ഉടമയുടെ അശ്രദ്ധ തിരുത്തിയപ്പോൾ ലാഭിച്ചത് അഞ്ചേകാൽ ലക്ഷം രൂപ! അനുഭവം
മിക്കവാറും അവധിക്കാലത്ത് നാട്ടിലെത്തിയാൽ ഒന്നുരണ്ടു ദിവസത്തിനകം ഞാൻ പോകുന്ന സ്ഥലമാണ് ഗുരുവായൂർ. അവിടെയെത്തി ഗുരുവായൂരപ്പനുമായി എന്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. 'ഇൻഷാ അള്ളാ, പിന്നെക്കാണാം' എന്നും പറഞ്ഞു ഞാൻ തിരിച്ചുപോരുകയും ചെയ്യും.
മിക്കവാറും അവധിക്കാലത്ത് നാട്ടിലെത്തിയാൽ ഒന്നുരണ്ടു ദിവസത്തിനകം ഞാൻ പോകുന്ന സ്ഥലമാണ് ഗുരുവായൂർ. അവിടെയെത്തി ഗുരുവായൂരപ്പനുമായി എന്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. 'ഇൻഷാ അള്ളാ, പിന്നെക്കാണാം' എന്നും പറഞ്ഞു ഞാൻ തിരിച്ചുപോരുകയും ചെയ്യും.
മിക്കവാറും അവധിക്കാലത്ത് നാട്ടിലെത്തിയാൽ ഒന്നുരണ്ടു ദിവസത്തിനകം ഞാൻ പോകുന്ന സ്ഥലമാണ് ഗുരുവായൂർ. അവിടെയെത്തി ഗുരുവായൂരപ്പനുമായി എന്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. 'ഇൻഷാ അള്ളാ, പിന്നെക്കാണാം' എന്നും പറഞ്ഞു ഞാൻ തിരിച്ചുപോരുകയും ചെയ്യും.
മിക്കവാറും അവധിക്കാലത്ത് നാട്ടിലെത്തിയാൽ ഒന്നുരണ്ടു ദിവസത്തിനകം ഞാൻ പോകുന്ന സ്ഥലമാണ് ഗുരുവായൂർ. അവിടെയെത്തി ഗുരുവായൂരപ്പനുമായി എന്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കും. 'ഇൻഷാ അള്ളാ, പിന്നെക്കാണാം' എന്നും പറഞ്ഞു ഞാൻ തിരിച്ചുപോരുകയും ചെയ്യും.
അവിടെനിന്നു പുറത്തിറങ്ങിയാൽ ഞാൻ ആദ്യം ചെയ്യുന്നത് ഒരു കാപ്പി കുടിക്കുക എന്നതാണ്. ക്ഷേത്ര പരിസരം ആയതുകൊണ്ട് വെജിറ്റേറിയൻ ഹോട്ടലുകൾ ഇഷ്ടംപോലെയുണ്ട്. അങ്ങനെ രണ്ടുമൂന്നു കൊല്ലം മുൻപ് ഒരു കാപ്പിയും കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു ചേട്ടന്റെ പ്ലേറ്റിലെ മസാലദോശ എന്നെ ഹഠാദാകർഷിച്ചത്. അങ്ങനെ ഞാനും ഒരു മസാലദോശ ഓർഡർ ചെയ്തു.
" ചേട്ടാ, ഒരു മസാലദോശ പോരട്ടേയ്.."
കുറച്ചുസമയത്തിനുശേഷം എയർ ഇന്ത്യയുടെ എംബ്‌ളത്തെ അനുസ്മരിപ്പിക്കും വിധം മഹാരാജാവിന്റെ വേഷഭൂഷാദികളോടെ ഒരാൾ എനിക്കൊരു മസാലദോശ കൊണ്ടുവന്നു, ആ മസാലദോശയുടെ കഥകഴിക്കാൻ ഞാൻ മാനസികമായി തയാറെടുത്തുകൊണ്ടിരിക്കെയാണ് പ്ലേറ്റിന്റെ മൂലയിലിരുന്ന് എന്നെ നോക്കുന്ന ക്ഷണിക്കപ്പെടാത്ത ഒരതിഥിയെ ഞാൻ കാണുന്നത്.
കാണാൻ ഭംഗിയുള്ള, നടുവിൽ തുളയുള്ള അസ്സൽ ഒരു ഉഴുന്നുവട.
