പലതട്ടുകളായി കിടക്കുന്ന ഭൂമിയുടെ സ്വഭാവം കണക്കിലെടുത്ത് മൂന്നു നിലയിൽ നിർമ്മിച്ച കെൻസ് എന്ന വീടിന്റെ വിശേഷങ്ങൾ കണ്ണൂർ സ്വദേശി റഫീസ് പങ്കുവയ്ക്കുന്നു. 

വീട് വയ്ക്കുവാൻ വാങ്ങിയ പ്ലോട്ടിന് ഗുണത്തേക്കാളേറെ ദോഷമാണെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും, ആഗ്രഹിച്ച് വാങ്ങിയ സ്ഥലം വിൽക്കാൻ തോന്നിയില്ല. പ്ലോട്ടിന്റെ പരിമിതികൾ മനസ്സിലാക്കി വീട് രൂപകല്പന ചെയ്യാൻ എൻജിനീയർ റഫാസ് തയ്യാറായതോടെ ഞങ്ങൾക്ക് പകുതി ആശ്വാസമായി. വീടുപണി തുടങ്ങിയപ്പോൾ തന്നെ പലവിധ അഭിപ്രായങ്ങളും കടന്നുവന്നു. എന്നാൽ സ്ഥലത്തിന്റെ മൾട്ടി ലെവൽ സ്വഭാവം കൗതുകകരമായ സാധ്യതകളായിരുന്നു ഡിസൈനർക്കു മുന്നിൽ തുറന്നിട്ടത്. 

ട്രെൻഡിന് പുറകെ പോവാതെ ഞങ്ങളുടെ ഇഷ്ടങ്ങളെ മാത്രം കൂട്ടുപിടിച്ച് ഒരുക്കിയ 'ചെറിയ' വലിയ വീടാണിത്. ജീവിതരീതി, പ്ലോട്ടിന്റെ ആകൃതി, ചുറ്റുപാട്, കാലവസ്ഥ ഇവയൊക്കെ പരിഗണിച്ച് നിർമ്മിച്ച ഭവനത്തിന് 'കെൻസ'് എന്നാണ് പേരിട്ടിരിക്കുന്നത്. തലശ്ശേരിക്കടുത്ത് ചാലക്കരയിൽ വാങ്ങിയ നാലേക്കാൽ സെന്റ് പ്ലോട്ടിൽ 2640 SFT വിസ്തൃതിയിലാണ് ഇൗ വീട്. പ്ലോട്ടിന്റെ ആകൃതിയില്ലായ്മ നിമിത്തം സൈറ്റിൽ പലയിടത്തും വന്നിട്ടുള്ള നെഗറ്റീവ് സ്പേയ്സുകൾ ലാൻഡ്സ്കേപ്പ് കൊണ്ട് പരിഹരിക്കുകയാണ് എൻജിനീയർ ചെയ്തത്. ഗാർഡനും കവുങ്ങും പുൽത്തകിടിയും ചേർന്ന ലാൻഡ്സ്കേപ്പ് വീടിന്റെ കന്റെംപ്രറി ശൈലിക്ക് മാറ്റ് കൂട്ടുന്നു. 

ജ്യാമിതീയ ഡിസൈൻ

ജ്യോമട്രിക് പാറ്റേൺ കൊണ്ട് സമൃദ്ധമാണ് എക്സ്റ്റീരിയർ. എലവേഷനിലെ കർവ് ഡിസൈനും പ്രോജക്ഷൻ വാളും എല്ലാംതന്നെ ഡിസൈൻ എലമെന്റുകളാണ്. മിനിമലിസം നിലനിർത്താൻ അനുയോജ്യമായ നിറങ്ങളും പ്രതലങ്ങളും ഒക്കെ തെരഞ്ഞെടുത്ത് നൽകുന്നതിലൂടെ എൻജിനീയർ നീതി പുലർത്തി. പുറകിലേക്ക് പോകുംതോറും വീടിന്റെ ഉയരവും വലുപ്പവും ഏറി വരുന്നുണ്ട്. ചുറ്റുമതിലും ഡിസൈൻ നയം പിൻതുടരുന്നവയാണ്.

പതിവിലും നിന്ന് വ്യത്യസ്തമായി മൂന്നു നിലയിലാണ് വീട്. സാധാരണ മൂന്നു നിലകൾക്ക് കാണുന്ന ഭീമാകാരത്വം ഇൗ വീടിന് തോന്നുന്നില്ല. ഒറ്റ നോട്ടത്തിൽ രണ്ടു നിലയാണെന്നേ തോന്നൂ. സ്ഥിരം കാണുന്ന വീടുകളുടെ ഹൈറ്റിൽ തന്നെയാണ് നാലു ബെഡ്റൂമുകളോടു കൂടിയ വീട് നിർമ്മിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, നാല് അറ്റാച്ഡ്  ബെഡ്റൂം എന്നിവയാണ് വീട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാം കളർ തീമിലുള്ള ലൈറ്റിങ്ങ് സംവിധാനമാണ് ഒരുക്കിയത്. നാച്വറൽ ലൈറ്റും ഇലക്ട്രിക്കൽ ലൈറ്റും ചേർന്ന് വീടിനകത്തും പുറത്തും തീർക്കുന്ന മൂഡും ആംപിയൻസും ശ്രദ്ധേയമാണ്. 

