കേരളത്തനിമയും വാസ്തുവും; ഇഷ്ടമാകും ഈ വീട്
പൂർണമായും വാസ്തുവിദ്യയെ അടിസ്ഥാനമാക്കി കേരളീയ ശൈലിയിൽ പണികഴിപ്പിച്ച ഒരു നാലുകെട്ട് വീടാണ്. ഇതിന്റെ വിശാലമായ പറമ്പ് ഒന്നരയേക്കർ വിസ്തീർണമുള്ളതാണ്. അതിന്റെ ഏറ്റവും പുറകിലായി നല്ല വിശാലമായ മുറ്റം കിട്ടത്തക്ക രീതിയിലാണ് വീടിന്റെ സ്ഥാനം. വടക്കു മുഖമായി പണികഴിപ്പിച്ച ഈ വീടിനു മൊത്തം 4015 ചതുരശ്രഅടി വിസ്‌തൃതിയുണ്ട്.
ആദ്യമായി റോഡിൽനിന്ന് വീട്ടിലേക്ക് ഒരു പടിപ്പുരയും, അതിന്റെ വടക്കു പടിഞ്ഞാറായി കാർ പോർച്ചിലേക്കുള്ള മെയിൻ ഗേറ്റും ഉണ്ട്. നീളൻ വരാന്തയും അതിനുള്ളിലുള്ള തൂണുകളും പഴമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കൊത്തുപണികളും ചെയ്തു ഭംഗിയാക്കിയിരിക്കുന്നു.
വരാന്തയോട് ചേർന്ന് ഒരു പൂമുഖം, അതിൽ മനോഹരമായി തേക്കിൽ തീർത്ത ചാരുപടിയും, ഈ പൂമുഖത്തിന് ഇരുവശത്തുമായി കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇറങ്ങാനുള്ള കരിങ്കല്ലിൽ തീർത്ത സോപാനവും ഉണ്ട്. വരാന്തയിൽനിന്നും സ്വീകരണ മുറിയിലേക്ക് പ്രവേശിക്കുന്നിടത്താണ് പ്രധാന വാതിൽ ഉള്ളത്. ഇത് കൊത്തു പണി ചെയ്തു മംഗളപലകയോടെ മനോഹരമാക്കിയിരിക്കുന്നു.
സ്വീകരണമുറി വിശാലവും അതിന്റെ തറ തടിയിലുള്ളതും, അതിനനുസരിച്ചു ഫർണിച്ചറും ചേർത്ത് ഭംഗിയാക്കിയിരിക്കുന്നു. സ്വീകരണമുറിയിൽ നിന്നു നേരെ നടുമുറ്റവും അതിനു ചുറ്റും അങ്കണവും ഗ്രാനൈറ്റ് കൊണ്ട് ഭംഗിയായി ചെയ്തിട്ടുണ്ട്. അങ്കണത്തിന്റെ തൂണുകൾക്കു മുകളിൽ മരത്തിൽ ചിത്രപ്പണികളോടുകൂടിയ പണികളും ചെയ്തിട്ടുണ്ട്.
അങ്കണത്തിന്റെ ഇടതു ഭാഗത്തു ഡൈനിങ്ങ് ഹാളും അതിനോടു ചേർന്ന് ഓപ്പൺ ആയി കിച്ചനും ചെയ്തിട്ടുണ്ട്. ഈ ഓപ്പൺ കിച്ചണിൽ നിറയെ തേക്കിൽ തീർത്ത കാബിനറ്റുകൾ ഭംഗിയായി ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഐലന്റ് കിച്ചനും കാണാം. സ്റ്റെയർകേസ് ചെറിയ വളവോടുകൂടിയ കൊത്തുപണികൾ ചെയ്തു മോടിയാക്കിയതുമാണ്. ഇതിൽ കാണുന്ന മുഖപ്പുകളെല്ലാം കേരളത്തനിമയിൽ കൊത്തുപണി ചെയ്തവയാണ്.