കോഴിക്കോട് റോയൽ എൻഫീൽഡ് ഷോറൂം ഉടമയും വാഹനപ്രേമിയുമായ ജുനൈദ് വീടുവച്ചപ്പോൾ അതിൽ എൻഫീൽഡിന്റെ റോയൽ ഘടകങ്ങളും സന്നിവേശിച്ചിട്ടുണ്ട്. ജുനൈദ് ആ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

കോഴിക്കോട് കുറ്റിച്ചിറ 6 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. സ്ഥലപരിമിതിക്കുള്ളിൽ പരമാവധി സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ലക്ഷ്യം. റോയൽ എൻഫീൽഡ് ഷോറൂമുകളിൽ പൊതുവെ കാണുന്ന ഒന്നാണ് റസ്റ്റിക് തീം. അത് വീടിനുള്ളിലേക്കും കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ സമയം ക്ലാസും മാസും നിറയുന്ന അകത്തളങ്ങളാണ് വീടിന്റെ സവിശേഷത. 

വെള്ള നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ഇതിനു വേർതിരിവ് നൽകാൻ വുഡൻ ഫിനിഷുള്ള ക്ലാഡിങ്ങും നൽകി. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, 6 കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. സിറ്റൗട്ടിന്റെ ഇരുവശങ്ങളിലും ഫിക്സഡ് ബെഞ്ചുകൾ ക്രമീകരിച്ചു. കാർ പോർച്ച് പ്രത്യേകമായി നൽകിയിട്ടില്ല. ചെറിയ മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി.

മാർബിളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. മത്സ്യത്തിന്റെ ആകൃതിയിലുള്ള ഊണുമേശ ആരെയും ആകർഷിക്കും. ഇവിടെ ഡബിൾ ഹൈറ്റിലാണ് സീലിങ്. അതിനാൽ അകത്തളത്തിനു കൂടുതൽ വിശാലത കൈവരുന്നു.

ഗോവണിയുടെ ഭാഗത്തെ ഭിത്തികളിൽ ഗ്ലോസി ലാമിനേറ്റ് ഫിനിഷുള്ള ക്ലാഡിങ് ഒട്ടിച്ചു ആകർഷകമാക്കിയിട്ടുണ്ട്. വുഡ്, ഗ്ലാസ് കോമ്പിനേഷനിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയയും ലൈറ്റ് കോർട്യാർഡും ക്രമീകരിച്ചു.

ഊണുമുറിക്ക് പുറത്തേക്ക് സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി പാഷ്യോ സ്‌പേസ് ഒരുക്കി. ചുറ്റുമതിലിൽ ക്ലാഡിങ് നൽകി വെർട്ടിക്കൽ ഗാർഡൻ നിർമിച്ചു. 

മുകളിലും താഴെയും മൂന്ന് വീതം കിടപ്പുമുറികളാണ്. സ്റ്റോറേജിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് മുറികളുടെ ക്രമീകരണം. ഹെഡ്ബോർഡിൽ അപ്ഹോൾസ്റ്ററി നൽകി ഓരോ മുറികളും വ്യത്യസ്തമാക്കിയിട്ടുണ്ട്.

പ്ലൈവുഡ്, അക്രിലിക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കലിംഗ സ്റ്റോൺ കൗണ്ടറിൽ വിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന ഒരു പാൻട്രി കൗണ്ടറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഫ്രിഡ്ജ്, അവ്ൻ എന്നിവ ഇൻബിൽറ്റായി നൽകി.

വീടിനകത്തേക്ക് കയറിയാൽ ഇത് വെറും 6 സെന്റിൽ പണിത വീടാണെന്ന കാര്യമേ മറന്നുപോകും എന്നതാണ് സവിശേഷത.

Project Facts

Location- Kuttichira, Calicut

Plot- 6 cent

Area- 3000 SFT

Owner- Junaid

Architect- Faheem 

Design Core

Mob-  9037272830

Completion year- 2019 Jan

ചിത്രങ്ങൾ- അഖിൻ കോമാച്ചി