ചൈനീസ് റൂഫുകൾ

ചൈനീസ് റൂഫുകൾ എന്ന് അറിയപ്പെടുന്ന സെമി കർവ്ഡ് റൂഫുകളാണ് ലിവിങ് ഏരിയയിൽ. പുറമേ നിന്ന് നോക്കുമ്പോൾ നല്ല കാഴ്ച ലഭിക്കുവാനും ഉയരവ്യത്യാസം അറിയാതിരിക്കുവാനും ഇത് സഹായിക്കുന്നു. ഡബിൾ ഹൈറ്റിലാണ് ഇൗ ഏരിയ നിലകൊള്ളുന്നത്. ഫാൾസ് സീലിങ്ങിൽ നൽകിയ എൽഇഡി ലൈറ്റുകളാണ് രാത്രികാലങ്ങളിൽ വീട് ശോഭിക്കാൻ ഇടയാക്കുന്നത്. 

ലിവിങ്ങിനു തൊട്ടടുത്താണ് ഡൈനിങ്ങ് ഏരിയ. ലിവിങ്ങിൽ ഗ്ലാസ്സ് കൊണ്ട് സെമിപാർട്ടീഷൻ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.  ഫോൾസ് സീലിങ്ങിൽ നൽകിയ വ്യത്യസ്തതയും ചുമരിൽ ഒട്ടിച്ച വാൾപേപ്പറും വീട്ടിലെ ഡിസൈൻ എലമെന്റായി മാറ്റുരയ്ക്കുന്നു. വീതി കുറഞ്ഞതും ഇടുങ്ങിയതുമായ ഭാഗമാണ് ഡൈനിങ് ഏരിയ എങ്കിലും ഇവിടെ നൽകിയ നാല് സിംഗിൾ വിൻഡോകൾ വെളിച്ചം അകത്തെത്താൻ സഹായിക്കുന്നു. 

അകത്തള ക്രമീകരണം

ലിവിങ്ങിനും ഡൈനിങ്ങിനും എതിർവശത്താണ് സ്റ്റെയർ ഏരിയ. എംഎസ്, ഇരുൾ കൊണ്ട് ഹാൻഡ് റെയ്ൽ തീർത്തു. ഇതിനടിയിലായി വാഷ് ഏരിയ ക്രമീകരിച്ചു. സ്റ്റെയർ ലാൻഡിങ്ങിൽ നിന്ന് ബെഡ്റൂമിലേക്കും പ്രെയർറൂമിലേക്കും പ്രവേശിക്കാം. ഫസ്റ്റ് ഫ്ളോറിൽ ഫാമിലി ഏരിയ, കിടപ്പുമുറി എന്നിവയാണുള്ളത്. ഇവിടെ നിന്ന് ബാൽക്കണിയിലേക്ക് നീങ്ങാം. എലവേഷനിൽ വീടിന്റെ മുൻഭാഗത്തേക്ക് എടുത്തുകാണുംവിധമാണ് ബാൽക്കണിയുള്ളത്. 

അടുക്കളയും വർക്ക് ഏരിയയും തമ്മിൽ വേർതിരിവ് വേണ്ട എന്ന അഭിപ്രായം ഞങ്ങൾ മുന്നോട്ട് വച്ചതാണ്. കിച്ചൻ ക്യാബിനറ്റുകൾക്ക് മൾട്ടിവുഡും ഷട്ടറുകൾക്ക് വെനീറും ലാമിനേറ്റ്സും ഉപയോഗിച്ചു. മരപ്പണികൾക്ക് ഇരുളും ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലും തെരഞ്ഞെടുത്തു. സ്ട്രക്ചറും ഫർണീഷിങ്ങും ലാൻഡ്സ്കേപ്പും എല്ലാം ഉൾപ്പെടെ 50 ലക്ഷം രൂപയാണ് വീടിനു ചെലവ് വന്നത്. കെൻസ് ഞങ്ങൾക്കെന്നും പ്രിയപ്പെട്ട ഇടമാണ്. ഗൃഹനാഥൻ റഫീസ് വ്യക്തമാക്കുന്നു.

 

ചിത്രങ്ങൾ- ഷുമൈസ് മുഴുപ്പിലങ്ങാട്

Project Facts

Location: Chalakkara, Thalassery

Area: 2640Sqft

Plot : 4 Cent

Owner- Rafeez & Raseena

Engineer: Mr.Rafaz

Cost: 50 Lakhs