ഗുരുവായൂർ കീഴ്ശാന്തിയായ ശ്യാംകൃഷ്ണൻ ഗുരുവായൂരിനടുത്ത് മമ്മിയൂരിൽ പണിത തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു വലിയ ആഢംബരങ്ങളില്ലാതെ ലളിതമായ ശൈലിയിലൊരു വീട് പണിയണം എന്നുള്ളത്. കുടുംബവകയായി കിട്ടിയ അഞ്ചു സെന്റ് പ്ലോട്ടുണ്ടായിരുന്നതിനാൽ സമകാലീന ശൈലിയിൽ വീട് പണിതു. ചതുരാകൃതിയിൽ നിറഞ്ഞുനിൽക്കുന്ന എക്സ്റ്റീരിയറും വിശാലതയ്ക്കു പ്രാധാന്യം നൽകിയ സമകാലീന ശൈലിയിലൊരു ഇന്റീരിയറുമായിരുന്നു ഞങ്ങൾക്ക് താത്പര്യം. സുഹൃത്തും എൻജിനീയറുമായ വിനീതാണ് 1650 SFT വിസ്തീർണ്ണമുള്ള വീട് ഡിസൈൻ ചെയ്തത്. വീടും ചുറ്റുമതിലും ലാന്റ്സ്കേപ്പുമടക്കം 36 ലക്ഷത്തിനാണ് പണി പൂർത്തിയായത്.

36-lakh-guruvayur-exterior

പ്രാദേശിക സമകാലിക രീതിയിൽ...

നാടിനും ജീവിതശൈലിക്കും ഇണങ്ങുന്ന പ്രാദേശിക രീതിയാണ് വീടിന്റെ നിർമ്മാണത്തിന് സ്വീകരിച്ചത്. ഗൃഹനാഥനും ഭാര്യയും ജോലിക്കാരായതിനാൽ എളുപ്പം പരിപാലിക്കാനാകുന്ന തരത്തിലുള്ള ഡിസൈനാണ് തെരഞ്ഞെടുത്തത്. ബജറ്റും ഒരു പ്രധാന ഘടകമായതിനാൽ ചെലവു കുറഞ്ഞ മാർഗങ്ങളാണ് അവലംബിച്ചത്. ഇടയ്ക്ക് മാറി വരുന്ന ട്രെൻഡുകൾക്കനുസരിച്ച് വീട് പുതുക്കാൻ താത്പര്യമില്ലാത്തതിനാൽ നിർമ്മാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പ് വഴരെ ശ്രദ്ധയോടെയാണ് നടത്തിയത്. 

ലാന്റ്സ്കേപ്പിന് വളരെ പ്രാധാന്യം നൽകി വീടിന്റെ ഡിസൈൻ നയത്തിനോട് ചേരുംവിധമാക്കി. ഗേറ്റും ഇതേനയം പിന്തുടരുന്നു. എസിപി പാനൽ കൊണ്ട് തടി കഷ്ണങ്ങൾ അടുക്കിവച്ചതുപോലെയാണ് ഗേറ്റ്. മൾട്ടിവുഡിന്റെ ഷീറ്റിൽ സിഎൻസിസി കട്ട് ചെയ്താണ് ഗേറ്റിൽ ഗണപതിയുടെ രൂപം ഉറപ്പിച്ചത്. കോട്ട സ്റ്റോൺ പാകിയ മുറ്റവും അതിനോട് ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും റസ്റ്റിക് ഫിനിഷിൽ ഒരുക്കിയ എക്സ്റ്റീരിയറിന് മാറ്റ് കൂട്ടുന്നുണ്ട്. 

തുറന്ന നയത്തിൽ...

