'ഇത് പ്രവാസകാലത്തെ സ്വപ്നമായിരുന്നു, ഇപ്പോൾ ജീവിതം പൂർണമായി'!
കോഴിക്കോട് മുക്കത്ത് തന്റെ സ്വപ്നഗൃഹം സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ മുഹമ്മദ് അലി പങ്കുവയ്ക്കുന്നു.
ഞാൻ പ്രവാസിയാണ്. എല്ലാ പ്രവാസികളെയും പോലെ നിറമുള്ള സ്വപ്നമായിരുന്നു നല്ലൊരു വീട്. ഒരുപാട് കാലത്തെ ആസൂത്രണവും അധ്വാനവുമുണ്ട് ഈ വീടിനു പിന്നിൽ.
പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രൂപഭംഗിയും സൗകര്യങ്ങളും വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഡിസൈനർ ഷൈജു സുഹൈലാണ് വീട് രൂപകൽപന ചെയ്തത്.
ലാൻഡ്സ്കേപ് വേണം എന്നുണ്ടായിരുന്നു. അതിനാൽ 23 സെന്റിൽ പിന്നിലേക്കിറക്കിയാണ് വീടുപണിതത്. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചുറപ്പിച്ചു. ചെടികളും പുൽത്തകിടിയും നൽകി. മരത്തടിയുടെ രൂപത്തിൽ ടെക്സ്ചർ ചെയ്ത കിണർ ലാൻഡ്സ്കേപ്പിൽ പ്രധാന ആകർഷണമാണ്.
സമകാലിക, കേരളീയ ശൈലികൾ ഇടകലർത്തിയാണ് വീടിന്റെ രൂപഘടന. മേൽക്കൂര ചരിച്ചു വാർത്ത് ബെയ്ജ് നിറമുള്ള ഓട് വിരിച്ചു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3800 ചതുരശ്രയടിയിൽ ഒരുക്കിയത്. വൈറ്റ്+ വുഡൻ തീമിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.
സ്വകാര്യത നൽകി ഫോർമൽ ലിവിങ് ക്രമീകരിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ് ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും വുഡൻ ടൈലുകളും വിരിച്ചു. മുകൾനിലയിൽ വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. ഓരോ ഇടങ്ങളിലെയും ചുവരുകൾ ടെക്സ്ചർ ചെയ്ത് വേർതിരിച്ചിട്ടുണ്ട്.
പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശയുടെ സമീപം പാൻട്രി ടേബിളും ക്രോക്കറി കൗണ്ടറും ക്രമീകരിച്ചു. വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്. താഴെ സ്റ്റോറേജിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജിഐ+ ടഫൻഡ് ഗ്ലാസ് ഫിനിഷിൽ പർഗോള നൽകി ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കാവുന്ന ഇവിടമാണ് വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഒത്തുചേരലുകൾ ഹൃദ്യമാക്കുന്നത്.
വിശാലമാണ് അഞ്ചു കിടപ്പുമുറികളും. ഫുൾ ലെങ്ത് വാഡ്രോബുകൾ, ബാത്റൂം, ഡ്രസിങ് ഏരിയ, സിറ്റിങ് സ്‌പേസ് എന്നിവ കിടപ്പുമുറികളിൽ ഒരുക്കി.
അക്രിലിക് മൈക്ക ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ നിർമിച്ചത്. ഇൻബിൽറ്റ് അവ്ൻ, ഫ്രിഡ്ജ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വലിയ ജനാലകൾ നൽകിയതിനാൽ പകൽസമയത്ത് ധാരാളം പ്രകാശം അകത്തളങ്ങളിൽ നിറയുന്നു. ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ ചൂട് താരതമ്യേന കുറവാണ്.
ചുരുക്കത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി വീട് സഫലമായി. വീടിനുള്ളിൽ നിറയുന്ന പോസിറ്റീവ് എനർജി ഞങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നത് അനുഭവേദ്യമാകുന്നുണ്ട്. മോഹങ്ങൾ ചാലിച്ച വീട് പൂർത്തിയായതോടെ ജീവിതത്തിനു പുത്തൻ ഭാവങ്ങൾ കൈവരിച്ചത് പോലെ തോന്നുന്നു.
Project Facts
Location- Thamarassery, Calicut
Area- 3800 SFT
Plot- 23 cent
Owner- Muhammed Ali
Designer- Shaiju Suhail
Skylight architects
Mob- 9946872986
ചിത്രങ്ങൾ- അഖിൽ കോമാച്ചി