ഗൾഫിലെ പ്രശ്നങ്ങൾ കാരണം പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ വരുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടി കൂടി വരികയാണ്. പ്രവാസി ജീവിതത്തിൽ മിച്ചം വെച്ച പണമുപയോഗിച്ച് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത് .കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള ഒരുപാട് സംരംഭങ്ങൾ കേരളത്തിന്റെ പല ഭാഗത്തും, പ്രത്യേകിച്ച് മലബാർ മേഖലയിൽ തുടങ്ങുകയുണ്ടായി.
ബേക്കറി & കൂൾബാർ, ഹോട്ടൽ, ഫാൻസി & ഫൂട്ട് വെയർ, ടെക്സ്റ്റയിൽസ്, ടോയ്സ് ഷോപ്പുകൾ തുടങ്ങി വിവിധ മേഖലകളിലാണ് ഇവർ പണം മുടക്കുന്നത്. എന്നാൽ മിക്ക ആളുകളും ആവശ്യപ്പെടുന്നത് വളരെ ചിലവ് ചുരുക്കി ഭംഗിയുള്ള വ്യത്യസ്തതകൾ ഉള്ള ഇൻറീരിയർ ഒരുക്കാനാണ്. മഞ്ചേരിയിൽ ദയ വുഡ്‌സ് എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തുന്ന ഷഫീക്ക് കമേഴ്‌സ്യൽ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഡിസൈൻ ചെയ്തു നൽകുന്നുണ്ട്. അത്തരം ചില ഇന്റീരിയർ പ്രൊജക്ടുകളെ ഷഫീഖ് പരിചയപ്പെടുത്തുന്നു...
ടോയ് ഷോപ്പ്
മുൻപ് ഷോപ്പിന്റെ ഇന്റീരിയറിൽ ജിപ്സം ഉപയോഗിച്ചുള്ള സീലിങ്ങിന് വളരെ അധികം സ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന്റെ ഉപയോഗം കുറച്ച് വരികയാണ്. വിവിധ ഡിസൈനുകൾ നൽകി മുൻപ് സീലിങ്ങിന് വലിയ ഒരു തുകയാണ് ചിലവാക്കി കൊണ്ടിരുന്നത്. ഇതൊഴിവാക്കുന്നതിലൂടെ വലിയൊരു ചിലവ് കുറക്കാനാകും.
മലപ്പുറം പയ്യനാട് ഉള്ള ബേബി ബംഗ്ലാവ് എന്ന ടോയ്സ് ഷോപ്പിന് വേണ്ടി ഞങ്ങൾ ഒരുക്കിയ ഡിസൈൻ ജിപ്സം സീലിംഗ് ഇല്ലാതെയാണ് ചെയ്തത്. ജിപ്സം സീലിംഗ് ഇല്ലാതെ വരുമ്പോൾ പ്രയാസം വരുന്നത് സീലിങ്ങിൽ കൊടുക്കുന്ന ലൈറ്റുകൾക്കും അതിന്റെ വയറിങ്ങിനുമാണ്. ഇതിന് വേണ്ടി സ്ക്വയർ പൈപ്പ് ഉപയോഗിച്ചുള്ള ഡിസൈൻ സീലിങ്ങൽ നൽകി അതിലൂടെ വയറിങ്ങ് നടത്തി ലൈറ്റും കൊടുത്തു. പ്ലൈവുഡിന്റെ ഉപയോഗം കുറച്ചാണ് റാക്കുകൾ ചെയ്തിട്ടുള്ളത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ് ഇവിടെ ഡിസൈൻ ഒരുക്കിയിട്ടുള്ളത്. റൂഫിൽ പെയിൻറടിച്ച് ഭംഗിയാക്കി.
റോഡിന്റെ വശത്തുള്ള ഈ കടയുടെ മുൻവശത്ത് നൽകിയ ഇൻസ്റ്റലേഷനിൽ ആരുടേയും കണ്ണുടക്കും. സൈക്കിൾ ടയറുകൾ മേടിച്ച് ഇതിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി നിരനിരയായി തൂക്കിയിട്ടു. ഇതിന്റെ ചിലവ് വെറും 5000 രൂപക്ക് അകത്ത് ഒതുക്കാൻ സാധിച്ചു. സംഗതി സിംപിൾ, പക്ഷേ കാഴ്ചയിൽ പവർഫുൾ!
