ADVERTISEMENT

കുതിച്ചുയരുന്ന നിർമാണച്ചെലവുകൾ വീടുപണിയുന്ന സാധാരണക്കാർക്ക് വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ പോക്കറ്റിലൊതുങ്ങുന്ന ബജറ്റിൽ, സുന്ദരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് ഈ വീടിന്റെ കഥ. ചേർത്തലയ്ക്കടുത്ത് പതിനൊന്നാം മൈലിലാണ് സിവിൽ പൊലീസ് ഓഫീസറായ ജിതിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. 5 സെന്റിൽ 900 സ്ക്വയർഫീറ്റിൽ പരമ്പരാഗതഭംഗിയിൽ ചിട്ടപ്പെടുത്തിയ ഈ വീട് വെറും 9 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കി എന്നത് അവിശ്വസനീയമായി തോന്നാം.

9-lakh-cherthala-home

അഞ്ച് സെന്റ് പ്ലോട്ടിൽ വീട് കഴിഞ്ഞുള്ള സ്ഥലം പേൾഗ്രാസ് വിരിച്ച് നടപ്പാതകളോടുകൂടി മുറ്റം ഒരുക്കി. പ്രധാനവാതിലിന് അഭിമുഖമായി തുളസിത്തറയുമുണ്ട്. വീടിന്റെ ചുറ്റുമതിലും ഫെറോസിമന്റിലാണ് തീർത്തിരിക്കുന്നത്. മതിലിന്റെ ഒരുഭാഗം കലാപരമായി സിറ്റിങ് സ്‌പേസാക്കി മാറ്റി. ബാക്കി വന്ന ഓടുകൾ വച്ച് മേൽക്കൂര നിർമിച്ച് ഫെറോസിമന്റ് തൂണുകള്‍ നാട്ടിയാണ് ഇവിടമൊരുക്കിയത്. രാവിലെ കോടമഞ്ഞും വൈകുന്നേരം കാറ്റും കാഴ്ചകളും ആസ്വദിച്ചിരിക്കാൻ പറ്റിയ വീടുകാരുടെ ഫേവറിറ്റ് കോർണറായി ഇവിടംമാറി.

9-lakh-cherthala-home-lawn

മേൽക്കൂര ജിഐ ട്രസ് ചെയ്ത്, പഴയ ഓട് വിരിച്ച് പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ തീർത്തിരിക്കുന്നത്. മനോഹരമായ ചുറ്റുവരാന്തയോടുകൂടിയ പൂമുഖം. ഇവിടെയുള്ള ഫെറോസിമന്റിൽ തീർത്ത തൂണുകൾ പരമ്പരാഗത വീടുകളെ അനുസ്മരിപ്പിക്കുന്നു. പഴയ കാവി നിലം അനുസ്മരിപ്പിക്കുംവിധം പൂമുഖം റെഡ് ഓക്സൈഡ് ഫിനിഷിലൊരുക്കി. ഇവിടെയൊരു ചാരുകസേരയുമുണ്ട്. 

9-lakh-cherthala-home-poomugham

ഫൗണ്ടേഷൻ ചെങ്കല്ലുകൊണ്ടാണ് നിർമിച്ചത്. വീടിന്റെ നിർമാണത്തിനായി സോളിഡ് ബ്രിക്ക് ഇടനിലക്കാരില്ലാതെ നേരിട്ടുവാങ്ങി. പ്രധാന വാതിൽ അക്കേഷ്യയിലാണ്. 

പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ഡെക്ക് എന്നിവയാണ് വീടിനുള്ളിലെ ഇടങ്ങൾ. 

9-lakh-cherthala-home-living

മറ്റ് കോമൺ ഏരിയകളിൽ വുഡൻ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈൽസാണ് വിരിച്ചത്. കാൽസ്യം സിലിക്കേറ്റ് ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ നൽകിയതോടെ അകത്തളം കമനീയമായി.

