വരുന്നു റീം ടവര്‍, 335 അപ്പാര്‍ട്ട്‌മെന്റുകള്‍! അബുദാബിയിലെ സൂപ്പര്‍ അംബരചുംബി

44 നിലകളാണ് ഈ അംബരചുംബിക്കുള്ളത്. മറിന ചത്വരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് റീം ടവര്‍ ഉയരുന്നത്.

അംബരചുംബികളുടെ നാടാണ് ഗള്‍ഫ്. അതിനോട് കൂടെച്ചേര്‍ക്കാന്‍ പുതിയൊരു പേരു കൂടി. റീം ടവര്‍. അബുദാബിയിലാണ് ഈ സൂപ്പര്‍ ലക്ഷ്വറി കെട്ടിടം ഒരുങ്ങുന്നത്. ജാപ്പനീസ് വാസ്തുവിദ്യാകമ്പനിയായ നിക്കെന്‍ സെക്കെയ്, യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ബിസി എന്നിവയുടെ സംയുക്ത സംരംഭമാണിത്. 

44 നിലകളാണ് ഈ അംബരചുംബിക്കുള്ളത്. മറിന ചത്വരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് റീം ടവര്‍ ഉയരുന്നത്. വാട്ടര്‍ഫ്രന്റ് ഡെവലപ്‌മെന്റ് പദ്ധതിയായ ഇത് ഒരുങ്ങുന്നതാകട്ടെ 1.2 ദശലക്ഷം ചതുരശ്ര മീറ്ററിലും. ഇതാണ് റീം ടവറിന്റെ ആദ്യ ഘട്ടം. 172 മീറ്ററായിരിക്കും ഉയരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിൽഡ് അപ് ഏരിയ 87,075 സ്‌ക്വയര്‍ മീറ്റര്‍, 500 കാറുകള്‍ക്കാണ് പാര്‍ക്കിങ് സ്‌പേസ്. 216 ടു-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, 117 ത്രീ-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, രണ്ട് ഫോര്‍-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് റീം ടവറിലുണ്ടാകുക. ആകെ 335 അപ്പാര്‍ട്ട്‌മെന്റുകള്‍. 

സ്വിമ്മിങ് സോണും കിഡ്‌സ് പൂളും വാട്ടര്‍ ഡെക്കുമെല്ലാം റീം ടവറിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ഗാര്‍ഡന്‍ സോണ്‍ കീഴടക്കുക കുട്ടികള്‍ക്കുള്ള പ്ലേ ഗ്രൗണ്ട്, ഗാര്‍ഡന്‍, ഗ്രീന്‍ കൊറിഡോര്‍ എന്നിവയാണ്. എല്ലാ സജ്ജീകരണങ്ങളുമുള്ള ജിംനേഷ്യം, സ്‌ക്വാഷ് കോര്‍ട്ട് എന്നിവയും റീം ടവറിലുണ്ടാകും.

ജപ്പാനിലെ നിക്കെന്‍ ഗ്രൂപ്പ് അത്യാകര്‍ഷകമായ ഡിസൈന്‍ പദ്ധതികളിലൂടെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ പദ്ധതി അബുദാബിയുടെ അടയാളമായി മാറുമെന്നാണ് പ്രതീക്ഷ. നിക്കെനുമൊത്തുള്ള എന്‍ബിസിയുടെ ആദ്യ പദ്ധതിയാണിത്. 

Read more on Malayalam Celebrity Homes Malayalam Celebrity Homes