നൂറു വർഷത്തിലേറെ പഴക്കമുള്ള തറവാട് തനിമ ചോരാതെ പുതുക്കിയെടുത്തതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ അബ്ദുൽ ഹക്കീം പങ്കുവയ്ക്കുന്നു.

പഴയ വീട്

പൊളിച്ചു കളയാൻ എളുപ്പമാണ്, ഓർമകൾ നിലനിർത്താനാണ് പ്രയാസം. എന്റെ ഉപ്പ നിർമിച്ച വീടാണ്. രണ്ടു തലമുറ വളർന്ന വീട്. അതിനോടുള്ള വൈകാരികമായ അടുപ്പം മൂലം പൊളിച്ചുകളയുന്നത് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു. ഇടപ്പിള്ളിക്കടുത്ത് ചേരാനലൂരാണ് സ്വദേശം. ഡിസൈനർ സലിം പുതുക്കിപ്പണിത രണ്ടു വീടുകൾ കണ്ടിഷ്ടപ്പെട്ടാണ് നിർമാണച്ചുമതല അദ്ദേഹത്തെ ഏൽപിച്ചത്. പ്രതീക്ഷിച്ചതിലും ഭംഗിയായി അദ്ദേഹം വീട് ഒരുക്കിനൽകി.

കാലപ്പഴക്കം മൂലം കഴുക്കോലുകൾ ദ്രവിച്ചു പോയിരുന്നു. മേൽക്കൂര പൊളിച്ചുമാറ്റി, പകരം ജിഐ ട്രസ് വർക്ക് ചെയ്തു, പോളിഷ് ചെയ്ത ഓടുവിരിക്കുകയാണ് ആദ്യം ചെയ്തത്. പഴയ ഓടും ഇടകലർത്തിയാണ് വിരിച്ചത്. നല്ലൊരു പൂമുഖം വേണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ഇത് മുന്നിലേക്ക് നീട്ടിയെടുത്തു. നീളൻ പൂമുഖത്ത് കാറ്റുകൊണ്ട് പുറത്തെ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ തൂക്കുകട്ടിലും ചാരുകസേരയും നൽകി.

സ്ട്രക്ചറിന്‌ അധികം ബലക്ഷയം ഇല്ലായിരുന്നത് ഗുണകരമായി. സ്വീകരണമുറി, ഹാൾ, അടുക്കള, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1100 ചതുരശ്രയടിയിൽ ഒരുക്കിയത്. ചില ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞതോടെ അകത്തളങ്ങൾ തുറസായ ശൈലിയിലേക്ക് മാറി.  ഇടത്തരം നിലവാരമുള്ള തൂവെള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. മുറികളിൽ മൺടൈലുകൾ പോളിഷ് ചെയ്തു നൽകി.

പിൻവശത്ത് കുറച്ചു ഭാഗം കാലപ്പഴക്കം മൂലം തകർന്നുവീണിരുന്നു. ഇവിടെ നിന്നും ശേഖരിച്ച വെട്ടുകല്ലുകൊണ്ടാണ് അകത്തേക്ക് കയറുമ്പോൾ ആദ്യം  കാഴ്ച പതിയുന്ന ഭിത്തി അലങ്കരിച്ചിരിക്കുന്നത്.

പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ മരഉരുപ്പടികൾ പുനരുപയോഗിച്ചതാണ് എടുത്തുപറയേണ്ട കാര്യം. ചെലവ് ചുരുക്കുന്നതിൽ ഇത് നിർണായകമായി. ചെറിയ ചെപ്പടിവിദ്യകളിലൂടെ അകത്തളത്തിനു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു തടിക്കഷണം പോലും വെറുതെ കളഞ്ഞിട്ടില്ല. പൊട്ടലുള്ള ഉപയോഗശൂന്യമായ തടിക്കഷണങ്ങൾ കൂട്ടിച്ചേർത്താണ് സ്വീകരണമുറിയിലെ ഭിത്തി അലങ്കരിക്കുന്ന ക്ലാഡിങ് ഒരുക്കിയത്. അകത്തളത്തിൽ  ഉറപ്പുള്ള മച്ചിന്റെ ഭാഗം പോളിഷ് ചെയ്തുനൽകി.

അടുക്കളയും ഊണുമുറിയും ഓപ്പൺ ശൈലിയിലാണ്. ബെഞ്ചും ഊണുമേശയുമെല്ലാം പഴയ  തടി പുനരുപയോഗിച്ച്‌ നിർമിച്ചവയാണ്.

തെങ്ങിന്റെ പ്ലാങ്ക് കൊണ്ടാണ് വാഷ് ബേസിന്റെ അടിത്തട്ട് നിർമിച്ചത്. പ്ലോട്ടിൽ കടപുഴകിയ ഒരു വാകമരത്തിന്റെ തടിയാണ് ഊണുമേശയുടെ മുകളിൽ നൽകിയ തൂക്കുവിളക്കിന്റെ ശരീരമായി മാറിയത്. 

ഫർണിഷിങ് സഹിതം 14 ലക്ഷം രൂപയിൽ കേരളത്തനിമയുള്ള വീട് സഫലമായി. ഒപ്പം ഞങ്ങളുടെ ഗൃഹാതുരമായ ഓർമകളും തിരിച്ചുവന്നു.

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഗൃഹപ്രവേശം. വീട്ടിലെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വീടിന്റെ രൂപമാറ്റം കാണുമ്പോൾ അദ്ഭുതം, ബജറ്റ് കേൾക്കുമ്പോൾ വീണ്ടും അദ്ഭുതം. അത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം...

മാറ്റങ്ങൾ

  • മേൽക്കൂര പൂർണമായും ശക്തിപ്പെടുത്തി. 
  • പരമ്പരാഗത മാതൃകയിലുള്ള സിറ്റൗട്ട് മുന്നിലേക്ക് നീട്ടിയെടുത്തു.
  • ടെറാക്കോട്ട മൺടൈലുകൾ പോളിഷ് ചെയ്തെടുത്തു.

ചെലവ് കുറച്ച ഘടകങ്ങൾ 

  • കൃത്യമായ ആസൂത്രണം. ഇടിച്ചുപൊളിക്കൽ പരമാവധി കുറച്ചു. 
  • പഴയ തടി പൂർണമായും പുനരുപയോഗിച്ചു. 
  • പഴയ ഓടുകളും ഇടകലർത്തി മേൽക്കൂര ഒരുക്കി.
  • ട്രീറ്റ് ചെയ്തെടുത്ത തെങ്ങിന്റെ പ്ലാങ്ക് ആണ് പൂമുഖത്തിന്റെ തൂണുകളായി മാറിയത്. 
  • കിടപ്പുമുറികളിൽ പഴയ മൺടൈലുകൾ പോളിഷ് ചെയ്തുനൽകി.

Project Facts

Location- Cheranalloor, Kochi

PLot- 10 cent

Area- 1100 SFT

Owner- Abdul Hakeem

Design- Salim PM

AS Design Forum, Malappuram

email-salimpm786@gmail.com

Mob-9947211689

Budget- 14 Lakhs

Completion year- 2019 March

ചിത്രങ്ങൾ- അജീബ് കോമാച്ചി  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT