ADVERTISEMENT

ഡോക്ടർ ദമ്പതികളായ അനൂപും ആര്യയും തിരുവനന്തപുരത്ത് നിർമിച്ച വീട് ഇന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. രൂപകൽപനാമികവിനുള്ള വേൾഡ് ആർക്കിടെക്ചർ അവാർഡാണ് ഈ വീടിനെ തേടിയെത്തിയത്. വീട് രൂപകൽപന ചെയ്തത് ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസ്. 'ബ്രിക് ഹൗസ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വീടിന്റെ വിശേഷങ്ങളിലേക്ക്...

സ്വന്തം വീട് എങ്ങനെയാകണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു വീട്ടുകാർക്ക്. പരമ്പരാഗത ശൈലിയുടെയും കന്റെംപ്രറി ശൈലിയുടെയും മിശ്രണമാകണം, വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് റൂം വേണം, കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു മുൻപന്തിയിൽ. ഇവയെല്ലാം വേറിട്ട് നിൽക്കുന്ന തികവോടെ ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നു. 

brickhauss-keralam-back

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, കൺസൾട്ടിങ് റൂം എന്നിവയാണ് 4250 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇതിൽ ഗസ്റ്റ് ബെഡ്‌റൂം, കൺസൾട്ടിങ് റൂം എന്നിവ സ്വകാര്യതയെ കരുതി മാറ്റിനിർമിച്ചു.

brickhaus-keralam-living

ഇഷ്ടിക കൊണ്ടു പടുത്തുയർത്തി തേക്കാതെ നിലനിർത്തിയ ചുവരുകളാണ് വീടിന്റെ ഹൈലൈറ്റ്. പെയിന്റിന് പകരം കല്ലുകൾ മിനുസമാക്കാൻ ഉപയോഗിക്കുന്ന സ്റ്റോൺ ക്ലിയറാണ് ഇഷ്ടികയിൽ പൂശിയത്. ചോർച്ചയും ഈർപ്പവും  ഒഴിവാക്കാൻ വാട്ടർപ്രൂഫിങും നൽകി. ഇടച്ചുവരുകൾ കുറച്ച് തുറസായ നയത്തിലാണ് അകത്തളങ്ങൾ. കോർട്യാർഡിന്റെ ഭിത്തിയിൽ ഇഷ്ടിക കൊണ്ടൊരുക്കിയ ജാളികളും അകത്തേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നു.

brickhaus-keralam-stair

വീട്ടിൽ എത്തുന്നവരുടെ മനം കവരുംവിധമാണ് സ്വീകരണമുറി. എക്സ്പോസ്ഡ് കോൺക്രീറ്റ് സീലിങ്ങാണ് ഇവിടെ നൽകിയത്. സമീപം ഡബിൾ ഹൈറ്റിൽ കോർട്യാർഡുമുണ്ട്.  ഇവിടെ ഒരു  ആട്ടുകട്ടിലും നൽകിയിട്ടുണ്ട്.

brickhaus-keralam-dine

ഒരു വശം ബെഞ്ച് കൺസെപ്റ്റിലുളള ഊൺമേശയാണ് നൽകിയത്. ഡൈനിങ്ങിൽ നിന്നും ലാൻഡ്സ്കേപ് ചെയ്ത കോർട്യാർഡിലേക്കിറങ്ങാം. ഇതുവഴി കാറ്റും വെളിച്ചവും അകത്തളങ്ങളിൽ പരിലസിക്കുന്നു.

വീട്ടുകാരി നർത്തകി കൂടിയാണ്. അതിനാൽ നൃത്തത്തിന്റെ തീമുകൾ വീടിനുള്ളിൽ കാണാം. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് വോളിൽ സിഎൻസി കട്ടിങ് നൽകിയ നൃത്തരൂപങ്ങൾ ഇതിനുദാഹരണമാണ്. മാസ്റ്റർ ബെഡ്‌റൂമിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി കോർട്യാർഡ് ഒരുക്കി. ബ്രിക് ലൂവറുകളാണ് ഈ ഭിത്തി അടയാളപ്പെടുത്തുന്നത്. ഇൻഡോർ പ്ലാന്റുകളും ഇവിടെ നൽകി. മറ്റു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി.

brickhauss-keralam-bed

നിരവധി പരിസ്ഥിതിസൗഹൃദ മാതൃകകളും ഇവിടെ അവലംബിച്ചിട്ടുണ്ട്. മേൽക്കൂരയിൽ വീഴുന്ന വെള്ളം മുഴുവൻ റെയിൻ വാട്ടർ ഹാർവസ്റ്റിങ് ടാങ്കിൽ ശേഖരിക്കുന്നു, ഇതിൽനിന്നും കിണർ റീചാർജിങും ചെയ്യുന്നു. വീട്ടിലെ ഊർജ ആവശ്യങ്ങളെല്ലാം മേൽക്കൂരയിലെ സോളർ പ്ലാന്റ് നിർവഹിക്കുന്നു. വീട്ടിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ബയോഗ്യാസ് പ്ളാന്റുമുണ്ട്.

brickhauss-keralam-kitchen-JPG

സിമന്റും ഇഷ്ടികയും ചേർന്നുള്ള നിർമിതിക്കപ്പുറം താമസിക്കുന്നവരോട് സംവദിക്കുന്ന ജീവനുള്ള വീട് ഒരുക്കിയതാണ് ഈ വീടിനെ ആഗോള അംഗീകാരത്തിന് അർഹമാക്കിയത്. നിരവധി രാജ്യാന്തര മാഗസിനുകളും ഇതിനോടകം ഈ വീട് പ്രസിദ്ധീകരിച്ചു. അങ്ങനെ കേരളത്തിന് രാജ്യാന്തര തലത്തിൽ അഭിമാനിക്കാൻ കൂടി വക നൽകുകയാണ് ബ്രിക് ഹൗസ്...

brickhaus-keralam-door

 

brickhauss-keralam-plan

Project facts

Location- Trivandrum

Area- 4250 SFT

Owner- Dr. Anoop Narayanan & Dr. A R Arya

Architect- Srijith Srinivas

Srijith Srinivas Architects, Trivandrum

Mob- 9447092404

English Summary- BrickHauss Keralam Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com