കൊടുംചൂടിലും വിയർക്കില്ല, ഇതു മനസ്സും ജീവനുമുള്ള വീട്!
കേരളത്തിൽ ഇന്നു പണിയുന്ന 95% വീടുകളും അടുത്ത നൂറുവർഷത്തേക്ക് നിലനിൽക്കില്ല എന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അപ്പോൾ പിന്നെ എന്തിനാണ് കോൺക്രീറ്റ് കാടുകളിൽ ഉരുകി ചെറിയ ആയുസ്സ് ഹോമിക്കുന്നത്. ഈ ചിന്തയിൽ നിന്നാണ് ഡോ. അച്യുത് ശങ്കറിന്റെ മൺവീടിന്റെ ജനനം. തിരുവനന്തപുരം കാര്യവട്ടത്ത് പ്രകൃതിയുമായി ഇഴുകിച്ചേർക്കാൻ വെമ്പി നിൽക്കുകയാണ് മനോഹരമായ ഇരുനില വീട്. വീടിനകത്തേക്ക് കയറുമ്പോൾ തന്നെ തണുപ്പിന്റെ കമ്പളം കൊണ്ട് ആരോ കെട്ടിപ്പിടിച്ചതു പോലെ തോന്നും. നട്ടുച്ചയ്ക്കുപോലും ഇളംതണുപ്പിന്റെ ആശ്ലേഷം അനുഭവവേദ്യമാകും.
പല തലമുറകൾക്കു വേണ്ടി വീടുനിർമിച്ചിടുന്നതാണ് പൊതുവെ മലയാളിയുടെ ശൈലി. എന്നാൽ പുതുതലമുറ വരുമ്പോൾ അവരുടെ ഇഷ്ടങ്ങളും അഭിരുചികളും വ്യത്യസ്തമായിരിക്കും. അപ്പോൾ അവരുടെ വീടിനെ അവർ സ്വയം കണ്ടെത്തട്ടെ...അതല്ലേ ശരി...ഒരർഥത്തിൽ പറഞ്ഞാൽ വീടുകൾക്കും ജീവനുണ്ട്. അതുപോലെ ആയുസ്സും. ഗൃഹനാഥൻ ചോദിക്കുന്നു.
ഭൂമിജ ക്രിയേഷൻസിലെ ആർക്കിടെക്ട് ഗുരുപ്രസാദ് റാണെയും ഡിസൈനർ മാനസിയുമാണ് ഈ മൺവീടിന്റെ ശിൽപികൾ. തടിപ്പെട്ടികളിൽ മണ്ണ് കുഴമ്പുപരുവത്തിൽ ഇടിച്ചുറപ്പിച്ച് ചുവരുകൾ നിർമിക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് വീടു നിർമിച്ചിരിക്കുന്നത്.
1800 ചതുരശ്രയടിയിൽ വിശാലമായ സ്വീകരണമുറി, ഊണുമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള എന്നിവ ഒരുക്കിയിരിക്കുന്നു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഗായകൻ കൂടിയായ ഗൃഹനാഥന് ചെറിയ സംഗീതസന്ധ്യകൾ ഒരുക്കാൻ പാകത്തിലാണ് വിശാലമായ സ്വീകരണമുറി. അടുക്കളയോടുചേർന്നു കിണറും അടുക്കളത്തോട്ടവും ഒരുക്കി.
മൺചുവരുകളുടെ തുടർച്ചയെന്നോണം മൺടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിഷിങ്ങിൽ പഴയ തടി പുനരുപയോഗിച്ചിട്ടുമുണ്ട്. മേൽക്കൂര ഉയർത്തിപ്പണിതു ഇവിടെ ഇരുനില വീടിന്റെ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.
ഈ ലോകത്തിലെ നിയോഗം പൂർത്തിയാക്കിക്കഴിയുമ്പോൾ ഈ വീടും മണ്ണിലേക്ക് അലിഞ്ഞുചേരും. ശരിക്കും ഒരു മനുഷ്യനെ പോലെ...
ശിൽപികൾ സംസാരിക്കുന്നു...
നിർമാണസാമഗ്രികൾ കണ്ടെത്തിയത്...
വീട്ടുവളപ്പിൽ നിന്നുതന്നെ നിർമാണത്തിനാവശ്യമായ മണ്ണ് കണ്ടെത്താം. മേൽത്തട്ടിൽ നിന്നും രണ്ടടി താഴെയുള്ള മണ്ണാണ് അനുയോജ്യം. എങ്കിലും പാടം, ചതുപ്പ് പ്രദേശങ്ങളിൽ മണ്ണ് ഇതിന് അനുയോജ്യമല്ല.
കാലയളവ്...
മൺവീടുകൾക്ക് തനതായ ഉറപ്പും ഈടുമുണ്ട്. കുമ്മായം ഒരുപരിധി വരെ ചിതലിനെയും പൂപ്പലിനെയും പ്രതിരോധിക്കും. എങ്കിലും ചുവരുകൾ കിട്ടുന്നതിന് മുൻപ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്‌മെന്റ് ചെയ്യാറുണ്ട്. ഒരു മനുഷ്യായുസ്സ് വരെ ഇത്തരം വീടുകൾ ഉറപ്പോടെ നിലനിൽക്കും.
ചെലവ്...
വിസ്തീർണം, മണ്ണിന്റെ ഗുണമേന്മ, നിർമാണത്തൊഴിലാളികൾ, കാലദൈർഘ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചു നിർമാണച്ചെലവ് വ്യത്യാസപ്പെടാം.
Project Facts
Location- Karyavattom, Trivandrum
Area- 1800 SFT
Owner- Dr. Achyuth Sankar
Designers- Guruprasad Rane, Manasi
Bhoomija Creations, Pattambi
Mob- 9895353291, 9895943158