ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്നു; ഈ വീട്ടിൽ എന്തോ ഒരു മാജിക്കുണ്ട്!

Mail This Article
സ്ഥലപരിമിതിയും സമീപകെട്ടിടങ്ങളുടെ ബാഹുല്യവുമാണ് നഗരത്തിൽ വീട് വയ്ക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ ഫലപ്രദമായി മറികടന്നുകൊണ്ടുള്ള സംരചനയാണ് എറണാകുളം പാലാരിവട്ടത്തുള്ള ഡോക്ടർ ദമ്പതികളായ സച്ചിന്റെയും റോസിനയുടെയും വീട്.
നഗരത്തിലെ 9.2 സെന്റിൽ സ്വച്ഛസുന്ദരമായ ഒരു വീട്. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇടുങ്ങിയ വഴിയിലൂടെ വേണം വീട്ടിലേക്കെത്താൻ. അതിനാൽ കാറുകൾ തിരിക്കാനും പാർക്ക് ചെയ്യാനുമുള്ള സൗകര്യത്തിന് സ്ഥലം വിട്ടാണ് വീടുപണിതത്. വെള്ള പെയിന്റിനോട് ചേർന്നുപോകുന്ന ബ്രിക്ക് ക്ലാഡിങ്ങ് ഭിത്തികളാണ് വീടിന്റെ പുറംകാഴ്ചയിലെ സൗന്ദര്യം. ഒരേ ശൈലിയിലുള്ള സ്ലോപിങ് റൂഫുകളാണ് വീടിന്റെ മറ്റൊരു ആകർഷണം.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 2985 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പരമാവധി വിശാലത ഉറപ്പുവരുത്താൻ ഓപ്പൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തി. വാതിൽ തുറന്നു പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. സമീപം ഒരു കോർട്യാർഡുണ്ട്. ഇതാണ് ലിവിങ്ങിനെ, ഫാമിലി ലിവിങ്- ഡൈനിങ് സ്‌പേസുകളിൽനിന്നും വേർതിരിക്കുന്നത്.

ഫ്ലോർ ലെവലിൽനിന്നും അൽപം താഴ്ത്തി 'സങ്കൻ' ശൈലിയിലാണ് ഫാമിലി ലിവിങ്. ഇവിടെ മൊറോക്കൻ ടൈലുകൾ വിരിച്ചത് വ്യത്യസ്തതയാണ്. മധ്യത്തിലെ ഹാളിൽ ഡൈനിങ് സ്‌പേസ് വരുന്നു. ഇവിടെ വുഡൻ ടൈൽസ് വിരിച്ചു ഹൈലൈറ്റ് ചെയ്തു. ഡൈനിങ്ങിന്റെ വശത്ത് ഫോൾഡിങ് ഗ്ലാസ് ഡോറുകളുണ്ട്. ഇത് തുറന്ന് വശത്തെ ചെറുമുറ്റത്തേക്കിറങ്ങാം. സ്വകാര്യതയ്ക്കായി ഇവിടെ ഉയരംകൂടി ക്ലാഡിങ് മതിലും പണിതു. ഈ വാതിൽ പകൽസമയം തുറന്നിട്ടാൽ പിന്നെ അകത്ത് ലൈറ്റോ ഫാനോ വേണമെന്നില്ല.

മുന്തിയ തടിയുടെ ഉപയോഗം പരമാവധി കുറച്ചിട്ടുണ്ട് ഇവിടെ. ജനലുകൾ യുപിസിവി കൊണ്ടാണ്. അകത്തെ വാതിലുകൾ ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടുള്ളതാണ്. ലളിതമായാണ് സ്‌റ്റെയർ. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ നൂലാണ് കൈവരികളുടെ സ്ഥാനത്ത്. സ്‌റ്റെയറിന്റെ താഴെയുള്ള ഇടം സ്റ്റഡി സ്‌പേസാക്കി സ്ഥലഉപയുക്തതയും കൈവരിച്ചു.

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ് ഉള്ളത്. താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ് ഉള്ളത്. ഇവിടെ ഏറ്റവും മിനിമൽ നയത്തിൽ ഒരുക്കിയത് കിടപ്പുമുറിയാണ്. കട്ടിലും വാഡ്രോബും അറ്റാച്ഡ് ബാത്റൂമും മാത്രമാണ് മുറികളിലുള്ളത്.

അടുക്കളയിൽ സ്വകാര്യത വേണമെന്ന ആവശ്യം ഗൃഹനാഥ ഉന്നയിച്ചതുകൊണ്ട് കിച്ചൻ ക്ളോസ്ഡ് ശൈലിയിലൊരുക്കി. എല്ലാം കയ്യകലത്തിൽ ഒതുക്കിയാണ് അടുക്കളയുടെ ഡിസൈൻ. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ.

വീട്ടുകാരൻ എടുത്ത ചിത്രങ്ങളും മക്കൾ വരച്ച ചിത്രങ്ങളുമാണ് അകത്തെ ചുവരുകൾ അലങ്കരിക്കുന്നത്. ചുരുക്കത്തിൽ ഒറ്റനോട്ടത്തിൽ ഇഷ്ടംതോന്നുന്ന എന്തോ ഒരു മാജിക്ക് ഈ വീട്ടിലുണ്ട്.
Project facts
Location- Palarivattom, Ernakulam
Plot- 9.2 cent
Area- 2985 Sq.ft
Owner- Dr.Sachin George, Dr. Rosina
Design- Ar. Athira Prakash, Subi Surendran
Aavishkar Architects, Kochi
Mob- 81290 43076
Y.C- 2021
English Summary- City Home with Elegant Interiors; Veedu magazine