Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീതിയുടെ താവളം അഥവാ കിം ജോങ് ഉന്നിന്റെ കൊട്ടാരം!

kim-jong-palace അതീവസുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ മാത്രമാണ് പുറംലോകത്തിന് കാണാൻകഴിയുക. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ഇന്ന് ലോകത്തെ ഏറ്റവും രഹസ്യാത്മകമായ വസതികളിൽ ഒന്നാണ് റ്യോങ്‌സോങ് റസിഡൻസ്. ഉത്തരകൊറിയൻ ഏകാധിപതി സാക്ഷാൽ കിം ജോങ് ഉന്നിന്റെ കൊട്ടാരം. പ്യോങ് യാങ് പ്രവിശ്യയിൽ നിന്നും 12 കിലോമീറ്റർ വടക്കുകിഴക്കുള്ള റ്യോങ്‌സാൻ ജില്ലയിലാണ് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക വസതി. 1983 ൽ കിമ്മിന്റെ മുത്തച്ഛൻ കിം Il-സങ്ങിന്റെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. അതീവസുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ മാത്രമാണ് പുറംലോകത്തിന് കാണാൻകഴിയുക. 

kim-palace-map

ഒരു പക്ഷി പോലും ആരുമറിയാതെ കൊട്ടാരവളപ്പിനകത്തു പ്രവേശിക്കുകയില്ല. അത്ര ശക്തമായ സുരക്ഷാസംവിധാനങ്ങളാണത്രേ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വേലികൾ, മൈൻ പാടങ്ങൾ, സെക്യൂരിറ്റി പോയിന്റുകൾ എല്ലാം ഒരുക്കിയിരിക്കുന്നു. ക്യാമറ നിരീക്ഷണത്തിനൊപ്പം സദാസമയവും സായുധ ഭടന്മാർ കൊട്ടാരത്തിനു റോന്തു ചുറ്റുന്നു. ബോംബ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനായി സുരക്ഷാഭിത്തികൾ ഇരുമ്പ് ചട്ടങ്ങളും കോൺക്രീറ്റും ലെഡും കൂട്ടിക്കലർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാൽ സമീപവസതികളിലേക്ക് രക്ഷപെടാനായി ഭൂഗർഭ ടണലുകളും കൊട്ടാരത്തിൽ നിർമിച്ചിട്ടുണ്ടത്രേ...

kim-jong-un

ഔദ്യോഗികവിരുന്നുകൾ നടത്താനായി വിശാലമായ ഹാൾ. കിമ്മിന്റെ വിനോദത്തിനായി ഷൂട്ടിംഗ് റേഞ്ച്, സ്വിമ്മിങ് പൂൾ, കുതിരസവാരി നടത്താനുള്ള ട്രാക്ക്, സ്പാ, സോനാ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടത്രേ...

ശവകുടീരമായി മാറിയ കൊട്ടാരം

kumsusan-palace-palace

കുംസുസൻ കൊട്ടാരം- കിം ജോങ് ഉന്നിന്റെ ഔദ്യോഗിക വസതിയാകേണ്ട നിർമിതിയായിരുന്നു ഇത്. 1976ൽ നിർമിച്ച കൊട്ടാരം കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം Il - സങ്ങിന്റെ ഔദോഗിക വസതിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ കൊട്ടാരത്തെ ഒരു സ്‌മാരകസൗധമാക്കി മാറ്റുകയുണ്ടായി. ഏതാണ്ട് 100 മില്യൺ ഡോളറാണ് പുതുക്കിപ്പണിക്ക് അക്കാലത്തു ചെലവായത് എന്നാണ് വാർത്ത.

kumsusan-palace-interior

2011 ൽ കിം ജോങ് ഇൽ മരിച്ചപ്പോൾ കിം ജോങ് ഉൻ പിതാവിന്റെ ഭൗതികശരീരവും ഇവിടേക്ക് മാറ്റുകയുണ്ടായി. അച്ഛന്റെയും മുത്തച്ഛന്റേയും മൃതദേഹങ്ങൾ കിം സവിശേഷ ആദരവോടെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. വെണ്ണക്കല്ലുപോലെയുള്ള മാർബിളിൽ ഇരുവരുടെയും പ്രതിമകളും ഇവിടെ നിർമിച്ചിട്ടുണ്ട്.

kumsusan-palace-mausoleum

മുന്തിയ മാർബിളുകളാണ് കൊട്ടാരത്തിനകവശം അലങ്കരിക്കുന്നത്. സ്വർണം പൂശിയ ഷാൻലിയറുകൾ മേൽക്കൂര അലങ്കരിക്കുന്നു. വിശാലമായ ലാൻഡ്സ്കേപ്പിൽ പൂച്ചെടികളും ഉദ്യാനവുമൊക്കെ നിർമിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്വേച്ഛാധിപത്യ രാജ്യമാണെങ്കിലും വാസ്തുശില്പനൈപുണ്യത്തിന്റെ ഉദാത്ത ഉദാഹരണങ്ങളിൽ ഒന്നാണ് കുംസുസൻ കൊട്ടാരം എന്നതിൽ സംശയമില്ല...