ഞാൻ ആഗ്രഹിക്കാതെയുള്ള ഉഴുന്നുവടയുടെ ഈ അധിനിവേശം എനിക്കത്ര രസിച്ചില്ല, അതുകൊണ്ടുതന്നെ ഉഴുന്നുവടയോട് ഞാൻ ചോദിച്ചു :
" ഹേ, ഉഴുന്നുവടേ, ക്ഷണിക്കപ്പെടാത്ത ഒരതിഥിയായി താങ്കൾ എന്തിനാണ് എന്റെ പ്ലേറ്റിലേക്ക് വലിഞ്ഞുകയറി വന്നത് ..?"
" അതുപിന്നെ ചേട്ടാ, ഞങ്ങൾ മസാലദോശയും ഉഴുന്നുവടയും എന്ന് പറഞ്ഞാൽ ഒരമ്മ പെറ്റ അളിയന്മാരെപ്പോലെയാണ്. മരണത്തിനു പോലും ഞങ്ങളെ പിരിക്കാൻ കഴിയില്ല"
ഉഴുന്നുവടയുടെ ആ ന്യായം എനിക്കത്ര രസിച്ചില്ല. ഞാൻ 'മഹാരാജാവിനെ' വിളിച്ച് ഉഴുന്നുവടയെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ അൽപം നീരസത്തോടെ ഉഴുന്നുവട അടുക്കളയിലേക്കു തിരിച്ചു പോയി.
"ഇവിടെ നയതന്ത്ര പ്രതിനിധികളെ വരെ തിരിച്ചയക്കുന്നു, പിന്നെയാണോ ഒരു ഉഴുന്നുവട" എന്നാലോചിച്ചുകൊണ്ട് ഞാൻ മസാലദോശയെ അകത്താക്കി.
ഇനി നമുക്ക് വിഷയത്തിലേക്കു വരാം.
മേൽപറഞ്ഞ കഥയിലെ വില്ലനായ ഉഴുന്നുവടയെപ്പോലെ നമുക്ക് ആവശ്യമില്ലാത്ത, എന്നാൽ നമ്മൾ പോലും അറിയാതെ നമ്മുടെ പണം അപഹരിക്കുന്ന കുറെയേറെ വസ്തുക്കൾ ഈ സമൂഹത്തിലുണ്ട്. ഇവ പലപ്പോഴും പല ഓഫറുകളുടെയും മറ്റും രൂപത്തിലാണ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഓഫറുകൾ അല്ലാതെയും ഇവ നമ്മളിലേക്ക് എത്താറുണ്ട്.
ഇന്നലെ, ദുബായിയിൽ പ്രവാസിയായ നാസറിന്റെ വീടിന്റെ പ്ലാൻ പരിശോധിക്കവെയാണ് ഇത്തരത്തിൽ ക്ഷണിക്കപ്പെടാത്ത വന്നുകയറിയ ഒരതിഥി എന്റെ ശ്രദ്ധയിൽ പെടുന്നത്-മുകൾനിലയിലെ, ലിവിങ് എന്ന് പേരിട്ടിരിക്കുന്ന ഒരു ഹാൾ.
" സത്യത്തിൽ ഇങ്ങനെ ഒരു ഹാൾ മുകൾനിലയിൽ താങ്കൾക്ക് ആവശ്യമുണ്ടോ" ..?
ഞാൻ ചോദിച്ചു.
നാസർ ഭായിയും പത്നിയും കൈ മലർത്തി. അതായത്, ഉടമയുടെ നിർദ്ദേശമോ, ആവശ്യമോ കൂടാതെ ഡിസൈനർ സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയെടുത്ത ഒന്നാണ് ഒന്നാം നിലയിലെ ഈ ഹാൾ.
ഇനി ഒന്നാം നിലയിലെ ഇത്തരം ഹാളുകളുടെ ആവശ്യകത പരിശോധിക്കാം. മിക്ക കേസുകളിലും ഡിസൈനർമാരുടെ ജോലി എളുപ്പത്തിനായി അവർ ഉണ്ടാക്കുന്നതാണ് ഈ ഹാൾ. വലിയൊരളവ് മലയാളികളും ഈ ഹാൾ ഉപയോഗിക്കുന്നേയില്ല.
ഇനി, ഇത്തരം ഒരു ഹാൾ, ഉടമയുടെ മേൽ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം നമുക്ക് പരിശോധിക്കാം. 15 നീളവും 10 വീതിയും ഉണ്ട് ഈ ഹാളിനു എന്ന് കണക്കാക്കിയാൽത്തന്നെ ഫ്ലോർ ഏരിയ കണക്കിൽ 150 സ്‌ക്വയർഫീറ്റ് ഏരിയ വരും. ഇത് പ്ലിന്ത് ഏരിയ ആവുമ്പോഴേക്കും ഒരു 175 ഒക്കെ എത്തും. ചെലവ് നാട്ടിലെ ഇന്നത്തെ കണക്കു വച്ചുനോക്കിയാൽ നാല് ലക്ഷം രൂപയുടെ മുകളിൽ പോകും. എന്നുവച്ചാൽ ഒരു ശരാശരിക്കാരൻ പണിയുന്ന വീടിന്റെ പത്തു ശതമാനം പണം ഒക്കെ ആവശ്യമില്ലാത്ത ഈ ഹാൾ കൊണ്ടുപോകും എന്നർത്ഥം.
