മരിക്കാൻ മനസ്സില്ല! 122 വയസ്സുള്ള ഈ വീട് മലയാളികൾക്ക് വലിയ ഒരു പാഠമാണ്
അടൂരിലുള്ള അമ്പിയിൽ വീടിന് ഏകദേശം 122 വർഷത്തെ പഴക്കമുണ്ട്. വെട്ടുകല്ലിനു മുകളിൽ കുമ്മായം പൂശിയ ചുവരുകളും അറയും പുരയും നടുമുറ്റവുമുള്ള തറവാടായിരുന്നു ഇത്. പക്ഷേ നാലു തലമുറകൾ ജീവിച്ച വീട്, സൗകര്യക്കുറവും ബലഹീനതയും മൂലം കഴിഞ്ഞ 50 വർഷമായി അടഞ്ഞു കിടക്കുകയായിരുന്നു. പുതിയ തലമുറയിലെ അവകാശിയായ അനൂപ് വേറെ വീട്ടിൽ താമസവും തുടങ്ങി.
കാലാനുസൃതമായ സൗകര്യങ്ങളുടെ കുറവുമൂലം തറവാട്ടിൽ താമസിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. ഒരു ഘട്ടത്തിൽ പൊളിച്ചു കളയാം എന്നു വരെ വിചാരിച്ചതാണ്. അപ്പോഴാണ് ഭാര്യാസഹോദരനും ഡിസൈനറുമായ ജിജോ രംഗത്തേക്ക് വരുന്നത്. തറവാടിന്റെ പഴമ നിലനിർത്തിക്കൊണ്ടുതന്നെ പുതിയകാല സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്ന ഉത്തരവാദിത്തം ജിജോ ഏറ്റെടുത്തു. അനൂപ് പറയുന്നു.
അങ്ങനെ ചുരുങ്ങിയകാലം കൊണ്ട് തറവാട് പുതിയകാലത്തിലേക്ക് ചുവടുമാറ്റി. വരാന്ത, സ്വീകരണമുറി, ഡൈനിങ് ഹാൾ, നടുമുറ്റം, മൂന്നു കിടപ്പുമുറികൾ, അടുക്കള എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.
കെട്ടിടനിർമാണ സാമഗ്രികളുടെ ബിസിനസ് ചെയ്യുന്ന അനൂപ് പഴയ തറവാടിന്റെ ഒരുവശം ഗോഡൗൺ ആക്കി മാറ്റിയിരുന്നു. ഇവിടവും ഇപ്പോൾ വീടിന്റെ ഭാഗമാക്കി മാറ്റിയെടുത്തു. ഭിത്തിയിൽ ടെറാക്കോട്ട ക്ലാഡിങ് ടൈലുകൾ വിരിച്ചു ഭംഗിയാക്കി.
മാറ്റങ്ങൾ
കഴുക്കോലുകൾ എല്ലാം ദ്രവിച്ചു പോയിരുന്നു. മേൽക്കൂര പൂർണമായും മാറ്റി. പകരം ആഞ്ഞിലി കൊണ്ടു പുതിയ കഴുക്കോലുകൾ നൽകി. പഴയ ഓട് അതേപടി പുനരുപയോഗിച്ചു. ദ്രവിച്ചു പോയ ജനലുകളും വാതിലുകളും പൂർണമായി മാറ്റി.
വീടിനെ ചുറ്റി നിലകൊള്ളുന്ന വരാന്ത അതേപടി സംരക്ഷിച്ചു. ഇതിനു മാത്രം ഏകദേശം 500 ചതുരശ്രയടിയുണ്ട്. ദ്രവിച്ച തടിതൂണുകൾ മാറ്റി പകരം തമിഴ്‌നാട്ടിലെ മയിലാടിയിൽ നിന്നുള്ള കൽത്തൂണുകൾ കൊണ്ടുവന്നു സ്ഥാപിച്ചു. വശത്തായി ജിഐ റൂഫിന് മുകളിൽ ഓട് വിരിച്ചു കാർപോർച്ച് പുതുതായി നിർമിച്ചു.
