശൈലിയിലേക്ക് മാറ്റിയെടുത്തു.
  • പഴയ അടുക്കളയിലെ തടി പുനരുപയോഗിച്ചു വർക്കേരിയ ഫർണിഷ് ചെയ്തു.

ഇടങ്ങൾ തുറസായ ശൈലിയിലേക്ക് മാറിയപ്പോൾ തന്നെ സ്ഥലപരിമിതിയും വെളിച്ചക്കുറവും പരിഹരിക്കപ്പെട്ടു. ഒപ്പം ക്രോസ് വെന്റിലേഷനും സുഗമമായി. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു. റീസ്ട്രക്ചറിങ്ങും ഫർണിഷിങ്ങും സഹിതം മുപ്പതുലക്ഷം രൂപയാണ് ചെലവായത്.

Project Facts

Location- Ranni, Pathanamthitta

Area- 3000 SFT

Owner- Tinu

Designer- Ashish John Mathew

Asquare Architects

Mob- 97446 48679