ഒരുനില വീടിനകത്ത് ഇരുനില പോലെ തോന്നുന്ന, സൗകര്യങ്ങളുള്ള വീടൊരുക്കിയാലോ? കോട്ടയം പുതുപ്പള്ളിയിലെ ശ്രീസ്മിതം എന്ന വീട് അത്തരമൊരു അദ്ഭുതമാണ്. മുന്നിൽ നിന്നും വശങ്ങളിൽ നിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുക. പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്ന മുഖപ്പുകൾ പുറംകാഴ്ചയ്ക്ക് ഭംഗി പകരുന്നു. പതിവിലും ഉയരത്തിൽ സ്ലോപ് റൂഫിൽ ട്രസ് ചെയ്ത് ഓടുവിരിച്ചതോടെ വീടിനു ഇരുനിലയുടെ പ്രൗഢിയും ലഭിക്കുന്നു. ഇതോടെ മുകൾഭാഗം യൂട്ടിലിറ്റി സ്‌പേസായും ഉപയോഗിക്കാൻ കഴിഞ്ഞു.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3161 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. അകത്തളങ്ങൾ സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയതിനാൽ ഇരുനിലയുടെ സ്ഥലലഭ്യത കൈവരുന്നു. ഫാമിലി ലിവിങ്, ഡൈനിങ് ഒറ്റ ഹാളിലാണ്.

തടിയുടെ പ്രൗഢിയിലാണ് ഫർണിച്ചറുകളും ഒരുക്കിയിരിക്കുന്നത്. ഇതിനു ചേരുന്ന വിധം ഇളംനിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചിരിക്കുന്നത്. 

ക്യാന്റിലിവർ ശൈലിയിലുള്ള ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തടിയും ഗ്ലാസുമാണ് കൈവരികളിൽ നിറയുന്നത്. ഗോവണിയുടെ ഡബിൾ ഹൈറ്റിലുള്ള മേൽക്കൂരയിൽ പർഗോളകൾ നൽകിയിട്ടുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഗോവണി കയറിച്ചെല്ലുന്നത് അപ്പർലിവിങ്ങിലേക്കാണ്. ഇവിടെ ടിവി ഏരിയ നൽകിയിട്ടുണ്ട്.

വെന്റിലേഷനും സ്‌റ്റോറേജിനും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ബേവിൻഡോകൾ ഇതിനു മുതൽക്കൂട്ടാകുന്നു. വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഓപ്പൺ ശൈലിയിലാണ് അടുക്കള. സമീപം വർക്കേരിയയും ക്രമീകരിച്ചു. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ.  കൗണ്ടറിന്റെ ഒരു ഭാഗം ബ്രേക്ഫാസ്റ്റ് ഏരിയ ആക്കിമാറ്റിയിരിക്കുന്നു. 

ജിപ്സത്തിനു പകരം കാൽസ്യം സിലിക്കേറ്റ് പാനലുകളാണ് ഫോൾസ് സീലിങ്ങിന് ഉപയോഗിച്ചത്. ഇത് മെച്ചപ്പെട്ട താപപ്രതിരോധം നൽകുക വഴി അകത്തളങ്ങൾ കുളിർമയോടെ സൂക്ഷിക്കുന്നു.  മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള ഊർജ ആവശ്യത്തിന്റെ നല്ലൊരുപങ്കും ഇതിലൂടെ ലഭിക്കും. കറന്റ് ചാർജ് നല്ലൊരുതുക ലഭിക്കുകയും ചെയ്യാം.

Project Facts

Location- Puthuppally, Kottayam

Plot- 10 cent

Area- 3161 SFT

Owner- Sreekumar

Architect- Bijulal Babu

Mob- 94471 53807