ഭൂമിയിൽ ചവിട്ടിനടന്നുവളർന്ന കാലത്തെ വീടുകളോട് മലയാളികൾക്ക് എപ്പോഴും ഒരു ഗൃഹാതുരതയുണ്ട്. എന്നാൽ മാറുന്ന കാലത്തിന്റെ ഗതിവേഗത്തിനൊപ്പം മലയാളികൾ ഫ്ളാറ്റുകളിലേക്ക് കുടിയേറി. സുരക്ഷ, സൗകര്യം എന്നിവയാണ് ഫ്ലാറ്റുകളെ പ്രിയങ്കരമാക്കുന്നത്. വീടിനു സമാനമായ സൗകര്യങ്ങൾ ഫ്ളാറ്റിലെ ചെറിയ ഇടത്തിലും ഒരുക്കുന്നതാണ് ഇപ്പോഴുള്ള ട്രെൻഡ്. നമുക്ക് കൊച്ചി കലൂരുള്ള സുഭാഷ് വിൻസെന്റിന്റെ ഫ്ലാറ്റിലേക്ക് ഒന്നുപോയിവരാം. തുറസായ ശൈലിയിൽ പരമാവധി സ്ഥല ഉപയുക്തത നൽകുന്ന ഇടങ്ങളാണ് ഈ ഫ്ലാറ്റിന്റെ സവിശേഷത.

1830 ചതുരശ്ര അടിയിൽ ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് ബെഡ്റൂമുകൾ, രണ്ടു ബാൽക്കണികൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചെറിയ ചെപ്പടി വിദ്യകളിലൂടെ അകത്തളങ്ങളിൽ കൗതുകം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫോർമൽ ലിവിങ്ങിന്റെ ഭിത്തിയിൽ നൽകിയ മെറ്റൽ വർക്ക് അതിനുദാഹരണമാണ്. ആവശ്യമുള്ള ഇടങ്ങളിൽ സ്വകാര്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഗ്ലാസ് പാർട്ടീഷൻ നൽകി ഫാമിലി ലിവിങ് കം ഡൈനിങ്ങിന്റെ പിന്നിലുള്ള വാഷ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കിയത് ഉദാഹരണം.

കണ്ണിൽ കുത്തിക്കയറുന്ന കടുംവർണങ്ങൾ നൽകാതെ ഇളംനിറങ്ങളുടെ ചാരുതയാണ് അകത്തളങ്ങളിൽ നിറയുന്നത്. പ്ലൈവുഡ് ലാമിനേറ്റ്  ഫർണിച്ചറാണ് അകത്തളത്തിൽ ഭംഗി പകരുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചിരിക്കുന്നത്. ജിപ്സം സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളത്തിനു പ്രസന്നത പകരുന്നു.

സ്റ്റോറേജിനും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകിയാണ് അടുക്കളയുടെ ഡിസൈൻ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. വർക്കേരിയ, കോമൺടോയ്‍ലറ്റ് എന്നിവയും അടുക്കളയ്ക്ക് അനുബന്ധമായുണ്ട്.

സ്റ്റോറേജിന്‌ നൽകിയ പ്രാധാന്യമാണ് കിടപ്പുമുറിയുടെ സവിശേഷത. ഇതിനായി ഫുൾഹൈറ്റ് വാഡ്രോബുകൾ കിടപ്പുമുറികളിലെല്ലാമുണ്ട്. 

വുഡൻ ഫ്ളോറിങ്ങാണ് മാസ്റ്റർ ബെഡ്റൂമിൽ ചെയ്തത്. ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂമുകൾ എന്നിവയും ക്രമീകരിച്ചു. കിടപ്പുമുറിയുടെ ഹെഡ്ബോർഡ് ടെക്സ്ചർ പെയിന്റ് ഹൈലൈറ്റ് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണികളും കിടപ്പുമുറിയുടെ ആകർഷണമാണ്. ചുരുക്കത്തിൽ ലാളിത്യത്തിന്റെ സൗന്ദര്യമാണ് ഈ ഫ്ലാറ്റിൽ നിറയുന്നത്.

Project Facts

Location - Kaloor, Kochi

Area – 1830 Sqft

Owner - Subash Vincent

Architect – Premdas Krishna

Monnaie Architects & Interiors, Palakkad

Mob: 9625 08 08 08

Project Contractor – Kent Hail Gardens