പുറമെ നാടൻ, ഉള്ളിൽ മോഡേൺ; നാട്ടിലെ താരമായി വീട്
Mail This Article
തൃശൂർ ജില്ലയിലെ തൃക്കൂരിലാണ് ഈ വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. 18 സെന്റ് പ്ലോട്ടിന്റെ ഇരുവശങ്ങളിലും റോഡ് പോകുന്നുണ്ട്. ഇരുവഴികളിൽനിന്നും വീട്ടിലേക്ക് പ്രവേശന കവാടമൊരുക്കി. രണ്ടു വഴികളിൽനിന്നും വീടിന്റെ വ്യത്യസ്തമായ രൂപഭംഗി ആസ്വദിക്കാം. പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂരയാണ് വീടിന്റെ ആകർഷണം. ഭിത്തിയിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച ചുവരുകളാണ് വീടിന്റെ ട്രഡീഷനൽ ഭംഗിക്ക് മാറ്റുകൂട്ടുന്നത്.
വീടിനൊപ്പം ചുറ്റുപാടുകൾക്കും പ്രാധാന്യം നൽകി. പേവിങ് ടൈലും ഗ്രാസും വിരിച്ച് മുറ്റമൊരുക്കി. വീട്ടുകാർ പ്രവാസികളാണ്. അതിനാൽ പരിപാലനവും കൂടി കണക്കിലെടുത്താണ് വീടൊരുക്കിയത്. പൂമുഖത്തുനിന്ന് നീണ്ട ഇടനാഴിയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇരുവശവും ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച ഭിത്തികൾ ഇവിടം പ്രൗഢമാക്കുന്നു.
ഡബിൾഹൈറ്റ് സ്‌പേസുകളുടെ സാന്നിധ്യമാണ് അകത്തളങ്ങൾ വിശാലമാക്കുന്നത്. കോർട്യാർഡ്, ഡൈനിങ് എന്നിവ ഡബിൾഹൈറ്റിലൊരുക്കി. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കോമൺ ഏരിയകൾ കമനീയമാക്കുന്നു.
പഴയ നടുമുറ്റമുള്ള നാലുകെട്ട് വീടുകളുടെ പരിഷ്‌കൃത രൂപമാണ് ഇവിടെ ആവിഷ്കരിച്ചത്. ഡബിൾഹൈറ്റ് കോർട്യാർഡാണ് വീടിന്റെ ആത്മാവ്. ഇതിനുചുറ്റുമാണ് ഫാമിലി ലിവിങ്, ഡൈനിങ് സ്‌പേസുകൾ വിന്യസിച്ചത്. ഇരുനിലകളും തമ്മിൽ കണക്ട് ചെയ്യുന്ന ഇടമായും കോർട്യാർഡ് വർത്തിക്കുന്നു.
ജിഐ ഫാബ്രിക്കേറ്റഡ് ഗോവണിയിൽ വുഡൻ പ്ലാന്റ് വിരിച്ചു. കൈവരികളും വുഡ്+ ജിഐ ഫിനിഷിലാണ്.
U ഷേപ്പിലാണ് കിച്ചൻ. മൾട്ടിവുഡ്+ ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.
ഹെഡ്ബോർഡ്, ഹെഡ്‌സൈഡ് പാനൽ എന്നിവ ഹൈലൈറ്റ് ചെയ്ത് കിടപ്പുമുറികൾ വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
നിരവധി ആളുകളാണ് വീടുകാണാനെത്തുന്നത്. ആഗ്രഹിച്ചതുപോലെ കാറ്റും വെളിച്ചവും സമൃദ്ധമായി നിറയുന്ന വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.
Project facts
Location- Trikkur, Thrissur
Plot- 18 cents
Area- 3545 Sq.ft
Design- Vignesh N, Vaisakh N
VN Infra Wadakkanchery, Thrissur
Y.C- 2023