കുടുംബാംഗങ്ങൾ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു കോസ്റ്റ് ഇഫക്റ്റീവ് ആയി വീടൊരുക്കിയതിന്റെ അനുഭവം പങ്കുവയ്ക്കുന്നു ഗൃഹനാഥനായ കൃഷ്ണകുമാർ...

കോഴിക്കോട് പുതിയ പാലം എന്ന സ്ഥലത്താണ് എന്റെ വീട്. പഴയ വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ നിറഞ്ഞപ്പോഴാണ് വീടു പൊളിച്ചു കളഞ്ഞു പുതിയത് പണിയാൻ തീരുമാനിച്ചത്. വീട്ടിൽ ഓരോരുത്തരുടെയും അഭിപ്രായവും താൽപര്യവും കണക്കിലെടുത്താണ് ഡിസൈനർ താരാരാജ് വീടു രൂപകൽപന ചെയ്തത്. 

പുറംകാഴ്ചയിൽ എനിക്ക് അധികം താൽപര്യമില്ലായിരുന്നു. അതിനാൽ മിനിമൽ കന്റെംപ്രറി ശൈലിയിലാണ് എലവേഷൻ ഒരുക്കിയത്. അകത്തളങ്ങളിലാണ് വ്യത്യസ്ത കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുള്ളത്. ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 2450 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും ഒന്നിനൊന്നു വ്യത്യസ്തം. മുറികൾ ഫർണിഷ് ചെയ്യാൻ ഉപയോഗിച്ച  മെറ്റീരിയലുകളും വ്യത്യസ്തമാണ്. 

വൈറ്റ്+ ബ്ലൂ കോംബിനേഷനിലാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയത്. മൂത്ത മകൻ അവിനാഷിന്റെ കിടപ്പുമുറി വുഡ്+ വൈറ്റ് കോംബിനേഷനിൽ ഒരുക്കി. ഇളയ മകൻ അജയന്റെ മുറി ബ്ലാക്+വൈറ്റ് കോംബിനേഷനിൽ ഒരുക്കി. വീട്ടിലെ ഏറ്റവും ഭംഗിയുള്ള മുറി തന്റേതാണെന്നാണ് അവൻ അവകാശപ്പെടുന്നത്. ഗസ്റ്റ് ബെഡ്റൂമുകൾ മിനിമൽ ശൈലിയിൽ ഒരുക്കി. മുറികളിലെ  ഹെഡ്‌ബോർഡും വാഡ്രോബുകളും സീലിങ്ങുമെല്ലാം ഈ തീം പിന്തുടരുന്നു.

പരമാവധി സ്ഥല ഉപയുക്തത നൽകിയാണ് ഇടങ്ങൾ ക്രമീകരിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.  ജിഐ+ ടഫൻഡ് ഗ്ലാസ് എന്നിവയാണ് ഗോവണിയുടെ കൈവരികൾക്ക് ഭംഗി പകരുന്നത്. മേൽക്കൂരയിൽ നൽകിയ പർഗോള വീടിനകം പ്രകാശമാനമാക്കാൻ സഹായിക്കുന്നു. 

മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയുടെ വാഡ്രോബുകൾ ഒരുക്കിയത്. ജിപ്സം ഫോൾസ് സീലിങ് അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയാണ് ഞങ്ങൾക്കു ചെലവായത്.

ചെലവ് കുറച്ച ഘടകങ്ങൾ

പുറംഭിത്തി കെട്ടാൻ ഹോളോ ബ്രിക്ക്  ഉപയോഗിച്ചു.

പഴയ വീട്ടിലെ തടിയും ഫർണിച്ചറുകളും പുനരുപയോഗിച്ചു.

കോമൺ ഏരിയകളിൽ ഇളംനിറങ്ങൾ നൽകി.

അകത്തെ വാതിലുകൾക്ക് പിവിസി പെയിന്റ് ഫിനിഷ് നൽകി.

Project Facts

Location- Puthiyapalam, Calicut

Area- 2450 SFT

Owner- Krishnakumar

Designer- Thararaj Babu

Mob- 9400938789

email- thararajbabu123@gmail.com