ഭിത്തികളിൽ പലയിടത്തെയും കുമ്മായം അടർന്നു പോയിരുന്നു. ഇതെല്ലം ഉരച്ചു മിനുക്കി പുട്ടിയിട്ട് പെയിന്റടിച്ചു.
പഴയ വീട്ടിൽ ഒരുപാട് മുറികൾ ഉണ്ടായിരുന്നെങ്കിലും വലിപ്പമില്ലായിരുന്നു. ഇതിനു പരിഹാരമായി മുറികൾ കൂട്ടിയോജിപ്പിച്ചു. പ്രധാന ഹാളിലെ തടിമച്ചും തട്ടുമ്പുറവും കാരണം മുറിക്ക് ഉയരവും കുറവായിരുന്നു. ഇത് പൊളിച്ചു കളഞ്ഞതോടെ ഏകദേശം 15 അടിയോളം മുറികൾക്ക് ഉയരം ലഭിച്ചു. കാവി വിരിച്ച നിലം മാറ്റി വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. പുതിയ ഫർണിച്ചറുകളും ലൈറ്റുകളും നൽകി.
പഴയ വീടിനകത്ത് ബാത്റൂമുകൾ ഇല്ലായിരുന്നു. ഇതിനു പരിഹാരമായി എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം ഒരുക്കി.
ചെറിയ നടുമുറ്റം പരിഷ്കരിച്ചു വലിപ്പം കൂട്ടി. ഗ്രാവൽ വിരിച്ചു. ഇൻഡോർ പ്ലാന്റുകൾ വച്ചുപിടിപ്പിച്ചു.
കിടപ്പുമുറികൾക്ക് നീളമുണ്ടെങ്കിലും വലിപ്പം കുറവായിരുന്നു. സമീപത്തുള്ള സ്‌പേസുകൾ കൂട്ടിയെടുത്ത് ഇത് പരിഹരിച്ചു. വാഡ്രോബുകൾ നൽകി. അറ്റാച്ഡ് ബാത്റൂമുകൾ നൽകി.
പഴയ വിറകടുപ്പ് വീടിന് പുറത്തേക്ക് മാറ്റി. പകരം പുതിയകാല സൗകര്യങ്ങളുള്ള മോഡുലാർ കിച്ചൻ നിർമിച്ചു. കബോർഡുകൾ പുതിയവ നിർമിച്ചു.
പ്രകൃതിയോട് ചേർന്ന വീട്
ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പുതുക്കിപ്പണിയാണ് ചെയ്തത്. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ഗ്രാവൽ വിരിച്ചു. മുറ്റത്തുള്ള മുത്തശിമാവ് വെട്ടാതെ സംരക്ഷിച്ചു. പുതിയ പ്ലാനിലും വാസ്തുപരമായ മാറ്റങ്ങൾ വരുത്തിയിരുന്നു. അതിനാൽ വീടിനുള്ളിൽ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നു. ഫാനും എസിയുമൊന്നും ഇടേണ്ട ആവശ്യമേ വരുന്നില്ല. പഴമനിറയുന്ന വീടുകൾ നമ്മുടെ സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. അവയെ ഒഴിവാക്കാതെ, സംരക്ഷിക്കാനുള്ള മനഃസ്ഥിതിയിലേക്ക് നമ്മൾ മാറണം. ചുരുക്കത്തിൽ പഴമയെ സ്നേഹിക്കുന്ന മലയാളികൾക്ക് മാതൃകയാക്കാവുന്നതാണ് ഈ വീടിന്റെ മാറ്റത്തിന്റെ കഥ.
Project Facts
Location- Adoor
Plot- 1.5 acre
Owner- Anoop
Mob- 94470 20505
Designer- Jijo
Mob- 9846049270