ഭക്ഷണം കഴിക്കുന്ന ആളുകളുടെ വയറു നിറയ്ക്കാൻ ആരെക്കൊണ്ടും കഴിയും, പക്ഷേ കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കുന്നതിലാണ് കാര്യം. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ ഈ ഡയലോഗ് വേദവാക്യമാക്കിയവരാണ് മലബാറുകാർ. നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങളുടെയും ഭക്ഷണപ്രിയരുടെയും ഒപ്പം ആഥിത്യമര്യാദയുടെയും കാര്യത്തിൽ മുൻപിലാണ് മലപ്പുറംകാർ. അതുകൊണ്ടാണ് ഹോട്ടൽ-റസ്റ്ററന്റ് വ്യവസായം ഇവിടെ തഴച്ചു വളരുന്നതും.
പെരിന്തൽമണ്ണയിലുള്ള ഫുഡ് സ്‌റ്റോറീസ് എന്ന റസ്റ്ററന്റിനും പറയാൻ കഥകൾ ഏറെയുണ്ട്. ഒരു മേൽക്കൂരയ്ക്ക് കീഴിൽ മൂന്ന് രുചി ഭേദങ്ങൾ വിളമ്പുക. ഈ രുചിഭേദങ്ങൾക്ക് അകമ്പടിയായി ഇരിക്കുന്ന ആംബിയൻസും മാറ്റുക. ഇതാണ് ഈ ഹോട്ടലിന്റെ ഡിസൈൻ ശൈലി. മൂന്ന് നിലകളിലായി ആകെ 12000 ചതുരശ്രയടി വിസ്തീർണമുണ്ട് ഹോട്ടലിന്. മൂന്ന് നിലകളിലായി മോഡേൺ, ഇറ്റാലിയൻ, അറബിക് ശൈലിയിലുള്ള ഭക്ഷണം ഇവിടെ വിളമ്പുന്നു.
ജിപ്സം സീലിങ്ങാണ് ഇന്റീരിയറിൽ നൽകിയത്, ഇതിൽ തീം അനുസരിച്ച് വൈവിധ്യങ്ങൾ കൊടുത്തു. വാം ടോൺ ലൈറ്റിങ് അകത്തളത്തിൽ മാന്ത്രികമായ അന്തരീക്ഷം നിറയ്ക്കുന്നു. എല്ലാ നിലകളിലും റോഡിനു വശത്തെ ഭിത്തിയിൽ ഗ്ലാസ് പാനലിങ് നൽകി. ആളുകൾക്ക് പുറത്തെ കാഴ്ച കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങി. സ്വകാര്യതയും എന്നാൽ സ്ഥല ഉപയുക്തയും ലഭിക്കുംവിധമാണ് മേശകളും കസേരകളും വിന്യസിച്ചിരിക്കുന്നത്.
താഴത്തെ നില മോഡേൺ തീമിലാണ്. സീലിങ്ങിൽ നിന്നും താഴേക്ക് പ്രൊജക്റ്റ് ചെയ്തു നിൽക്കുന്ന ശൈലിയിലാണ് ഫോൾസ് സീലിങ് നൽകിയത്. ഇതിനിടയിൽ എസിയുടെ ഡക്റ്റും, കൺസീൽഡ് എൽഇഡി ലൈറ്റുകളും വരുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. സ്റ്റീൽ+ മറൈൻ പ്ലൈ എന്നിവ കൊണ്ടാണ് ഫർണിച്ചറുകൾ നിർമിച്ചത്.
രണ്ടാമത്തെ നിലയിൽ ഇറ്റാലിയൻ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുന്നത്. അതിനാൽ ഇറ്റാലിയൻ ഡിസൈൻ തീം അവലംബിച്ചു. ജിഐ പൈപ്പിനു ബ്ലാക് പെയിന്റ് ഫിനിഷ് നൽകി ഫോൾസ് സീലിങ് ക്രമീകരിച്ചിരിക്കുന്നു. ജിഐ പൈപ്പിൽ വെനീർ സ്ട്രിപ്പുകൾ പൊതിഞ്ഞാണ് പാർടീഷൻ പില്ലറുകൾ നിർമിച്ചത്. മധ്യത്തിൽ വരുന്ന പില്ലറുകളിൽ വെനീർ പാനലുകൾ പൊതിഞ്ഞു. ഇതിനകത്ത് കൺസീൽഡ് എൽഇഡി സ്ട്രിപ്പുകൾ നൽകിയത് ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു.
മൂന്നാം നിലയിൽ അറബിക് വിഭവങ്ങളാണ് വിളമ്പുന്നത്. അറബിക് റസ്റ്ററന്റുകളിൽ കാണുന്ന ഡിസൈൻ തീം ഇവിടെ നൽകി. ബ്ലാക്& വൈറ്റ് നിറങ്ങൾ ജിപ്സം പാനലിൽ മാറിമാറി നൽകി. പിരമിഡ് ആകൃതിയിൽ പ്രൊജക്ഷൻ നൽകി എൽഇഡി സ്ട്രിപ്പുകൾ ക്രമീകരിച്ചു. ഇതോടൊപ്പം പാർട്ടികളും മീറ്റിംഗുകളും ഒരുക്കാൻ പാകത്തിൽ വിശാലമായ കോൺഫറൻസ് ഹാളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
വ്യത്യസ്തമായ മൂന്ന് ലോകത്ത് കയറിയിറങ്ങിയ പ്രതീതിയാണ് പുറത്തേക്ക് ഇറങ്ങുമ്പോൾ ലഭിക്കുക. ചുരുക്കത്തിൽ ഭക്ഷണത്തിനൊപ്പം അകത്തളക്കാഴ്ചകളും കണ്ടു കഴിയുമ്പോൾ വയറും മനസ്സും ഒരുപോലെ നിറയും എന്ന് മലപ്പുറംകാർ പറയുന്നു....
Project Facts
Location- Perinthalmanna, Malappuram
Area- 12000 SFT
Designer- Muneer
Nufail-Muneer Associates
Mob- 9847249528
Read more on Restaurant Design Kerala