'കൂടെ നിന്നവർക്കും, തള്ളിക്കളഞ്ഞവർക്കും നന്ദി'; ഒരു മധുര പ്രതികാരമാണ് ഈ വീട്
Mail This Article
നിരവധി സുന്ദരഭവനങ്ങൾ ഒരുക്കിയ ഡിസൈനർ ഷിന്ടോ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
ക്ലയന്റ്സിനായി വീടുകൾ നിർമിച്ചു നൽകുമ്പോൾ ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്, എനിക്ക് ഇനി എന്നാണ് സ്വന്തമായി ഒരു നല്ല വീട് വയ്ക്കാൻ സാധിക്കുക എന്ന്. അതിനുള്ള സാഹചര്യമൊന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു. വർഷങ്ങളായി ജനിച്ചുവളർന്ന ചെറിയ വീട്ടിലാണ് ഞാൻ താമസിച്ചത്. പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും നൽകിയ ഊർജത്തിലാണ് വീടുപണിയെക്കുറിച്ച് ആലോചിക്കുന്നത്. ആദ്യം എന്റെ ചെറിയ വീട് പുതുക്കിപ്പണിയാമോ എന്ന് പരിശോധിച്ചു. പക്ഷേ ചെറിയ പ്ലോട്ടിൽ പഴക്കമുള്ള വീടായതിനാൽ ഗുണകരമാകില്ല എന്നുകണ്ട് ഉപേക്ഷിച്ചു. ജനിച്ചു വളർന്ന ചുറ്റുപാടിൽ നിന്നും മാറിയുള്ള ഒരു ജീവിതം എന്നെക്കൊണ്ട് പറ്റില്ല. അങ്ങനെ പറ്റിയ പ്ലോട്ട് തപ്പാൻ തുടങ്ങി. കുറച്ചു മാസങ്ങൾക്ക് ശേഷം തറവാടിന് സമീപമുള്ള 10 സെന്റ് തന്നെ എന്നെ തേടിയെത്തി.
ഞാൻ ചെയ്ത വർക്കുകളിൽ നിന്നും വേറിട്ടുനിൽക്കണം എന്റെ വീട് എന്ന് ആഗ്രഹമുണ്ടായിരുന്നു. റോഡരികിലുള്ള ചെറിയ പ്ലോട്ടിന്റെ സ്വഭാവം മുന്നിൽക്കണ്ടാണ് വീടിന്റെ ഡിസൈൻ തുടങ്ങിയത്. ഓരോ സമയത്തും സൂര്യന്റെ സ്ഥാനം, കാറ്റിന്റെ ഒഴുക്ക്, ജലസാന്നിധ്യം...ഇതെല്ലാം പഠിച്ചിട്ടാണ് ഓരോ ഇടങ്ങളും ഒരുക്കിയത്. മൂന്നു വശത്തുനിന്നും കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ. ധാരാളം പച്ചപ്പുള്ള പ്രദേശമാണ്. അതുമായി ഇഴുകിച്ചേരുന്നത് ഡാർക്ക് തീം ആയതിനാലാണ് വീടിന് ആ തീം നൽകിയത്. മാത്രമല്ല വെള്ള നിറം കൊടുത്താലുള്ള പൊടിയുടെ പ്രശ്നങ്ങളും പേടിക്കേണ്ട. മുപ്പത്തിരണ്ടടിയോളം ഉയരത്തിലാണ് പ്രധാന സ്ലോപ് സ്ട്രക്ചർ നാട്ടിയത്. ഇവിടേക്ക് നേരെയുള്ള കാഴ്ച ലഭിക്കുമ്പോൾ കൂടുതൽ ഹെവി ലുക്ക് കിട്ടാനാണ് ഈ ചെപ്പടിവിദ്യ പ്രയോഗിച്ചത്.
പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ എന്നിവയാണ് 4100 ചതുരശ്രയടിയിൽ ഒരുക്കിയത്.
