അദ്ഭുതമാണ് പഴമയുടെ ഗന്ധം നിറയുന്ന ഈ വീട്; ചെലവ് 20 ലക്ഷം!
അധ്യാപകനായ ഉണ്ണികൃഷ്ണന്റെ മനസ്സിൽ ഗൃഹാതുരസ്മരണകൾ നിറഞ്ഞാടുന്ന കേരളീയ തനിമയുള്ള ഒരു വീട് എന്നതായിരുന്നു സ്വപ്നം. പഴയ തറവാട് പൊളിച്ച് കളഞ്ഞ് പുതിയ വീട് നിർമ്മിക്കാമെന്ന തീരുമാനമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 600 സ്ക്വയർഫീറ്റ് വിസ്തൃതി മാത്രമുണ്ടായിരുന്ന വീടിനോടുള്ള അടുപ്പം അതിനെ നിലനിർത്തി കൊണ്ട് പുതുക്കാം എന്ന ആശയത്തിലെത്തി. എന്നാൽ ഡിസൈനർ മിഥുൻ ബാലനും അരുണും വീട് പുതുക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ വ്യക്തമാക്കിയതോടെ പുതിയ വീട് എന്ന സ്വപ്നത്തിന് ചിറക് മുളച്ചു. അങ്ങനെ പൊളിക്കലും കൂട്ടിച്ചേർക്കലുമായി 20 ലക്ഷം രൂപയ്ക്ക് പുതിയൊരു വീട് നിർമ്മിക്കാനായി.
പരമ്പരാഗത ശൈലിയിലൊരുക്കിയ വീടിന്റെ പുറംകാഴ്ചയെ ശ്രദ്ധേയമാക്കുന്നത് മണ്ണിന്റെ നിറവും വെള്ളയും മുൻഭാഗത്തേക്ക് നീട്ടിയെടുത്ത സിറ്റൗട്ടുമാണ്. മണ്ണിന്റെ നിറമോലുന്ന എലവേഷൻ ചുറ്റും നിറഞ്ഞു നിൽക്കുന്ന പച്ചപ്പുമായി ഇഴുകിച്ചേരുന്നു. മഡ്ഹൗസിന്റെ പ്രതീതികൊണ്ടുവരുവാനായി മുൻവശത്തെ തൂണുകളിൽ വെട്ടുകല്ലിന്റെ ഭാഗം പ്ലാസ്റ്ററിങ് ചെയ്തില്ല. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച വീടിനെ പുതുക്കുന്നത് വളരെയേറെ ബുദ്ധിമുട്ടായതിനാൽ പഴയ വീടിന്റെ ചില ചുമരുകൾ മാത്രമാണ് നിലനിർത്തിയത്. പഴയ വീടിന്റെ തറ ഉപയോഗിച്ച് തന്നെ പുതിയ വീട് പണിതു. ഗൃഹനാഥന്റെ താത്പര്യപ്രകാരം പരമ്പരാഗത ശൈലിയാണ് അവലംബിച്ചത്.
പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് വീട് പണി പുരോഗമിച്ചത്. പഴയ വീടിന്റെ പുനരുപയോഗിക്കാവുന്ന എല്ലാവിധ നിർമ്മാണ സാമഗ്രികളും പ്രയോജനപ്പെടുത്തി. പഴയ ഫർണീച്ചറുകളൊക്കെ പുതിയ അപ്ഹോൾസ്ട്രി ചെയ്ത് ഉൾവശങ്ങളിൽ ഉപയോഗിച്ചു. ഇരുട്ട് നിറഞ്ഞ അകത്തളവും സൗകര്യമില്ലായ്മയും ആയിരുന്നു വീട്ടുകാർ നേരിട്ട പ്രധാന പ്രശ്നങ്ങൾ. ഒരു ഹാൾ, വരാന്ത, അടുക്കള, രണ്ട് കിടപ്പുമുറികൾ മാത്രമായിരുന്നു മുൻപുണ്ടായിരുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചൻ, നാല് കിടപ്പുമുറികൾ തുടങ്ങിയവയാണ് പുതിയ വീട്ടിലെ ഇടങ്ങൾ.
ഒാഫ് വൈറ്റ് നിറത്തിന്റെ അകമ്പടിയോടെയാണ് അകത്തള ഒരുക്കങ്ങൾ. ഒാരോ ഏരിയുടേയും ഉപയുക്തതയ്ക്കു പ്രാധാന്യം നൽകിയുള്ള ഒരുക്കങ്ങൾ മാത്രമാണ് അകത്തളത്തിൽ സ്വീകരിച്ചിട്ടുള്ളത്. പ്രധാനവാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് - ഡൈനിങ് ഏരിയയിലേക്കാണ്. തുറസ്സായ നയത്തിലാണ് അകത്തള ക്രമീകരണം. എല്ലായിടങ്ങളിലേക്കും ചെന്നെത്തുന്ന വരാന്തയാണ് ഇവിടുത്തെ ഹൈലൈറ്റ്. ആന്റിക് സാമഗ്രികളുടെ വൻശേഖരം തന്നെ ഉണ്ണികൃഷ്ണന്റെ കയ്യിലുണ്ടായിരുന്നു. അതിനാൽ വീട് അലങ്കരിക്കാനുള്ള ക്യൂരിയോസിനായി ഒരു കടയിലും കയറിയിറങ്ങേണ്ടി വന്നില്ല.
ചെലവ് ചുരുക്കിയതിങ്ങനെ
- പഴയ വീട് പൊളിച്ചതിൽ നിന്ന് പുനരുപയോഗിക്കാവുന്ന നിർമ്മാണ സാമഗ്രികളെല്ലാം പ്രയോജനപ്പെടുത്തി.
- തട്ടെല്ലാം അഴിച്ച് അളവുകളൊക്കെ ക്രമപ്പെടുത്തിയാണ് വീണ്ടും ഘടിപ്പിച്ചത്. പുതുതായി നിർമ്മിച്ച കിടപ്പുമുറികളിൽ മറ്റിടങ്ങളിലെ പോലെത്തന്നെ തട്ടിട്ടു.
- പഴയ ഒാടുകൾ റീപെയിന്റ് ചെയ്താണ് മേഞ്ഞത്.
- പഴയ തറ ഉപയോഗപ്പെടുത്തിയാണ് ലിവിങ്, ഡൈനിങ്, 2 കിടപ്പുമുറികൾ എന്നിവ നിർമ്മിച്ചത്.
- വെയ്സ്റ്റേജ് വരുത്താതെ ഉത്പന്നങ്ങൾ ശ്രദ്ധയോടെ നിർമ്മാണത്തിനായി തെരഞ്ഞെടുത്തു.
Project Facts
Location: Alapuzha
Area: 1600 Sqft.
Owner: Unnikrishnan
Designer: Mithun Balan & Arun
Yuuga Designs, Manjeri
Ph:8943661899, 8589881899
Email: yuugadesigns@gmail.com
Cost: 20 Lakhs
Completed in: 2019