ലിവിങ്ങിൽ  തേക്കിൽ തീർത്ത സോഫ സെറ്റും ടീപോയുമുണ്ട്. ഇവിടെ ഭിത്തിയിൽ ഗൃഹനാഥന് മുഖ്യമന്ത്രിയിൽനിന്ന് വിശിഷ്ട സേവന മെഡൽ ലഭിക്കുന്ന ചിത്രം തൂക്കിയിരിക്കുന്നു. ഡൈനിങ്ങിൽ നാലു പേർക്കിരിക്കാവുന്ന ഗ്ലാസ്ടോപ് ടേബിൾ നൽകിയിരിക്കുന്നു. ഇവിടെ ടിവി യൂണിറ്റും വശത്തായി വാഷ് ഏരിയയും കോമൺ ബാത്റൂമും ക്രമീകരിച്ചു. മധ്യത്തിലുളള ഡൈനിങ് സ്‌പേസിന്റെ മേൽക്കൂരയുടെ ഉയരക്കൂടുതൽ മുതലാക്കാനായി, വിബോർഡിൽ  അപ്പർ ഡക്ക് കൊടുത്ത് മൾട്ടിയൂട്ടിലിറ്റി മുറിയാക്കി. ഇത് കിടപ്പുമുറി, സ്റ്റഡി റൂം, സ്റ്റോറേജ് എന്നിവയ്ക്ക് ഉപയോഗിക്കാം.

9-lakh-cherthala-home-dine

അധികം മുറികളില്ലെങ്കിലും ഓരോ മുറികൾക്കും മക്കളുടെ പേരുകൾ നൽകിയത് കൗതുകകരമാണ്. മാസ്റ്റർ ബെഡ്റൂമിന് കാശ്മീരം (മകളുടെ പേര് കാശ്മീര), കുട്ടികളുടെ കിടപ്പുമുറിക്ക് നീഹാരം (മകന്റെ പേര് നിഹാർ), മുകളിലുള്ള ചെറിയ കിഡ്സ് റൂമിന് തനിമ (സഹോദരിയുടെ മകളുടെ പേര് തനിഷ്‌ക) എന്നിങ്ങനെ പേരുകൾ നൽകി.

9-lakh-cherthala-home-bed

എല്ലാം കയ്യൊതുക്കത്തിലുള്ള ചെറിയ കിച്ചനൊരുക്കി. ചെലവ് ചുരുക്കാൻ ഫെറോസിമന്റിൽ അലുമിനിയം കോംപസിറ്റ് പാനലിലാണ് ക്യാബിനറ്റ് നിർമിച്ചത്. കിച്ചൻ സ്ലാബിനു ഗ്രാനൈറ്റ് വിരിച്ചു. പുകയടുപ്പോടുകൂടിയ ഒരു വർക്കേരിയയും അനുബന്ധമായി നൽകി.

9-lakh-cherthala-home-kitchen

സ്ഥലം വാങ്ങാനായി ചെറിയ ലോൺ എടുത്തതൊഴിച്ചാൽ വീടുനിർമിക്കാൻ അധികം സാമ്പത്തിക ബാധ്യതയുണ്ടായില്ല. ചൂട് കുറവ്, വൃത്തിയാക്കാൻ എളുപ്പം അടക്കമുള്ള ഗുണങ്ങളും ഇത്തരം ചെറിയ വീടുകൾക്കുണ്ട്. മനഃസമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കാനാകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജിതിൻ പറഞ്ഞുനിർത്തുന്നു.

9-lakh-cherthala-home-side

ചെലവ് കുറച്ച ഘടകങ്ങൾ 

  • രണ്ടു രൂപയ്ക്ക് പഴയ ഓടുകൾ ലഭിച്ചു.
  • പഴയ തടി, ജനൽ-വാതിലുകൾ കുറഞ്ഞ നിരക്കിൽ ലഭിച്ചു.
  • ഫർണിച്ചറുകൾ പെരുമ്പാവൂരിനടുത്തുള്ള ഫർണിച്ചർ ഗ്രാമമായ നെല്ലിക്കുഴിയിൽനിന്ന് കുറഞ്ഞ നിരക്കിൽ വാങ്ങി.
  • ഫെറോസിമന്റ് തൂണുകൾ 1200 രൂപ നിരക്കിൽ ലഭിച്ചു.
  • അലുമിനിയം കിച്ചൻ.

Project facts

Location- 11th Mile, Cherthala

Plot- 5 cent

Area- 900 Sq.ft

Owner- Jithin

Budget- 9 Lakhs

Y.C- 2022

English Summary:

Low Cost Traditional Elegant house for 9 Lakhs- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com