'ഇതായിരിക്കാം എന്നെപ്പോലെ ഓരോ പ്രവാസിയുടെയും സന്തോഷം'...
കോഴിക്കോട് തൊണ്ടയാട് കൊളോണിയൽ ശൈലിയിൽ വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ സജിത് പങ്കുവയ്ക്കുന്നു.
പൊതുവെ കണ്ടു വരുന്ന മാതൃകകളിൽ നിന്നും വ്യത്യസ്തമായ രൂപഭംഗിയുള്ള വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഏറെക്കാലമായി കാനഡയിലായിരുന്നു താമസം. അങ്ങനെയാണ് അവിടെ കണ്ടുപരിചയിച്ച കൊളോണിയൽ ശൈലി തിരഞ്ഞെടുക്കുന്നത്. അവധിക്കാലത്തു മാത്രമാണ് നാട്ടിലെത്തുന്നത്. അതിനാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന വിധമാണ് അകത്തളങ്ങൾ ക്രമീകരിച്ചത്.
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം വിട്ടു പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ചരിഞ്ഞ മേൽക്കൂരയും ഭിത്തികളിൽ നിറയുന്ന ഗ്ലാസ് ജാലകങ്ങളും വീടിനു കൊളോണിയൽ ഛായ പകരുന്നു. തടിയുടെ ഉപയോഗം നന്നേ കുറവാണ്. യുപിവിസി ഡോറുകളും ജനലുകളുമാണ് ഉപയോഗിച്ചത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്.
തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഡബിൾ ഹൈറ്റിൽ മേൽക്കൂര നൽകിയതും അകത്തളങ്ങൾക്ക് വിശാലത പകരുന്നു. ഗ്ലാസ് ജാലകങ്ങളും തുറന്ന ഇടങ്ങളും ധാരാളം നൽകിയതുകൊണ്ട് അകത്തളങ്ങളിൽ കാറ്റും വെളിച്ചവും സമൃദ്ധമായി നിറയുന്നു. ഇരട്ടി ഉയരമുള്ള മേൽക്കൂരയ്ക്കു താഴെ രണ്ടു മുറികളെ ബന്ധിപ്പിക്കുംവിധം ബ്രിഡ്ജ് നൽകിയിട്ടുണ്ട്. മാറ്റ് ഫിനിഷിലുള്ള കോട്ട സ്റ്റോണും, പോളിഷ് ചെയ്ത കോട്ട സ്റ്റോണും മാറിമാറി നൽകി.
കോർട്യാർഡാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. വീടിന്റെ പൊതുവിടങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് കാഴ്ചയെത്തും വിധം ചുറ്റിലും ഗ്ലാസ് ജാലകങ്ങൾ നൽകിയിട്ടുണ്ട്. വീടിനകത്തെ വായുസഞ്ചാരം സുഗമമാക്കുന്നതിലും കോർട്യാർഡ് പങ്കുവഹിക്കുന്നു.
പുറത്തെ പച്ചപ്പിന്റെ കാഴ്ചകളും കാറ്റും വിരുന്നെത്തുംവിധം മൂന്നുവശത്തും ഗ്ലാസ് ജനാലകൾ നൽകിയാണ് ഊണിടം ഒരുക്കിയത്. തൂക്കുവിളക്കുകൾ ഊണിടം ആകർഷകമാക്കുന്നു.
താഴെ ഒരു കിടപ്പുമുറിയും മുകളിൽ മൂന്നു മുറികളും ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി. നടുമുറ്റത്തിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് ഓപ്പൺ കിച്ചൻ. പാൻട്രി കൗണ്ടർ ഇവിടെ നൽകിയിട്ടുണ്ട്. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.
ഇപ്പോൾ ഓരോ അവധിക്കാലവും ഞങ്ങളെ പ്രതീക്ഷാഭരിതരാക്കുന്നു. നാട്ടിൽ കാത്തിരിക്കുന്ന വീടിനെ ഓർത്ത്. അതിന്റെ സന്തോഷത്തിലേക്ക് കൂടണയാൻ ഞങ്ങളുടെ മനസ്സും കൊതിക്കുന്നു.
ചിത്രങ്ങൾക്ക് കടപ്പാട്- അജീബ് കോമാച്ചി
Project Facts
Location- Thondayad, Calicut
Area- 3000 SFT
Owner- Sajith Aboobakkar
Architect- Sherina Anwar
Muhandez Calicut