അതിമനോഹരം: ഇത് മിക്ക മലയാളികളും കൊതിക്കുന്ന വീട്; ഓണം സ്പെഷൽ
Mail This Article
ഇത് നടുമുറ്റം കേന്ദ്രമാക്കി ഞങ്ങൾ രൂപകൽപന ചെയ്ത വീടാണ്. നടുമുറ്റവും നാലുകെട്ടും നമ്മൾ മലയാളികൾക്ക് വെറും വാക്കുകളല്ല, പോയ കാലത്തിന്റെ ഓർമകൾ കൂടിയാണ്. ചിലർ അത് ഗൃഹാതുര സ്മരണകളായി മനസ്സിൽ താലോലിക്കുമ്പോൾ മറ്റുചിലർ അത് അതിജീവിച്ച ഒരു കെട്ടകാലത്തിന്റെ ബാക്കിപത്രമായി കാണുന്നു. എന്തായാലും നാലുകെട്ടിന്റെ ഡിസൈൻ ഫിലോസഫി കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഏറ്റവും ഉചിതമാണ്. ചെറുതും വലുതുമായ കെട്ടിടങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതും പുതിയകാലത്തിലേക്ക് എളുപ്പം പൊരുത്തപ്പെടുത്തി എടുക്കാവുന്നതുമാണ്.
മറ്റൊരു നാലുകെട്ടിനെ നമ്മുടെ മനസ്സിൽ പതിപ്പിച്ച എം.ടി.വാസുദേവൻ നായരുടെ നാടിനും, പൂതപ്പാട്ടിലൂടെ വള്ളുവനാടിന്റെ സ്വന്തം പൂതത്തിന്റെ കഥ അവിസ്മരണീയമാക്കിയ ഇടശ്ശേരിയുടെ നാടിനും ഇടയ്ക്കാണ് ഈ വീടുള്ളത്. തെങ്ങും കവുങ്ങും ഇടതൂർന്നു നിൽക്കുന്ന പുരയിടവും, അവിടേക്കുള്ള നീണ്ട കല്ലിടവഴിയും തരുന്ന തികഞ്ഞ ഗ്രാമാന്തരീക്ഷം.
പുറത്തെ ചൂടിനെ വെല്ലുന്ന അകത്തെ ചൂടുമായി ബുദ്ധിമുട്ടിച്ചിരുന്ന പഴയ വീടും, പണ്ടത്തെ നാലുകെട്ടിന്റെ പറഞ്ഞു കേട്ട കഥകളും ഓർമയിൽ ഉള്ളതുകൊണ്ട്, നടുമുറ്റമുള്ള ഒരു നാലുകെട്ട് വീട് മതി എന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച്, അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കി, മനുഷ്യനും പ്രകൃതിയും സഹജീവിക്കുന്ന, സ്വാസ്ഥ്യം ലഭിക്കുന്ന ഒരിടം ഒരുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.
ചുറ്റും പച്ചപ്പ് നിറഞ്ഞ പറമ്പിലെ ഹരിതാഭ മുഴുവനും ആസ്വദിക്കാവുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തത്. മുൻവശത്തെ വരാന്തയിലേക്ക് കയറുന്നത് പുറത്തെ നടുമുറ്റത്തിന് അഭിമുഖമായാണ്. അകത്ത് അങ്ങ് അടുക്കളയിൽ നിന്നുവരെ വീട്ടിലേക്ക് വരുന്നവരെ കാണാം. എങ്കിലും വീടകത്തിന് വേണ്ട സ്വകാര്യത ഉറപ്പുവരുത്തുന്നത് നടുമുറ്റമാണ്. വരാന്തയിൽ ഒരറ്റത്ത് മുറ്റവും തോട്ടവും കണ്ടിരുന്നുള്ള ഹൃദ്യമായ ഒരു കൂട്ടംകൂടലിന് ഇടമൊരുക്കി.
വീടിനുള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുക അകത്തെ നടുമുറ്റമാണ്. നടുമുറ്റത്തിന് അഭിമുഖമായി വരുന്ന അതത് ഇടങ്ങൾ എന്ന രീതിയിലാണ് രൂപകൽപന. കാറ്റുകൊണ്ട് ഒരുച്ച മയക്കത്തിന് ഇവിടെ നടുമുറ്റത്തിനടുത്ത് ജനലുകളോട് ചേർന്ന ഇരിപ്പിടം തന്നെ ധാരാളം.
കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും, ആട്ടുകട്ടിലിനോ ചാരിയിരിക്കാൻ ഒരു ചാരുകസേരയ്‌ക്കോ ഉള്ള സ്ഥലവും, വിശാലമായ ഒരു സ്വീകരണ മുറിയും, പൂജാമുറിയും, ഊണുമുറിയും, അടുക്കളയും എല്ലാമുണ്ട്; വേണ്ട സ്വകാര്യതയും സൗകര്യങ്ങളും ഉറപ്പുവരുത്തിത്തന്നെ.
ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുകളിൽ ബാൽക്കണിയോടുകൂടിയ ഒരു ഫാമിലി ലിവിങും രണ്ടു കിടപ്പുമുറികളുമാണുള്ളത്. നടുമുറ്റവും ചുറ്റുമുള്ള വരാന്തയും രണ്ടു നിലകളെയും പരസ്പരം ബന്ധിപ്പിക്കുന്നു.
വെട്ടുകല്ലും കരിങ്കല്ലുമാണ് ഇവിടെ ഉപയോഗിച്ച പ്രധാന നിർമാണ വസ്തുക്കൾ. മേൽക്കൂര സ്റ്റീൽ ട്രസ് റൂഫിൽ ഓട് മേഞ്ഞതാണ്. താഴെ സീലിങ് ഓടുമുള്ളത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. തടി തൂണുകൾ പഴയ കെട്ടിടങ്ങളിൽ നിന്നും റീയൂസ് ചെയ്തതാണ്.
ചുമരുകളിൽ പലയിടത്തും പ്ലാസ്റ്ററിങ് തന്നെ പോളിഷ് ചെയ്തു. മറ്റ് ചുമരുകൾ പ്ലാസ്റ്ററിങ് ഒഴിവാക്കി വെട്ടുകല്ലിന്റെ സ്വാഭാവികത്തനിമയിൽ നിലനിർത്തി. അതിനാൽ പെയിന്റിങ് വരുന്ന ഇടങ്ങൾ തീരെ കുറവാണ്.
നടുമുറ്റത്തിലൂടെ വരുന്ന വെളിച്ചവും, യഥേഷ്ടം കൊടുത്തിട്ടുള്ള തടി ജനലുകളുമാണ് ഈ വീടിന്റെ ആർഭാടം. കാറ്റും വെളിച്ചവും നിറയെ ഉള്ളിലേക്ക് കൊണ്ടുവന്ന് അവർ അതിന് മാറ്റുകൂട്ടുന്നു.
കൊല്ലം തോറും ഉണ്ണിയുടെ വീട് തിരഞ്ഞു വരുന്ന പൂതപ്പാട്ടിലെ പൂതവും പൂരോത്സവവുമെല്ലാം ഇവിടത്തുകാർക്ക് ജീവിതത്തിൻ്റെ ഭാഗമാണ്. ഈ വീട്ടിൽ, വെട്ടുകല്ലിൽ കമാനാകൃതിയിൽ ചെയ്ത നടുമുറ്റത്തിന്റെ കവാടങ്ങൾക്കരുകിൽ (laterite arches) മറ്റൊരു കുഞ്ഞുകവാടം പോലെയുള്ള തലയിലെ കോപ്പുമായി, ഒരു നാടോടിക്കഥയുടെ നൈർമ്മല്യത്തോടെ നിന്ന പൂതത്തിൻ്റെ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായാതെ നോക്കേണ്ടത് നമ്മളാണ്. എം.ടി യുടെതന്നെ പ്രയോഗം കടമെടുത്ത് പറഞ്ഞാൽ, വേരറ്റ ഒരു ജനതയെ വീണ്ടെടുക്കാൻ പറ്റുന്നത് ഒരുപക്ഷേ തേയ്മാനം വരാത്ത തങ്കക്കാശുപോലുള്ള ഇത്തരം ഓർമകൾക്കായിരിയ്ക്കും!
Project facts
Location- Kappur, Palakkad
Area- 3400 Sq.ft
Ownr- Lisha & Sajan
Architects- Guruprasad Rane, Manasi
Bhoomija Creations, Palakkad
Mob- 9895353291