പരിസരപ്രദേശങ്ങളുമായി ഒത്തിണങ്ങി പോകുന്ന ഒരു അസാധാരണ വാസ്തുശില്പം. കൊളോണിയൽ ട്രോപ്പിക്കൽ വാസ്തുശൈലിയിൽ നിർമിച്ച ഇൗ അവധിക്കാല വസതി ഏതൊരു കാഴ്ചക്കാരന്റെയും കണ്ണും മനസ്സും ഒരുപോലെ നിശബ്ദമാക്കുന്നു. വളരെ വിചിത്രമായ ഇൗ രൂപകല്പനയെ ഒറ്റ വാക്കിൽ വ്യക്തമാക്കുവാൻ സാധിക്കില്ല. ചുറ്റുമുള്ളവയെ കാണുവാനും അവ ആസ്വദിക്കുവാനും ഉതകുംവിധം ഒരുക്കിയ ഇൗ ഭവനം ഒാരോർത്തർക്കും ഒാരോ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. 

കൂട്ടുകാരുമായി ഒത്തുകൂടാനും അല്പം വിശ്രമിക്കുവാനും ധ്യാനിക്കാനും പുതുജന്മം കൈവരിക്കുവാനും ഇതിലും നല്ലൊരു ഒളിസങ്കേതം വേറെയില്ല. വെറുമൊരു കോൺക്രീറ്റ് കെട്ടിടമായിരിക്കരുത്, മറിച്ച് ജീവസ്സുള്ള ഒരിടമായിരിക്കണം എന്നായിരുന്നു വീട്ടുകാർ പങ്കുവച്ച മുഖ്യ ആശയം. അതിനോട് നീതി പുലർത്തുംവിധം പ്രകൃതിയോട് അടുത്തു നിൽക്കുന്ന നിർമ്മിതിയാണ് ആർക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി ഒരുക്കിയത്. പ്രകൃതിയുടെ മടിത്തട്ടിലേക്ക് മനസ്സിന്റെ വാതായനങ്ങൾ തുറന്നുവയ്ക്കാൻ ഇൗ പ്രകൃതിസൗഹാർദ്ദ രൂപകല്പന നമ്മെ ഉത്തേജിപ്പിക്കുന്നു. 

പച്ചപരവതാനി വിരിച്ചുകൊണ്ട്....

പച്ചപരവതാനി വിരിച്ച് നിൽക്കുന്ന രണ്ടേകാൽ ഏക്കറിലാണ് ഇൗ അവധിക്കാല വസതി കുടികൊള്ളുന്നത്. പ്ലോട്ടിന്റെ സ്വാഭാവിക ഭംഗിയെ ഹനിക്കാതെയാണ് നിർമ്മാണം പുരോഗമിച്ചത്. അതിനാലാണ് ഗേറ്റിൽ നിന്നും നേരിട്ട് വഴി നൽകാതെ അല്പം വളഞ്ഞും തിരിഞ്ഞമുള്ള നടവഴി നൽകിയത്. വളഞ്ഞും തിരിഞ്ഞും പോകുന്ന ഇൗ നടവഴി  ഒാരോ നിമിഷവും ആകാംഷ വർധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പ്രകൃതിദത്ത കല്ലുകൾ പാകിയ ഇൗ വഴി ചെന്നെത്തുന്നത് പ്ലോട്ടിന് പുറക് വശത്തുള്ള നിരപ്പായ സ്ഥലത്താണ്. 

ഒരോ ഇടങ്ങളേയും അതിന്റെ പ്രാധാന്യമനുസരിച്ച് കൃത്യമായ രീതിയിൽ വേർത്തിരിച്ചിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വീടും വടക്ക് കിഴക്ക് ഭാഗത്തായിട്ടുള്ള കുളവും വിശാലമായി ഒരുക്കിയ ലാൻഡ്സ്കേപ്പും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നാല് വശവും വെട്ടുകല്ലു കൊണ്ടുള്ള പടികൾ കുളത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നതോടൊപ്പം കേരളീയ വാസ്തുശൈലിയുടെ പ്രതിരൂപമായി കണക്കാക്കുന്നു. 

ഒാർക്കിഡ്, ആന്തൂറിയം, സ്പൈഡർ ലില്ലി, തെച്ചി, ഫൈക്കസ്, ഇൗന്തപ്പനകൾ, യുജീനകൾ തുടങ്ങിയവയാണ് പൂന്തോട്ടം അലങ്കരിക്കുന്നതിൽ പ്രധാനികൾ. പൂന്തോട്ടത്തിലെ പൂക്കളുടെ നറുമണം ഏവർക്കും സുഖകരമായ അനുഭൂതി നൽകുന്നു. ട്രോപ്പിക്കൽ ഗാർഡന്റെ സ്വാധീനം ഇവിടുത്തെ ലാൻഡ്സ്കേപ്പിന്റെ രൂപകല്പനയിൽ വെളിവാകും. വീടിനുള്ളിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചകൾക്ക് ഭംഗം വരുത്താതെ അനുക്രമമായ രീതിയിൽ വീടിന് മുന്നിൽ നട്ടു പിടിപ്പിച്ച ചെടികൾ സ്വകാര്യതയും ഉറപ്പു വരുത്തുണ്ട്. 

സമ്മിശ്ര ശൈലികളിൽ....

