മനസ്സിനെ തൊട്ടുണർത്തും, കൗതുകങ്ങൾ ഒളിപ്പിച്ച ഈ വീട്
തൃശൂർ ജില്ലയിലെ പുത്തൻചിറയിലാണ് ബിസിനസ് ദമ്പതികളായ ജോജിന്റെയും റോഷ്നിയുടെയും വീട്. ഒരു സത്യൻ അന്തിക്കാട് സിനിമയിലെ പോലെ മനോഹരമായ ഭൂപ്രദേശം. പച്ചപ്പട്ടുടുത്ത നെൽവയലുകൾക്കിടയിലൂടെയുള്ള പാത അവസാനിക്കുന്നത് ചുറ്റുപാടിനോട് ഇഴുകിച്ചേർന്നു സ്വച്ഛസുന്ദരമായി നിലകൊള്ളുന്ന ഒരു വീടിനുമുന്നിലാണ്.
വീടിനോളം പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയാണ് നിർമാണം. പുൽത്തകിടിയും കുറ്റിച്ചെടികളും മരങ്ങളും നടപ്പാതയുമെല്ലാം വീടിനു അകമ്പടി സേവിക്കുന്നു. മരങ്ങൾ കഴിവതും സംരക്ഷിച്ചു, സ്വാഭാവിക ഭൂപ്രകൃതി നിലനിർത്തിയാണ് വീടും ചുറ്റുപാടുമൊരുക്കിയത്. ആർക്കിടെക്ട് എം.എം. ജോസ് (മൈന്‍ഡ്സ്കേപ് ആർക്കിടെക്ട്സ്) ആണ് ഈ വീടിന്റെ ശിൽപി. വീടിന്റെ മുഴുവൻ ക്രെഡിറ്റും വീട്ടുകാർ നൽകുന്നതും അദ്ദേഹത്തിനാണ്.
പല തട്ടുകളായി ഒരുക്കിയ ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിൽ വീടിനെ അടയാളപ്പെടുത്തുന്നത്. ഇറക്കുമതി ചെയ്ത റൂഫ് ടൈലുകളാണ് വീടിന്റെ തലപ്പാവായി വർത്തിക്കുന്നത്. 4000 ചതുരശ്രയടിയിൽ പോർച്ച്, വരാന്ത, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്‌യാർഡ്, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുറത്തെ സ്വച്ഛത ആവാഹിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കടുംനിറങ്ങളുടെ ധാരാളിത്തമില്ല. ഒഴുകിനടക്കുന്ന ഇടങ്ങളാണ് അകത്തളങ്ങളെ അടയാളപ്പെടുത്തുന്നത്. ഓപ്പൺ ശൈലിയിൽ ഇടങ്ങൾ ക്രമീകരിച്ചത് വിശാലതയ്‌ക്കൊപ്പം മികച്ച ക്രോസ് വെന്റിലേഷനും പ്രദാനം ചെയ്യുന്നു.
ഫോർമൽ, ഫാമിലി ലിവിങ് എന്നിവ തുറക്കുന്നത് പുറത്തെ ഗാർഡനിലേക്കാണ്. ഇന്റീരിയർ തീമിനോടു ഇഴുകിചേരുംവിധം പ്രത്യേകമായി രൂപകൽപന ചെയ്തവയാണ് ഫർണിച്ചറുകൾ. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ടൈലുകളും ഉപയോഗിച്ചിട്ടുണ്ട്. തേക്കും വെനീറുമാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീലും വുഡും കൊണ്ടുനിർമിച്ച അലങ്കാരപ്പണികളും വീടിനുള്ളിൽ കാണാം.
കോർട്‍യാർഡാണ് മറ്റൊരു ആകർഷണം. താഴത്തെ നിലയിൽ വീടിന്റെ ഒരു ഫോക്കൽ പോയിന്റായി ഇവിടം വർത്തിക്കുന്നു. മിക്ക ഇടങ്ങളിൽ നിന്നും കോർട്‍യാർഡിലേക്ക് കാഴ്ചയെത്തുന്നു.
മാസ്റ്റർ ബെഡ്റൂം താഴെ ക്രമീകരിച്ചു. ബാക്കിയുള്ള മൂന്നു കിടപ്പുമുറികളും മുകളിലാണ്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ മുറികളിൽ നൽകിയിരിക്കുന്നു. പാൻട്രി ശൈലിയിലുള്ള ഓപ്പൺ കിച്ചനാണ് ക്രമീകരിച്ചത്.
ടെറസിലാണ് വീട്ടിലെ സർപ്രൈസുകൾ എല്ലാം ഒരുക്കിയിരിക്കുന്നത്. ഗസീബോ, പൂൾ, പാർട്ടി ഏരിയ എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. വീട്ടിൽ ഒത്തുചേരലുകൾ സംഘടിപ്പിക്കുമ്പോൾ ഇവിടം കലപില കൊണ്ട് സജീവമാകും. തീർന്നിട്ടില്ല, വീട്ടിലെ ഏറ്റവും കൗതുകമുള്ള ഇടം മുകൾനിലയിൽ നൽകിയിരിക്കുന്ന ഓപൻ ബാത്റൂം ആണ്. തികച്ചും സ്വകാര്യതയോടെ ആകാശം നോക്കി കുളി പാസാക്കാം!
ചുരുക്കത്തിൽ വീട്ടിലേക്ക് തിരികെ എത്തുമ്പോൾ തന്നെ മനസ്സിന് അളവില്ലാത്ത സ്വസ്ഥതയും സന്തോഷവും കൈവരുമെന്നു വീട്ടുകാരും സാക്ഷിക്കുന്നു.
Project Facts
Location: Puthenchira, Thrissur
Area- 4000 SFT
Owner- Jojin, Roshni
Architect: MM Jose
Mindscape Architects, Pala