ആരിലും അസൂയ ഉണർത്തും ഈ വീട്; കാരണമുണ്ട്
കാക്കനാട്ടെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഡോക്ടർ അനിലിന്റേയും ഡോക്ടർ ആനിയുടെയും വീട്. അടിമുടി വിസ്മയക്കാഴ്ചകളുടെ ഉത്സവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നഗരഹൃദയത്തിൽ തന്നെ സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിൽ സൗകര്യങ്ങൾക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടിന്റെ ഓരോ കോണിലും സൂക്ഷ്മതയോടെ ഈ ആവശ്യം നിവർത്തിച്ചിരിക്കുന്നു. ആർക്കിടെക്ട് ആൽബിൻ പോൾ( ബി സ്റ്റുഡിയോ, കാക്കനാട്) ആണ് വീടിന്റെ ശില്പി. രണ്ടു തട്ടുകളായി കിടക്കുന്ന പ്ലോട്ടിൽ മനോഹരമായി ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. ശരിക്കും ലാൻഡ്സ്കേപ്പും വീടിന്റെ പുറംകാഴ്ചയും പരസ്പര പൂരകങ്ങളായി വർത്തിക്കുകയാണ്. കടപ്പ വിരിച്ചു ഡ്രൈവ് വേ ഉറപ്പിച്ചു. ചെടികളും മരങ്ങളും പുൽത്തകിടിയുമെല്ലാം ലാൻഡ്സ്കേപ് സജീവമാക്കുന്നു.
രണ്ടു തട്ടുകളായി കിടക്കുന്ന നീളമുള്ള പ്ലോട്ടിന്റെ ആനുകൂല്യം മുതലെടുത്ത് നീളത്തിലാണ് വീടിന്റെ ഇടങ്ങളുടെ ക്രമീകരണം. സമകാലിക ശൈലിയിൽ ചരിഞ്ഞ മേൽക്കൂരയാണ് വീടിനു നൽകിയത്. പോർട്ടുഗലിൽ നിന്നും ഇറക്കുമതി ചെയ്ത മേച്ചിൽ ഓടാണ് വീടിനു തലയെടുപ്പ് നൽകുന്നത്. സ്വാഭാവിക വെളിച്ചവും കാറ്റും ആവോളം നിറയാൻ പാകത്തിനാണ് അകത്തളങ്ങളുടെ ക്രമീകരണം. ഗ്രില്ലുകൾ ഇല്ലാത്ത സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളും വാതിലുമാണ് വീട്ടിൽ കൂടുതലും നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളും നൽകിയിട്ടുണ്ട്.
7500 ചതുരശ്രയടിയിൽ പരിധിയില്ലാത്ത സൗകര്യങ്ങളുടെ സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, അഞ്ചു കിടപ്പുമുറികൾ, വർക്കിങ് കിച്ചൻ, പാൻട്രി കിച്ചൻ, വർക്കേറിയ, ലൈബ്രറി, ഹോം തിയറ്റർ, ജിം, പാർട്ടി ഏരിയ എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ.
സ്വീകരണമുറിയിൽ നിന്നും പ്രവേശിക്കുന്നത് 700 ചതുരശ്രയടിയിൽ ഒരുക്കിയ ലിവിങ്-ഡൈനിങ് ഹാളിലേക്കാണ്. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. എക്സ്പോസ്ഡ് ബ്രിക്ക് വർക്കിന് പിന്നിൽ ലൈറ്റിങ് നൽകിയാണ് ഇവിടെ പ്രെയർ സ്‌പേസ് ഒരുക്കിയത്. സമീപഭിത്തികളിൽ സമാനമായ വിധത്തിൽ പെയിന്റിങ്ങും ക്യൂരിയോസും ക്രമീകരിച്ചു.
ഫ്ലോറിങ്ങിലും വൈവിധ്യം പരീക്ഷിച്ചിരിക്കുന്നു. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പ്രധാന ഇടങ്ങളിൽ നിറയുന്നത്. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ് നൽകി. അടുക്കളയിൽ വിട്രിഫൈഡ് ടൈലുകളും ഉപയോഗിച്ചു.
സ്വാഭാവിക പ്രകാശത്തിനൊപ്പം കൃതിമ പ്രകാശത്തിനും ഇടം ഒരുക്കിയിട്ടുണ്ട്. സീലിങ്ങിൽ ജിപ്സവും മൂഡ് ലൈറ്റിങ്ങും നൽകി. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് മുറികളിലെ പ്രകാശവിന്യാസം ക്രമീകരിക്കാൻ കഴിയും.
ഇറക്കുമതി ചെയ്ത സെമി പ്രെഷ്യസ് സ്റ്റോൺ കൊണ്ടാണ് ഊണുമേശയുടെ സ്ളാബ് ഒരുക്കിയിരിക്കുന്നത്.
വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഒരിടമാണ് വാട്ടർ ബോഡി. ഫോർമൽ ലിവിങ്ങിൽനിന്നും സിറ്റൗട്ടിൽനിന്നും കാഴ്ച ലഭിക്കുംവിധമാണ് ഇതിന്റെ ക്രമീകരണം. വെങ്കലത്തിൽ നിർമിച്ച ശ്രീകൃഷ്ണ പ്രതിമയും ഈ സ്ഥലത്തെ ആകർഷകമാക്കുന്നു.
വിശാലതയും ആഡംബര സൗകര്യങ്ങളുമാണ് ഓരോ കിടപ്പുമുറികളെയും അടയാളപ്പെടുത്തുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ, സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ സജ്ജീകരിച്ചിരിക്കുന്നു.
വർക്കിങ് കിച്ചൻ, പാൻട്രി കിച്ചൻ, വർക്കേറിയ എന്നിവയും വീടിന്റെ ഭാഗമാണ്. വൈറ്റ് തീമിലാണ് ഐലൻഡ് കിച്ചൻ. ഓട്ടോമോട്ടീവ് പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. മധ്യത്തിലായി സിങ്കും കട്ടിങ് ടേബിളും ബ്രേക്ഫാസ്റ്റ് കൗണ്ടറും വരുംവിധമാണ് രൂപകൽപന. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.
രാത്രിയിൽ മഞ്ഞവിളക്കുകളുടെ പ്രഭയിൽ വീട് മുങ്ങിക്കുളിച്ചു നിൽക്കുന്ന കാഴ്ച ആരെയും കൊതിപ്പിക്കും. ചുരുക്കത്തിൽ വർണാഭമായ ഒരു പൂരം കണ്ടു മടങ്ങുന്ന നിറവാണ് ഈ വീട് പ്രദാനം ചെയ്യുന്നത്.
Project Facts
Location- Kakkanad
Area- 7500 SFT
Owners- Dr. Anil, Dr. Anee
Architect- Albin Paul
Be_Studio, Kakkanad
Mob- 9846979960
Completion year- 2019 Feb