തൊടുപുഴയ്ക്കടുത്ത് മുട്ടം എന്ന സ്ഥലത്ത് പ്രധാനപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഉയരമുള്ള 40 സെന്റ് പ്ലോട്ടിലാണ് സജിമോൻ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ പിടിതരാത്ത രൂപമാണ് വീടിന്റെ ഹൈലൈറ്റ്. ഇരുനില എന്ന് തോന്നുമെങ്കിലും ഒരുനിലയാണ്. പ്രകൃതിരമണീയമായ ചുറ്റുപാടിലേക്ക് കൺതുറക്കുകയും കാതോർക്കുകയും ചെയ്യുന്നവിധമാണ് രൂപകൽപന. നാച്ചുറൽ സ്റ്റോൺ വിരിച്ചു ഡ്രൈവ് വേ വേർതിരിച്ചു. പുൽത്തകിടിയും ചെടികളും നൽകി ലാൻഡ്സ്കേപ്പും മനോഹരമാക്കി.

രണ്ടു തട്ടുകളായി കിടക്കുന്ന ഭൂമിയുടെ ആനുകൂല്യം മുതലെടുത്ത് ഒരു ബേസ്മെന്റ് ഫ്ലോറും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം, യൂട്ടിലിറ്റി സ്‌പേസ് എന്നിവ ഇവിടെ ക്രമീകരിച്ചു. അങ്ങനെ നോക്കുമ്പോൾ ഇരുനില തന്നെ! കോളം ബീം സ്ട്രക്ചറിലാണ് അടിത്തറ നിർമിച്ചത്. ജിഐ ട്രസ് റൂഫിങ് ചെയ്ത് കോൺക്രീറ്റ് റൂഫ് ടൈലുകൾ വിരിച്ചു. ഇതിലൂടെ മുകളിൽ ലഭിച്ച ഇടവും യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി.

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, ബേസ്മെന്റ് യൂട്ടിലിറ്റി ഏരിയ എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കാനായി നിരവധി തുറന്ന ഇടങ്ങൾ സ്ട്രക്ചറിൽ നൽകി. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ഗ്ലാസ് ജാലകങ്ങളും ഒരുക്കി. 

ചുവരുകൾ തടസപ്പെടുത്താതെ വിശാലമായാണ് അകത്തളങ്ങൾ ഒരുക്കിയത്. വുഡൻ ഫിനിഷുള്ള ടൈലുകളാണ് പൊതുവിടങ്ങളിൽ നൽകിയത്.

പ്രധാനവാതിൽ തുറന്നാൽ പ്രവേശിക്കുന്നത് ഫാമിലി ലിവിങ്- ഡൈനിങ്- കോർട്യാർഡ് എന്നിവയുള്ള ഹാളിലേക്കാണ്. കോർട്യാർഡിന്റെ സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഇവിടെ നിലം വുഡൻ ടൈലുകൾ വിരിച്ചു വേർതിരിച്ചു. 

ഒരു ആട്ടുകട്ടിലും ഇവിടെ നൽകി. വീടിനുള്ളിലെ ഏറ്റവും സജീവമായ ഇടവും ഇതാണ്.

പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ കിടപ്പുമുറികളിൽ ഒരുക്കിയിരിക്കുന്നു. ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ഏരിയ എന്നിവയെല്ലാം ഉപയുക്തത വർധിപ്പിക്കുന്നു. ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന അടുക്കള. സമീപം വർക്കേരിയയും ക്രമീകരിച്ചു. 

പ്രകൃതിയുടെ ഭാവഭേദങ്ങൾ വീടിനുള്ളിലും പ്രതിഫലിക്കുന്നു. അത് അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു, ഒപ്പം വീട്ടുകാരിലും.

Project Facts

Location- Muttom, Thodupuzha

Area- 4000 SFT

Owner- Sajimon

Architect: Sebastian Jose

Silpi Architects, 

0484 2663448, 2664748

Completion year- 2018 Dec