മിനിമലിസ്റ്റിക് ശൈലിയാണ് അവലംബിച്ചത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, 3 ബെഡ്റൂം, പാഷ്യോ, ബാൽക്കണി എന്നിയിടങ്ങളാണ് തുറസ്സായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും സുലഭമായി വന്നെത്തുന്നതിനാൽ പകൽ മുഴുവനും  പ്രകാശമയമാണ് അകത്തളങ്ങൾ. കൂടാതെ ഇളംനിറങ്ങൾ അതിന്റെ തോത് കൂട്ടുകയും ഉൗർജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. എൽ ഷേപ്പിലാണ് ലിവിങ്ങും ഡൈനിങ്ങും ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മനയിൽ നിന്ന് കൊണ്ടുവന്ന ഫർണീച്ചറുകൾ സമകാലിക ശൈലിയിലേക്ക് രൂപമാറ്റം വരുത്തി. തേക്ക് ഫിനിഷിലുള്ള ജിപ്സം സീലിങ്ങും സൈക്കിൾ ലാമ്പുമാണ് ഡൈനിങ്ങ് ഏരിയയെ അലങ്കരിക്കുന്നത്. ബാക്കി വന്ന വാൾപേപ്പറും എംഡിഎഫും പ്ലൈവുഡുമാണ് പൂജാ സ്പേയ്സിലേക്ക് ഉപയോഗിച്ചത്. പ്ലൈവുഡിൽ തേക്ക് ഫിനിഷ് നൽകിയതിനാൽ പഴമയുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്നു. 

മുൻവശത്തെ വാതിൽ ഒഴിച്ചാൽ മറ്റുള്ളവയെല്ലാം റ്റാറ്റയുടെ സ്റ്റീൽ ഡോറുകളാണ്. പ്രധാനവാതിൽ മാത്രം തേക്കിലാണ് നിർമ്മിച്ചത്. ഫ്ളോറിൽ മാറ്റ് ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. കിടപ്പുമുറികളിൽ മൾട്ടിവുഡ് കൊണ്ടുള്ള ക്യാബിനറ്റുകൾ സ്ഥാനം പിടിച്ചു. ഡൈനിങ്ങിൽ നിന്നാണ് സ്റ്റെയർകേസ് തുടങ്ങുന്നത്. ഒരു ബെഡ്റൂമും ലിവിങ് എന്നിവയാണ് ഫസ്റ്റ് ഫ്ളോറിലുള്ളത്.

ബെഡ്റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് പ്രവേശിക്കാം. ലിവിങ്ങിൽ നിന്ന് മുൻവശത്ത് ക്രമീകരിച്ച സീറ്റിങ്ങ് ഏരിയിലേക്ക് നീങ്ങാവുന്നതാണ്. ഒരു ഗെറ്റ് ടുഗെതറോ പാർട്ടിയോ നടത്തുവാൻ സജ്ജമാക്കിയിട്ടുണ്ടിവിടം. നമ്പൂതിരി സമുദായത്തിൽ പെട്ടവരായതിനാൽ ദിനവും മുങ്ങി കുളിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്  പിറകുവശത്തുള്ള ടെറസിൽ സ്വിമ്മിങ് പൂൾ തയ്യാറാക്കി. നാലടി താഴ്ചയുള്ള പൂളിൽ 8000 ലിറ്റർ വെള്ളം ഉൾക്കൊള്ളിക്കുവാൻ സാധിക്കും.  

ആധുനികതയുടെ മൂടുപടം അണിഞ്ഞാണ് അടുക്കള നിൽക്കുന്നത്. സ്റ്റീൽ ക്യാബിനറ്റുകളും ഗ്രാനൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പുമാണ് ഇവിടം മോടിപിടിപ്പിക്കുന്നത്. കിച്ചനോട് ചേർന്ന് വർക്ക് ഏരിയയ്ക്ക് സ്പേയ്സ് നൽകിയിട്ടുണ്ട്. കൂടാതെ ഉറപ്പുള്ള മെറ്റീരിയലുകൾ വേണമെന്ന നിർബന്ധമാണ് അല്പം ചിലവേറിയതാണെങ്കിലും അടുക്കളയിലേക്ക് ഗോദറേജിന്റെ സ്റ്റീൽ ക്യാബിനറ്റുകൾ തിരഞ്ഞെടുത്തത്. ഗൃഹനാഥൻ ശ്യാംകൃഷ്ണൻ വ്യക്തമാക്കുന്നു.

ഫോട്ടോ: പ്രതീഷ് ഗുരുവായൂർ

Project Facts

Location- Mammiyoor, Guruvayoor

Plot: 5 Cents

Area: 1650 Sqft.

Owner- Mr. Syamkrishnan & Mrs. Saritha

Designer: Er. Vineeth

Mammiyur Jn, Guruvayur

Ph:9497828000, 8606580000

Cost: 36 Lakhs

Completed in: 2019