കണ്ണുവയ്ക്കല്ലേ; ഇത് സൗഹൃദത്തിന്റെ കെട്ടുറപ്പിൽ ഉയർന്ന സൂപ്പർവീട്
Mail This Article
മഞ്ചേരിക്കടുത്ത് പയ്യനാടാണ് ഇസഹാക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന എൻജിനീയറാണ്. അതിനാൽ വീടിന്റെ സ്ട്രക്ചർ നിർമിച്ചത് ഗൃഹനാഥന്റെ തന്നെ മേൽനോട്ടത്തിലാണ്. വീടിന്റെ ഡിസൈൻ സഹപ്രവർത്തകനും സുഹൃത്തുമായ പ്രജീഷിനെ ഏൽപിച്ചു. ധാരാളം വീടുകൾ പണിതുകൊടുത്ത ആളായതുകൊണ്ട് സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സമകാലിക ശൈലിയിൽ, വിശാലമായ അകത്തളങ്ങളുള്ള കാറ്റും വെളിച്ചവും നിറയുന്ന വീട് എന്ന സ്വപ്നം ഇവിടെ സഫലമാക്കി.
വെള്ള നിറത്തിന്റെ തെളിമയാണ് പുറംഭിത്തികളിൽ നിറയുന്നത്. വേർതിരിവ് പകരാനായി ഡബിൾ ഹൈറ്റിൽ ബ്രിക്ക് ക്ലാഡിങ്ങും പതിച്ചു. രണ്ടു ഫ്ലാറ്റ് ബോക്സ് ബ്ലോക്കുകൾ തമ്മിൽ യോജിപ്പിച്ചതുപോലെയാണ് പുറംകാഴ്ച. ഇതിനു പിന്നിൽ ഒരു കാരണമുണ്ട്. ഗൃഹനാഥന്റെ ഭാര്യ ആയുർവേദ ഡോക്ടറാണ്. വീട്ടിൽ കൺസൾട്ടേഷന് ആളുകൾ വരാറുണ്ട്. അത് വീടിന്റെ സ്വകാര്യതയെ ബാധിക്കാത്തവിധമാണ് സെക്കൻഡ് ബ്ലോക്കിൽ കൺസൾട്ടേഷൻ റൂം വിന്യസിച്ചത്. കൺസൾട്ടേഷൻ റൂമിന് ഗ്രേ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു.
ധാരാളം സ്ഥലമുള്ളതുകൊണ്ട് അത്യാവശ്യം മുറ്റം വേർതിരിച്ചശേഷം പിന്നിലേക്കിറക്കിയാണ് വീട് പണിതത്. മിക്കവരും ചെയ്യുന്നതുപോലെ മുറ്റം ടൈൽ വിരിക്കാതെ, വെള്ളം ഭൂമിയിലേക്ക് താഴുംവിധം ബേബി മെറ്റൽ വിരിച്ചത് അഭിനന്ദനം അർഹിക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ടെറസ്, കൺസൾട്ടേഷൻ റൂം എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് വാട്ടർകോർട്യാർഡാണ്. വീട്ടുകാരുടെ ഫേവറിറ്റ് കോർണർ കൂടിയാണിവിടം. ഇവിടെ സ്‌കൈലൈറ്റ് സീലിങ്ങാണുള്ളത്. വശത്തെ ഭിത്തിയിൽ ബ്രിക്ക് ജാളി ഭിത്തി കെട്ടിയത് കൗതുകകരമാണ്. അങ്ങനെ മുകളിൽനിന്നും വെളിച്ചവും വശത്തുനിന്നും കാറ്റും വീടിനുള്ളിലെത്തുന്നു. വീടിന്റെ പിൻവശത്ത് വയലാണ്. ഇവിടെനിന്നുള്ള കാറ്റിനെ അകത്തേക്ക് ആനയിക്കുംവിധമാണ് ജാലകങ്ങൾ ചിട്ടപ്പെടുത്തിയത്.
വീടിന്റെ അകത്തളങ്ങൾ കമനീയമാക്കുന്നതിൽ ഫർണിച്ചറുകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകം അളവെടുത്ത് സൈറ്റിൽവച്ചുതന്നെ ആശാരിയെക്കൊണ്ട് പണിയിപ്പിച്ചതിന്റെ മേന്മയാണിത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ടിൽ മാർബിളും ഹാജർ വയ്ക്കുന്നു.
സ്‌റ്റെയർ കയറിയെത്തുന്ന ആദ്യ ലാൻഡിങ്ങിലും ഒരു സിറ്റിങ് സ്‌പേസ് ക്രമീകരിച്ചു.
മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. വശത്തെ കൗണ്ടറിൽ ഹൈചെയറുകൾ നൽകി. ഇവിടം ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ ഹാജരുണ്ട്.
ചുരുക്കത്തിൽ 'സഹപ്രവർത്തകരുടെ സൗഹൃദത്തിന്റെ ദൃഢതയിൽ ഉയർന്ന വീട്' എന്നിതിനെ വിശേഷിപ്പിക്കാം. കാരണം സ്ട്രക്ചർ ഉടമ നിർവഹിച്ചപ്പോൾ ഡിസൈൻ മുതൽ ആശാരിപ്പണി വരെ ചെയ്ത മിക്കവരും ഗൃഹനാഥനുമായി വർഷങ്ങളായി സഹകരിക്കുന്ന ആളുകളാണ്. അതിന്റെ ഒരു മേന്മ വർക്കിലും എടുത്തറിയാനുണ്ട്.
കേരളത്തിലെ മികച്ച വീടുകളുടെ വിഡിയോ വിശേഷങ്ങൾ കണ്ടാസ്വദിക്കൂ!...
Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1
Project facts
Location- Payyanadu, Manjeri
Area- 3600 Sq.ft
Owner & Engineer- Isahak Kurukkal
Designer- Prajeesh
Studio Kothanar Architectural Parameters
Mob- 96566 33339 9656633334
Y.C- 2021
ചിത്രങ്ങൾ- അഖിൽ കോമാച്ചി
***
പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.
English Summary- Contemporary Moden House; Best House Plans Kerala