പ്രധാനവാതിൽ തുറന്നു എത്തുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇത് വീടിനു കൂടുതൽ വിശാലത തോന്നിപ്പിക്കും. കൂടാതെ പടിഞ്ഞാറുവശത്ത് മുകളിലെ ഭിത്തിയിൽ നൽകിയ ഗ്ലാസിലൂടെ പ്രകാശം നന്നായി ഉള്ളിലേക്കെത്തും. എന്റെ ഓഫിസിലെ ഒരു ജൂനിയർ ആർക്കിടെക്ട് വരച്ച ഗ്രാഫിക്ക് പെയിന്റിങ്ങാണ് ലിവിങ്ങിന്റെ ഭിത്തിയിൽ വച്ചിരിക്കുന്നത്. ചൂരൽ ഫർണിച്ചറിൽ ബ്ലൂ അപ്ഹോൾസ്റ്ററി നൽകിയതാണ് ലിവിങ്ങിലെ സീറ്റിങ്. ചെറിയ പ്ലോട്ടിൽ ഗാർഡനായി സ്‌പേസ് വേർതിരിക്കാതെ, വീട് തന്നെ ഗാർഡനാക്കി മാറ്റുക എന്ന നയമാണ് പ്രാവർത്തികമാക്കിയത്. വീടിന്റെ ഒട്ടുമിക്ക സ്‌പേസുകളിലും പച്ചപ്പിന്റെ സാന്നിധ്യം അല്ലെങ്കിൽ പച്ചപ്പിലേക്കുള്ള കാഴ്ച നൽകിയിട്ടുണ്ട്.
നൂറു വർഷത്തിലേറെ പഴക്കമുള്ള ആന്റിക് തൂണുകളാണ് ഫാമിലി ലിവിങ് റൂമിലേക്ക് സ്വാഗതമരുളുന്നത്. മൊറോക്കോയിൽ നിന്നും ഇമ്പോർട്ട് ചെയ്ത ടൈലാണ് ഇവിടെ വിരിച്ചത്. ഭിത്തിയിൽ ഇമ്പോർട്ടഡ് ബ്രിക്ക് ക്ലാഡിങ് പതിച്ചു ഹൈലൈറ്റ് ചെയ്തു. മഞ്ഞ നിറമുള്ള സോഫയാണ് ഇവിടം അലങ്കരിക്കുന്നത്. 4 X 8 സൈസിലുള്ള വലിയ വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ജോയിന്റുകൾ കുറവായതിനാൽ വേസ്റ്റേജ് കുറയ്ക്കാൻ ക്കഴിഞ്ഞു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇറ്റാലിയൻ മാർബിൾ ടോപ്പാണ് മേശയ്ക്ക്. കസേരകൾ ചൂരൽ കൊണ്ടുനൽകി. ഇതിനു സമീപം ഒരു ഊഞ്ഞാൽ നൽകിയിട്ടുണ്ട്. ഇവിടെയിരുന്ന് ടിവി കാണുകയും സംസാരിക്കുകയും ചെയ്യാം. കുട്ടികൾക്ക് ഇഷ്ടമുള്ള ഇടമാണിത്. ഡൈനിങ് ഹാളിൽ നിന്നും പുറത്തേക്കിറങ്ങാം. ഇവിടെ വാട്ടർ ബോഡി നൽകി. നേക്കഡ് ശൈലിയിലുള്ള ഫാബ്രിക്കേറ്റഡ് സ്‌റ്റെയറാണ്. ഇതിനടിയിൽ വാഷ് കൗണ്ടർ നൽകി സ്ഥലം ഉപയുക്തമാക്കി.
രണ്ടു കോർട്യാർഡുകൾ വീട്ടിൽ നൽകിയിട്ടുണ്ട്. വീടിന്റെ പിന്നിലെ മുറ്റം ഒരു ക്ളോസ്ഡ് സ്‌പേസാക്കി കെട്ടിയെടുത്തു. കണ്ണൂർ നിന്നുംകൊണ്ടുവന്ന ലാറ്ററൈറ്റ് സ്റ്റോൺ ക്ളാഡിങ്ങാണ് ഇവിടെ പതിച്ചത്. തുറന്ന മേൽക്കൂരയുള്ള ഇവിടെ
വൈകുന്നേരം വെയിൽ താഴ്ന്നു കഴിഞ്ഞു ഇരിക്കുമ്പോൾതന്നെ മനസ്സ് ശാന്തമാകും, ചെറിയ പൊടിമഴയൊക്കെ നനയാം. അതും ഒരു അനുഭൂതിയാണ്. ചെറിയ പാർട്ടികളും ഇവിടെ വച്ചു നടത്താം എന്ന ഗുണമുണ്ട്.
ഫാമിലി ലിവിങും ഡൈനിങും ഒരുമിക്കുന്ന ഹാളാണ് ഞങ്ങളുടെ ഫേവറിറ്റ് സ്‌പേസ്. ഇവിടെയാണ് കൂടുതൽ സമയം ഞങ്ങൾ ചെലവഴിക്കുന്നത്. രണ്ടു കോർട്യാർഡുകളിലേക്കും ഇവിടെ നിന്ന് വ്യൂ കിട്ടും എന്നതാണ് ഹൈലൈറ്റ്. ഒരു മിനിമൽ ആന്റിക് തീമിലാണ് ഇവിടം ഒരുക്കിയത്.
അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഹെഡ്ബോർഡ് പാറ്റേണുകളും കർട്ടനും ഫോൾസ് സീലിങ്ങും ലൈറ്റുകളും മുറികൾ വർണാഭമാക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ പ്രധാന മുറികളിൽ നൽകി. മാസ്റ്റർ ബെഡ്‌റൂം മുകളിലാണ്. പരമാവധി സ്റ്റോറേജ് സ്‌പേസ് ഇവിടെ നൽകി. ഒരു ക്യാന്റിലിവർ ബാൽക്കണിയും ഇവിടെയുണ്ട്.
മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. ഭിത്തിയിൽ വെള്ള ടൈൽ വിരിച്ചു ഭംഗിയാക്കി. സമീപം വർക്കിങ് കിച്ചനുമുണ്ട്. ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മുകളിൽ ഓഫിസ് കം സ്റ്റഡി സ്‌പേസ് ഒരുക്കി. പുതിയ സാഹചര്യത്തിൽ ഓൺലൈൻ പഠനവും വർക് ഫ്രം ഹോമും എല്ലാം നിവർത്തിക്കാനാണ് ഈ സ്‌പേസ് ഒരുക്കിയത്.
പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ വെർട്ടിക്കൽ ഗാർഡനാണ് മറ്റൊരു കൗതുകക്കാഴ്ച. ഇത് ചെയ്തു കൊടുക്കുന്നവരെ സമീപിച്ചപ്പോൾ വലിയ റേറ്റ് പറഞ്ഞു. അങ്ങനെയാണ് സ്വയം ചെയ്തു നോക്കാമെന്നു തീരുമാനിച്ചത്. 18 അടി നീളവും 14 അടി ഉയരവുമുള്ള ഇതിൽ 1200 ചെടികളോളം നൽകിയിട്ടുണ്ട്. ഡ്രിപ് ഇറിഗേഷൻ, മിസ്റ്റ് ഫെസിലിറ്റി നൽകിയതിനാൽ പരിപാലനം എളുപ്പമാണ്. ഗാർഡനു സമീപം ഒരു പാഷ്യോയും ഡെക്ക് സ്‌പേസുമുണ്ട്. ഇവിടെ ഇരുന്നു പത്രമൊക്കെ വായിക്കാം. സുരക്ഷയ്ക്കായി സ്ലൈഡിങ് ഗ്ലാസ് ഡോറും റോളിങ് ഷട്ടറും നൽകിയിട്ടുണ്ട്.
പരമാവധി പ്രകൃതിസൗഹൃദവും ഊർജക്ഷമവുമായി വീട് ഒരുക്കണം എന്നുണ്ടായിരുന്നു. മേൽക്കൂരയിൽ സോളർ പ്ലാന്റ് സ്ഥാപിച്ചു. ഓൺ ഗ്രിഡ്+ ഓഫ് ഗ്രിഡ് സൗകര്യങ്ങളുള്ള ഇൻവെർട്ടറാണ് ഉപയോഗിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതിയുടെ നല്ലൊരു ഭാഗം ഇതിലൂടെ ലഭിക്കുന്നു. ആവശ്യം കഴിഞ്ഞു അധിക വൈദ്യുതി ഉണ്ടെങ്കിൽ കെഎസ്ഇബിയിലേക്ക് കൊടുക്കുകയും ചെയ്യാം.റെയിൻ വാട്ടർ ഹാർവെസ്റ്റിങ് ടാങ്കും അതുവഴി കിണർ റീചാർജിങും ചെയ്തിട്ടുണ്ട്. വാട്ടർ കണക്‌ഷൻ എടുത്തിട്ടുണ്ടെങ്കിലും, മഴ തുടങ്ങിയശേഷം മഴവെള്ളടാങ്കിൽ നിന്നുള്ള വെള്ളമാണ് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
അങ്ങനെ കൊറോണക്കാലത്ത് പുതിയ വീടിന്റെ സന്തോഷത്തിലേക്ക് എനിക്കും കുടുംബത്തിനും പ്രവേശിക്കാൻ കഴിഞ്ഞു. വീട് പണിയാൻ എന്നെ സമീപിക്കുന്നവർക്ക് റഫറൻസിനായി സ്വന്തം വീടുതന്നെ കാണിക്കാം എന്ന ഗുണവും ഇപ്പോൾ ലഭിച്ചു.
Project facts
Location- Angamali
Plot- 10 cent
Area- 4100 SFT
Owner & Designer- Shinto Varghese
Concept Design Studio, Kadavanthra, Kochi
Ph- +914844864633
Y.C- Aug 2020
English Summary- Designer Shinto Own House