ഈ വീടു കാണാൻ മാത്രം സന്ദർശകർ എത്തുന്നു, കാരണം...
തൃശൂർ ജില്ലയിലെ നാട്ടിക എന്ന ഗ്രാമത്തിനെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു വ്യക്തിയുണ്ട്. സാക്ഷാൽ എം എ യൂസഫലി. അദ്ദേഹത്തിന്റെ നാട്ടുകാരനായ റഷീദ് പുതുശ്ശേരിക്ക് നാട്ടിൽ വീടുപണിയുമ്പോൾ വിശാലമായ സങ്കൽപങ്ങൾ ഉണ്ടായിരുന്നു. മൂന്നു വർഷത്തോളം ഗൃഹപാഠം ചെയ്താണ് ഈ വീടു അദ്ദേഹം സഫലമാക്കിയത്.
ധാരാളം യാത്ര ചെയ്യുന്ന വ്യക്തിയാണ് റഷീദ്. ലോകത്തിന്റെ പലയിടങ്ങളിൽ കണ്ട ഹോട്ടലുകളുടെ അകത്തളങ്ങളും വീടുകളുമൊക്കെ നാട്ടിലെ ഈ വീടിന്റെ രൂപകൽപനയിൽ സ്വാധീനിച്ചിട്ടുണ്ട്. വീതി കുറഞ്ഞു പിന്നിലേക്ക് നീണ്ടു കിടക്കുന്ന പ്ലോട്ടായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ പ്ലോട്ടിന്റെ രൂപത്തിനനുസരിച്ച് സൗകര്യങ്ങളിൽ ഒട്ടും കുറവില്ലാതെ നെഞ്ചുവിരിച്ചു നിൽക്കുന്ന വീട് ഇവിടെ ഉയർന്നു. ഗെയ്റ്റിൽനിന്നും നീളൻ നടപ്പാതയും മനോഹരമായി അലങ്കരിച്ച ലാൻഡ്സ്കേപ്പും കടന്നുവേണം വീട്ടിലേക്കെത്താൻ. കണ്ടാലും തീരാത്ത കാഴ്ചകളുടെ ഉൽസവമാണ് വാതിൽ തുറന്നാൽ കാത്തിരിക്കുന്നത്.
അടിമുടി ആഡംബരസൗകര്യങ്ങൾ നിറയുന്ന അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 6700 ചതുരശ്രയടിയിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴികളാണ് ഒരു സവിശേഷത.
പ്രധാന ഇടങ്ങളിൽ നിന്നെല്ലാം പുറത്തെ പച്ചപ്പിലേക്ക് പാഷ്യോകൾ നൽകിയിട്ടുണ്ട്. സ്‌കൈലൈറ്റും കോർട്‍യാർഡും പർഗോളയുമെല്ലാം വീടിനുള്ളിൽ കാറ്റും വെളിച്ചവും ഉറപ്പുവരുത്തുന്നു. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പ്രധാന ഇടങ്ങളിൽ നിലത്തുവിരിയുന്നത്. ഫർണിച്ചറുകളും ലൈറ്റുകളും ഇറക്കുമതി ചെയ്തവയാണ്. ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളങ്ങളിൽ സ്വർണവർണം നിറയ്ക്കുന്നു.
മുൻവശത്തെ ഫോയറിനോട് ചേർന്നാണ് പ്രധാന കോര്‍ട്‍യാർഡ്. ഇതിന്റെ ചെറുപതിപ്പെന്നോണം ഗോവണിയുടെ ചുവട്ടിലും ഒരു കോര്‍ട്‍യാർഡ് ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ശൈലിയിലാണ് ഫാമിലി ലിവിങും കിച്ചനും. വർക്കിങ് കിച്ചനും സമീപം ഒരുക്കിയിരിക്കുന്നു.
അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. മാസ്റ്റർ ബെഡ്റൂം ഒരു സ്യൂട്ട് റൂമിന്റെ തീമിലാണ് ഒരുക്കിയത്. ഫുൾ ലെങ്ത് വാഡ്രോബ്, ഇൻബിൽറ്റ് ഡ്രസിങ് ഏരിയ, കോർട്‍യാർഡ് ഉള്ള ബാത്റൂമുകൾ തുടങ്ങി ആഡംബരം നിറയുകയാണ് ഓരോ മുറികളിലും.
ആധുനിക ശബ്ദസജ്ജീകരണങ്ങളോടെ ഒരു ഹോംതിയറ്ററും മുകൾനിലയിൽ ഒരുക്കിയിരിക്കുന്നു. ഇപ്പോൾ നാട്ടികയിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഈ വീട്. ആഴ്ചയിൽ ഒരു കുടുംബമെങ്കിലും വീടു കാണാൻ വരാറുണ്ട് എന്ന് അതിനുദാഹരണമായി ഉടമസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.
Project Facts
Location- Nattika, Thrissur
Owner- Rasheed Puthusery
Area- 6700 sqft
Architect- Shahid Nasar
Paper Shadow, Thrissur
Mob- 95263 00000
email- shahidnassar@gmail.com