ഏഴ് മീറ്റർ വീതിയിൽ പത്ത് സെന്റിന്റെ പ്ലോട്ട്. ഒരുവശത്ത് പ്രധാനറോഡ് മറുഭാഗത്ത് പഴയ തറവാടും. പരിമിതികൾ ഏറെയുള്ള ഇൗ പ്ലോട്ടിൽ ഒരു പാർപ്പിടമെന്ന മോഹവുമായി ഷെഹിർ പല ഡിസൈനർമാരേയും സമിപിച്ചു. പലരും പലവട്ടം പ്ലോട്ട് കണ്ടുമടങ്ങി. എന്നാൽ ആർക്കും ഷെഹിറിന്റെ ഡ്രീം ഹോമിലേക്ക് എത്താനായില്ല. അവസാനമാണ് ആർക്കിടെക്റ്റ് ജോസ്ന റാഫേലിന്റെ അരികിലെത്തിയത്. പ്ലോട്ടിന്റെ പരിമിതികൾ അവസരങ്ങളാക്കിയതോടെ ഷെഹിറിന്റെ സ്വപ്നം യാഥാർഥ്യമായി. ഏഴഴകുമായി നിൽക്കുന്ന നിൽക്കുന്ന വീട് വെറും ഏഴ് മീറ്ററിന്റെ പരിമിതിയിലാണെന്നു കണ്ടാൽ തോന്നുകയേയില്ല. 

തൃശൂർ പാടൂരാണ് ഇൗ വീട്. കർവും ബോക്സും ഫ്ളാറ്റ് സ്ലാബും ഇടകലർത്തി കാലികശൈലിയിലാണ് എലിവേഷൻ. പ്ലോട്ടിന് ഇണങ്ങുന്ന രീതിയിലുള്ള രൂപഘടന തയാറാക്കാൻ ഉടമസ്ഥൻ പൂർണ്ണസ്വാതന്ത്ര്യം നൽകിയതാണ് തികച്ചും പുതുമയുള്ള ഡിസൈനിലേക്ക് കാര്യങ്ങളെത്തിച്ചത്.

മേൽക്കൂരയിലെ ഷിംഗിൾസും ഭിത്തിയിലെ നാച്വുറൽ സ്റ്റോൺ ക്ലാഡിങ്ങുമാണ് വീടിന്റെ മുഖ്യാകർഷണ ഘടകങ്ങൾ. വൈറ്റ് -ബ്രൗൺ നിറക്കൂട്ടാണ് ചുമരിൽ. മുറ്റത്ത് ഫ്ളെയിംഡ് ഗ്രാനൈറ്റ് വിരിച്ചിരിക്കുന്നു. 

വീടിനോട് ചേർന്നു ്പച്ചപ്പിനായി ലാന്റ്സ്കേപും ഒരുക്കി. വീടിന്റെ രൂപത്തിന് ചേരുവിധം സ്ലിറ്റ് പോലാണ് ജനാലകൾ. കർവ് റൂഫിനെ താഴെ വരെ എത്തിച്ചപ്പോൾ കാർ പോർച്ചിനും ഇടമായി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഗോവണി, ഡൈനിങ്, ഒാപ്പൺ കിച്ചൻ, വർക്കിങ് കിച്ചൺ, മുകളിലും താഴെയുമായി നാലു കിടപ്പുമുറി. 3000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇൗ ജീവിതസൗകര്യങ്ങൾ കോർത്തിണക്കിയിരിക്കുന്നത്.

ഡബിൾ ഹൈറ്റിലാണ് ലിവിങ്. ചുമരിൽ വാൾപേപ്പറാണ്. സ്വീകരണമുറിയിലെ ഇരിപ്പിടസൗകര്യം വിശാലമാണ്. രണ്ട് നിരകളിലായിട്ടാണ് ജാലകങ്ങൾ. വിട്രിഫൈഡ് ടൈലാണ് തറയിൽ. യു. പി. വി.സിയിലാണ് ജനലുകൾ തയാറാക്കിയിരിക്കുന്നത്. 

