കോഴിക്കോട് ജില്ലയിലെ ആരൂരിൽ കേരളത്തനിമയും സൗകര്യങ്ങളും സമന്വയിക്കുന്ന വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ബിനീഷ് ആരൂർ പങ്കുവയ്ക്കുന്നു.

മനോരമ ഓൺലൈനിൽ കണ്ട ഒരു വീടിനോടുള്ള ഇഷ്ടമാണ് എന്റെ സ്വപ്നവീട്ടിലേക്കുള്ള യാത്രയിൽ വഴിത്തിരിവായത്. അതുവഴി ആ വീടിന്റെ ഡിസൈനർ റഫീഖിനെ പരിചയപ്പെട്ടു. പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളും നിറയുന്ന വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

വിശാലമായ ഒരേക്കറിന്റെ ആനുകൂല്യം വിനിയോഗിച്ച് പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കുംവിധം കമനീയമാണ് പുറംകാഴ്ച. ചരിച്ചു വാർത്ത മേൽക്കൂരയിൽ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത മേച്ചിൽ ഓടുകളാണ് വിരിച്ചത്. വീടിന്റെ മിനിപതിപ്പുപോലെ  കാർപോർച്ച് വശത്തായി ഒരുക്കി. ഇവിടെനിന്നും വീട്ടിലേക്ക് കയറാൻ ഇടനാഴിയും ഒരുക്കി. 

വിശാലമായ ലാൻഡ്സ്കേപ്പും വീടിനോട് കിടപിടിക്കുംവിധമാണ് ഒരുക്കിയത്. നാച്ചുറൽ സ്റ്റോൺ വിരിച്ചാണ് ഡ്രൈവ് വേ ഒരുക്കിയത്. വശങ്ങളിൽ പുൽത്തകിടിയും ചെടികളും വച്ചുപിടിപ്പിച്ചു. പ്രധാനവാതിലിനു നേരെ മുന്നിലായി വാട്ടർബോഡിയും ബ്രിഡ്ജും ഒരുക്കി. 

കാർ പോർച്ച്, പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, അടുക്കള എന്നിവയാണ് 5000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. 

വീട്ടിലേക്ക് കാലെടുത്തുവയ്ക്കുന്ന ആരെയും ആദ്യം ആകർഷിക്കുന്നത് തടിയിൽ മയിലിന്റെ ആകൃതിയിൽ  നിരഞ്ജനം എന്നെഴുതിയ ബോർഡാണ്. പണിക്കുവന്ന ആശാരിമാരെ കൊണ്ട് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കലാരൂപം. നീളൻ പൂമുഖമാണ് വീടിനു നൽകിയത്. കോൺക്രീറ്റ് തൂണുകളിൽ തടിയും പിച്ചളയും വൈറ്റ് പെയിന്റും നൽകിയാണ് തൂണുകൾ വേർതിരിക്കുന്നത്. ഇവിടെ പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ ആട്ടുകട്ടിൽ നൽകിയിട്ടുണ്ട്.

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വിശാലത അനുഭവപ്പെടുന്നു. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇവിടെ ഭിത്തിയിൽ പാനലിങ് നൽകി ടിവി യൂണിറ്റ് പ്രതിഷ്ഠിച്ചു. രണ്ടാം നിലയുടെ ഭിത്തിയിൽ ജനാലകൾ നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. വീടിനകത്ത് കൂടുതൽ വിശാലതയും വെന്റിലേഷനും ലഭിക്കാൻ ഇത് വഴിയൊരുക്കുന്നു.

തടിയുടെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫർണിച്ചറുകൾ, ഗോവണി, പാനലിങ് എന്നിവയ്ക്ക് കൂടുതലും തടിയാണ് ഉപയോഗിച്ചത്. അപ്രധാനമായ ഇടങ്ങളിൽ പ്ലൈവുഡ്, വെനീർ എന്നിവയും ഉപയോഗിച്ചു. താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളാണ് വിരിച്ചത്. മുകൾനിലയിൽ വുഡൻ ഫ്ളോറിങ്ങും വിട്രിഫൈഡ് ടൈലുകളും നൽകി. ഗോവണിയുടെ വശത്തെ ഭിത്തി ക്ലാഡിങ് നൽകി വേർതിരിച്ചു, ഇത് മുകൾനിലയിലും തുടരുന്നു.

അകത്തളത്തിലെ ഏറ്റവും ഹൃദ്യമായ ഇടങ്ങളിലൊന്ന് നടുമുറ്റമാണ്. വെട്ടുകല്ലിന്റെ ക്ലാഡിങ് കൊണ്ടാണ് ഭിത്തികൾ മിനുക്കിയത്. മുകളിൽ സ്‌കൈലൈറ്റ് നൽകി. താഴെ പെബിളുകളും ഇൻഡോർ പ്ലാന്റുകളും ക്രമീകരിച്ചു. ഇവിടെയും ആട്ടുകട്ടിൽ നൽകി. അകത്തളത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നു.

കർവ്ഡ് ശൈലിയിൽ ഒരുക്കിയ ഗോവണിയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇതിന്റെ പടികളും കൈവരികളും തേക്കിൽ പൊതിഞ്ഞെടുത്തതാണ്. ഗോവണി കയറിച്ചെല്ലുന്നത് നീളൻ ഹാളിലേക്കാണ്. ഇവിടെയും ലിവിങും ടിവി യൂണിറ്റും നൽകി. മേൽക്കൂരയുടെ ചരിവിന് അനുസരിച്ച് ഫോൾസ് സീലിങ് ചെയ്തിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.

വിശാലമാണ് അഞ്ചു കിടപ്പുമുറികളും. ഹെഡ്ബോർഡിൽ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ സീലിങ്ങിലേക്ക് പടരുന്നവിധമാണ് ഹെഡ്ബോർഡ്. റെക്സിൻ, ബ്ലാക് അക്രിലിക്, പ്ലൈവുഡ് എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റോറേജിന്‌ ഫുൾ ലെങ്ത് വാഡ്രോബുകൾ സജ്ജീകരിച്ചു. മറ്റുമുറികളിലും ഫോൾസ് സീലിങ്ങിൽ വ്യത്യസ്ത ഡിസൈനുകൾ കാണാം.

അടുക്കള യൂറോപ്യൻ ശൈലിയിലാണ്. വുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. സെന്റർ ടേബിൾ ബ്രേക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.

ചുരുക്കത്തിൽ ഞങ്ങൾ മനസ്സിൽ കണ്ടതിനേക്കാൾ മനോഹരമായ വീട് ഡിസൈനർ റഫീഖ് ഒരുക്കിത്തന്നു. കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു ഗൃഹപ്രവേശം. ഇപ്പോൾ വീട്ടിലെത്തുന്ന അതിഥികൾക്കും അറിയേണ്ടത് വീടൊരുക്കിയ വിശേഷങ്ങളാണ്. പ്ലാൻ തരാമോ, ഏതൊക്കെ മെറ്റീരിയലുകളാണ് ഉപയോഗിച്ചത്, എത്ര രൂപ ചെലവായി...അങ്ങനെ ചോദ്യങ്ങൾ നീളുന്നു. അതൊക്കെ പങ്കുവയ്ക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു.

Project Facts

Location- Arur, Calicut

Area- 5000 SFT

Plot- 1 acre

Owner- Bineesh Arur

Designer: Rafeeq, Nimfra Architects

Project Manager- Bivin

Mobile: 9747103043

ചിത്രങ്ങൾ- അജീബ് കോമാച്ചി