ട്രോപ്പിക്കൽ കൊളോണിയൽ ശൈലിയുടെ സമ്മേളനമാണ് ഇൗ ഒറ്റനില വീടിനെ വ്യത്യസ്തമാക്കുന്നത്. വെള്ളയും ചാരനിറവും അതോടൊപ്പം ചുമരിൽ നൽകിയ ഗ്രൂവ് ഡിസൈനും കൊളോണിയൽ ശൈലിയെ ഒാർമിപ്പിക്കുന്നു. ചരിഞ്ഞ മേൽക്കൂരയും തടി കഷ്ണങ്ങൾ കൊണ്ടുള്ള സീലിങ്ങും ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. നടവഴിയിൽ നിന്ന് നേരിട്ടുള്ള ദർശനം സാധിക്കാത്തവണ്ണം മരങ്ങൾ ഇൗ വീടിനെ മറയ്ക്കുന്നു. ചതുരാകൃതിയിൽ വളരെ ലളിതമായി നിർമ്മിച്ച ഇൗ വീട്ടിൽ സിറ്റൗട്ട്, ഫോർമൽ ലിവിങ്ങ്, ഫാമിലി ലിവിങ്ങ്, ഡൈനിങ്ങ്, രണ്ട് ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. വീടിനുള്ളിലെ സ്പേയ്സുകൾ കേന്ദ്രസ്ഥാനത്തിന്റെ ഇരുവശത്തുമായി ക്രമീകരിച്ചിരിക്കുന്നു. മൂന്നു വശങ്ങളിലേക്കും നോട്ടമെത്തുന്ന വിശാലമായ സിറ്റൗട്ടാണുള്ളത്. പ്രകൃതിയുമായുള്ള ഇഴയടുപ്പം സൃഷ്ടിക്കുന്നതോടൊപ്പം വെയിലും മഴയും ഒരുപോലെ ആസ്വദിക്കാൻ ഇത് സഹായിക്കുന്നു.

പുറത്തുള്ള കാഴ്ചകളെ ഉള്ളിലേക്കാവാഹിക്കുന്ന രീതിയിലാണ് ഫോർമൽ ലിവിങ്ങിന്റെ രൂപകല്പന. പുറത്തേക്ക് മിഴി തുറക്കുന്ന വലിയ ജനാലകളാണ് ഇവിടുത്തെ ഹൈലൈറ്റ്. വളരെ കൃത്യമായി ചിട്ടപ്പെടുത്തിയ അകത്തളങ്ങൾ അല്പം പ്രതാപിയാണ്. ഉൾവശങ്ങൾ ലളിതവും വിശാലവുമാക്കാൻ ബോധപൂർവ്വമുള്ള ഇടപെടലുകളാണ് നടത്തിയത്. അതിലെ ആദ്യപടി തടിയുടെ ഉപയോഗമാണ്. മറ്റൊന്ന് അനാവശ്യമായ അലങ്കാരപ്പണികളും ക്യൂരിയോസും കുത്തിനിറക്കുന്നത് പാടെ ഒഴിവാക്കി. ഇളം നിറം നൽകിയ അകത്തളങ്ങളിൽ എല്ലാവിധ ഫർണീച്ചറുകളും തടിയിലാണ് നിർമ്മിച്ചത്. 

ഇന്റീരിയറിൽ നിറങ്ങളെ പരിമിതപ്പെടുത്തി പുറത്തുള്ള ലാൻഡ്സ്കേപ്പിനെ പരിപോഷിപ്പിക്കുന്നു. ഇറ്റാലിയൻ മാർബിൾ പാകിയ നിലവും ഇളം ചുമരുകളും ജിപ്സം സീലിങ്ങും വുഡൻ സീലിങ്ങ് ഹൈലൈറ്റ് ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. വാം ലൈറ്റുകളാണ് ഇന്റീരിയർ പ്രകാശമയമാക്കുന്നത്. തടിയുടെ ഉപയോഗം പരമ്പരാഗത ശൈലി ജനിപ്പിക്കുന്നു. 

പ്രകൃതിയെ അടുത്തറിഞ്ഞ്...

പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളാണ് നിർമ്മാണഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കോൺക്രീറ്റ് ബ്ലോക്കിനു പകരം കരിങ്കൽ മുറ്റത്ത് വിരിച്ചു. പ്രകൃതിയുടെ മേൽ വലിയ ആഘാതം ഏൽപ്പിക്കാത്ത ഇത്തരം കല്ലുകൾ മലിനീകരണം തടയുന്നതോടൊപ്പം പാഴ്ച്ചെലവും ഒഴിവാക്കുന്നു. കോൺക്രീറ്റ് സ്ലാബിനു പകരം മെറ്റൽ സ്ട്രെസ് റൂഫാണ് ഉപയോഗിച്ചത്. തടി കൊണ്ട് നിർമ്മിച്ച ഫർണീച്ചറും സീലിങ്ങും റെയ്‌ലിങ്ങും ഇക്കോഫ്രണ്ട്ലി ഡിസൈനോട് നീതി പുലർത്തുന്നവയാണ്. 

പ്ലോട്ടിൽ ഉണ്ടായിരുന്ന കുളത്തെ കേരളീയ ശൈലി നൽകി നവീകരിച്ചു. സൈറ്റിലുള്ള പാറകഷ്ണങ്ങളുടെ സ്വാഭാവിക ഭംഗി കളയാതെ അവയെ ഇരിപ്പിട സൗകര്യത്തിന് ഉപയോഗിക്കുന്നു. പരമാവധി പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഇത് വെറുമൊരു കെട്ടിടത്തിനപ്പുറം    ആത്മാവുറങ്ങുന്ന ഇടമായി മാറുന്നു. 

Project Facts

Location- Kondotty, Malappuram

Area-2784 Sqft

Plot-2.15 Cents

Owner-Rafeeq

Architect- Abdullakutty

Kaleido Architects

Kondotty , Malappuram

9995294853

Completion year- 2018