ലിവിങിൽ നിന്നും രണ്ട് സ്റ്റെപ്പ് താഴ്ത്തിയാണ് മറ്റു സൗകര്യങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. വീട്ടകം ഹൈലൈറ്റ് ചെയ്യുന്നതിന് ചുമരിൽ ക്ലാഡിങ്ങും സിലിങിൽ ജിപ്സവും പ്ലൈവുഡും വെനീറും വിവിധ പാറ്റേണിൽ ഉപയോഗിച്ചിട്ടുണ്ട്. ഇടഭിത്തികൾ ഇല്ലാത്തത് വീട്ടകം വിശാലമാക്കുന്നു. ക്രോസ് വെന്റിലേഷൻ ഇൗസിയാക്കുന്നതിനും ഇൗ നയം സഹായിക്കുന്നു.

പ്രയർ റൂമിന് പ്ലൈവുഡ് ജാളിവർക്ക് കൊണ്ടാണ് പാർടീഷൻ. സ്റ്റെയറിന് അടിഭാഗത്താണ് കോർട്യാർഡ്. സിന്തെറ്റിക് ഗ്രാസ്സും പെബിൾ കോർട്ടുമാണ് നടുമുറ്റം ആകർഷകമാക്കുന്നത്. പ്രയർ റൂമിനോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടുത്തെ ജനലുകൾ തുറന്നിട്ടാൽ ഇൗ ഭാഗം പാഷിയോയായി മാറും. 

സീലിങ്ങിൽ പർഗോള നൽകി സ്‌കൈലൈറ്റ് എത്തിച്ചതോടെ അകത്തളത്തിൽ ഇഷ്ടം പോലെ പ്രകാശവുമായി. സ്റ്റെയറിന്റെ കൈവരികൾ വുഡും ഗ്ലാസ്സും ഇടകലർത്തി ചെയ്തതാണ്. അപ്പർ ലിവിങ് ബ്രിഡ്ജ് പോലെയാണ്. ഇവിടെ ഫ്ളോറിൽ വുഡൻ ടൈലാണ്. ഒാപ്പൺ കിച്ചനാണ് വീട്ടിൽ ചിട്ടപ്പെടുത്തിരിക്കുന്നത്. വീടിന്റെ കാലികശൈലിക്ക് ഇണങ്ങും വിധത്തിലാണ് കിച്ചൻ. ഭിത്തിയിൽ ഒരു ആർച്ച് പോലാണ് സ്റ്റോറേജ്. പ്ലൈവുഡിലാണ് കിച്ചൺ കൗണ്ടർ. കൊറിയൻ ടോപ്പാണ് കൗണ്ടറിന്. 

ഒാപ്പൺ കിച്ചനിൽ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. പാചകവും ഭക്ഷണം കഴിപ്പുമൊക്കെ എളുപ്പമാക്കുന്നു ഇൗ രീതി. ഇതിനൊപ്പം ഒരു വർക്കിങ് കിച്ചനും ഇവിടുണ്ട്.  വുഡൻ ഫർണിച്ചറാണ് ഡൈനിങിൽ. 

വെവ്വേറെ തീമിലാണ് കിടപ്പുമുറികൾ. പ്ലൈവുഡിലാണ് കിടപ്പുമുറിയിലെ ഫർണിച്ചർ. നിറഭേദമാണ് ഹൈലൈറ്റ്. ഗ്രെ, വൈറ്റ്, ബ്ലാക്ക് തീമിലാണ് മാസ്റ്റർ ബെഡ്റും. ഹെഡ് ബോർഡും വാൾപേപ്പറും സീലിങ് സവിശേഷതകളുമാണ് കിടപ്പുമുറികൾ ആകർഷകമാക്കുന്നത്.

ചുരുക്കത്തിൽ ചെറിയ പ്ലോട്ടിലോ, ആകൃതിയില്ലാത്ത പ്ലോട്ടിലോ വീടു വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ് ഇൗ വീട്.

Project Facts

Location- Padoor, Thrissur

Plot- 10 Cent

Area- 3000 SQFT

Owner- Shehir

Architect - Josna Raphel 

Kavyam,

Chembukkavu

Thrissur 

Ph:9847632116