ബേക്കറി
ഇനി ജിപ്സം സീലിംഗ് ചെയ്യുകയാണെങ്കിലും പ്ലെയിൻ ഡിസൈനാണ് ഇപ്പോൾ അധികം ഷോപ്പുകൾക്കും നൽകുന്നത്. കുറേയധികം ഡിസൈൻ നൽകുന്നത് ഇപ്പോൾ ട്രെൻഡ് അല്ല. ഇങ്ങനെ സിംപിളായി ചെയ്യുമ്പോൾ റണ്ണിംഗ് ഫീറ്റ് കുറയുകയും അത് വഴി ചിലവ് ചുരുങ്ങുകയും ചെയ്യും. പ്ലെയിൻ ആയി ചെയ്ത ഡിസൈനിൽ മെറ്റൽ വർക്ക് ചെയ്തുള്ള മോഡലുകളും ഇപ്പോൾ ട്രെൻഡ് ആണ്. അത്തരത്തിലുള്ള ഒരു സിസൈനാണ് മലപ്പുറം മൊറയൂരുള്ള Maroosh Bakes & Shakes എന്ന ബേക്കറിയിൽ ഞങ്ങൾ നൽകിയിട്ടുള്ളത്. Round Metal Pipe ഉപയോഗിച്ച് ഒരു ഡിസൈൻ ഉണ്ടാക്കി അത് സിലിങ്ങിൽ വെൽഡ് ചെയ്ത് പിടിപ്പിച്ചു. ഓരോ പൈപ്പിനും 1 watt ന്റെ വാം ലൈറ്റ് നൽകി മനോഹരമാക്കി.
മെറ്റൽ പെർഗോളകൾ നൽകിയാണ് എക്സ്റ്റീരിയർ ചെയ്തിട്ടുള്ളത്. കൗണ്ടറുകൾ എല്ലാം സിംഗിൾ ആയിട്ടാണ് നൽകിയിരിക്കുന്നത്. അതായത് ബിസ്കറ്റിന് വേണ്ടി ഒന്ന്, എനർജി ഡ്രിങ്ക്സിന് വേണ്ടി ഒന്ന് അങ്ങനെ. ഈ കൗണ്ടറുകൾ പരസ്പരം ബന്ധിപ്പിക്കാനായി സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ലൈൻ ഡിസൈൻ നൽകിയിട്ടുണ്ട്.
ഫാൻസി ഷോപ്പ്
പ്ലെയിൻ സീലിങ്ങിൽ പ്ലൈവുഡ് ഉപയോഗിച്ചുള്ള ഡിസൈൻ നൽകിയാണ് She trends എന്ന ഫാൻസി ഷോപ്പ് ചെയ്തിട്ടുള്ളത്. ഇതിന് മിഴിവേകാൻ ചുറ്റിലും കോവ് ലൈറ്റ് നൽകി.
കടകളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് റാക്കുകൾ നൽകാറുണ്ട്. മുൻപത്തെ പോലെ പ്ലൈവുഡ് മാത്രം ഉപയോഗിച്ചുള്ള റാക്കുകളുടെ കാലം കഴിഞ്ഞു തുടങ്ങി. പ്ലൈവുഡും മെറ്റലും ഉപയോഗപ്പെടുത്തിയിട്ടുള്ള റാക്കുകളാണ് ഫാൻസി ഷോപ്പിനായി ഞങ്ങൾ നൽകിയത്. ഇതുവഴി പ്ലൈവുഡ് ഷീറ്റുകളുടെ എണ്ണം കുറക്കുന്നതിലൂടെ ചിലവ് കുറക്കാനാകും. ഈ ഷോപ്പിന്റെ എക്സ്റ്റീരിയർ ചെയ്തിരിക്കുന്നത് ഷറാബോർഡ് ഉപയോഗിച്ചാണ്. അലുമിനിയം കമ്പോസിറ്റ് പാനലുകളെ അപേക്ഷിച്ച് ഇതിന് ചിലവ് കുറവാണ്.
കണ്ണാശുപത്രി
ഇതിനൊക്കെ പുറമെ പഴയ ഷോപ്പുകൾ പുതിയ സ്റ്റൈലിലേക്ക് മാറ്റുന്നതും ഇപ്പോ ട്രെൻഡ് ആണ്. അത്തരത്തിൽ മാറ്റിയെടുത്തതാണ് മലപ്പുറം അരീക്കോടുള്ള തമാം കണ്ണാശുപത്രി. ഇവിടത്തെ പഴയ കൗണ്ടറുകളെല്ലാം പുതിയതാക്കിയെടുത്തു. പുതിയതായി ഉണ്ടാക്കിയെടുത്ത അതേ പാറ്റേണിലാണ് പഴയതും പുതുക്കി എടുത്തത്. കണ്ണടകൾ വെക്കാനുപയോഗിച്ച അതേ റൗണ്ട് & ലൈൻ ഡിസൈൻ തന്നെയാണ് ഇവിടെ എക്സ്റ്റീരിയറിന്റെ നെയിം ബോർഡിന് വേണ്ടി നൽകിയിട്ടുള്ളത്.
പ്ലാൻ ചെയ്ത് ചെയ്താൽ ഭംഗിയിൽ കുറവില്ലാതെ ഇൻറീരിയറിന്റെ ചിലവ് നല്ലൊരു ശതമാനം കുറയ്ക്കാനാകും എന്ന് ഷഫീഖ് സാക്ഷിക്കുന്നു.
Designer:
Shafique M K
Daya Woods, Exterior Interior Designers, Manjeri
email- dayawoodsinfo@gmail.com
Mob- 9745 22 04 22
Read more on Home Decoration Magazine Malayalam Home Decor in Malayalam Malayalam Celebrity Homes