സൈക്കോസിസിന്റെ ഇതിലും ഭീകരമായ വേർഷനുകൾ കണ്ടിട്ടുണ്ട്. അതിനാൽ രണ്ടുനില വീടുകളാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, നിങ്ങളുടെ ആവശ്യമോ അനുവാദമോ കൂടാതെ ഇമ്മാതിരി ഒരു ഹാൾ പ്ലാനിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അത് വേണ്ടെന്നു തീർത്ത് പറയണം.
കാരണം വീടിനകത്ത് 'എന്ത് വേണം, എന്ത് വേണ്ട' എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്, അല്ലാതെ പ്ലാൻ വരയ്ക്കുന്ന ആർക്കിടെക്റ്റോ, എൻജിനീയറോ അല്ല. അത് നിങ്ങളും, നിങ്ങളുടെ ഡിസൈനറും ചേർന്ന് നടത്തുന്ന ദീർഘമായ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരേണ്ട ഒന്നാണ്. അങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന ആവശ്യങ്ങളെയാണ് ഡിസൈനർ സ്വന്തം ഭാവനയെയും, സാങ്കേതിക ജ്ഞാനത്തെയും, സൗന്ദര്യ ബോധത്തെയും ഒക്കെ കൂട്ടിക്കുഴച്ചു പ്ലാൻ ഉണ്ടാക്കേണ്ടത്. മുകളിൽ പറഞ്ഞ ഹാൾ പോലെ മിക്ക പ്ലാനുകളിലും ഒഴിവാക്കാൻ കഴിയുന്ന അനാവശ്യ ഏരിയകൾ വേറെയും കാണും.
എന്തായാലും നാസർ ഭായിയുടെ പ്ലാനിൽ നിന്നും ഞാൻ ഏതാണ്ട് ഒരു 235 സ്‌ക്വയർ ഫീറ്റ് സ്ഥലം മുറിച്ചു മാറ്റി, അദ്ദേഹത്തിന്റെ ആവശ്യങ്ങളെ ഒന്നും ഹനിക്കാതെ തന്നെ. എന്നുവച്ചാൽ പുള്ളിയുടെ പോക്കറ്റിൽനിന്ന് വഴുതിപ്പോകാമായിരുന്ന ഏതാണ്ട് അഞ്ചേകാൽ ലക്ഷം രൂപ ലാഭിച്ചു.
ഒരു വീടിന്റെ പ്ലാനിങ് വേളയിൽ അത് സ്വന്തം ബജറ്റിൽ ഒതുങ്ങുന്ന ഒന്നാണോ എന്ന് പരിശോധിക്കേണ്ടത് ഉടമയുടെ മാത്രം ഉത്തരവാദിത്വമാണ്. അത് നിർബന്ധമായും ചെയ്തിരിക്കണം. പോക്കറ്റിലൊതുങ്ങും എന്ന് ബോധ്യപ്പെട്ടാൽ ആ ഡിസൈൻ എല്ലാ അർഥത്തിലും കണിശമായി പിന്തുടരണം.
അതുപോലെ ഒരു പ്ലാൻ എന്നാൽ മൂന്നോ നാലോ റൂമുകൾ പരസ്പരം കോർത്തിണക്കുന്ന ഒന്നല്ല എന്ന ബോധം ഡിസൈനർക്കും വേണം. അത് ഒരു കുടുംബത്തിന്റെ തുടർന്നങ്ങോട്ടുള്ള ഏതാനും പതിറ്റാണ്ടുകളുടെ ജീവിതത്തിന്റെ കൂടി മാർഗ്ഗരേഖയാണ്. അവയിൽ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് പോലെ പ്രധാനമാണ് അനാവശ്യമായവ ഒഴിവാക്കുന്നതും. അത് നിത്യജീവിതത്തിലെ പാഠം കൂടിയാണ്. അതിപ്പോ ഒരു ഉഴുന്നുവട ആണെങ്കിൽ കൂടിയും ..
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Unnecessary Dead Spaces and Surplus Budget- Need Introspection- Experience