പല വിദേശികൾക്കും പ്രേതത്തിലൊക്കെ വലിയ വിശ്വാസമാണ്. പ്രേതശല്യമുണ്ടെന്ന് കരുതുന്ന കെട്ടിടങ്ങൾ വാങ്ങി അവിടെ അഡ്വഞ്ചർ ട്രിപ്പുകൾ നടത്തുന്നതൊക്കെ അമേരിക്കയിലും ബ്രിട്ടനിലും വലിയ ബിസിനസാണ്.
സ്‌കോട് ലൻഡിലെ വലിയൊരു കെട്ടിടം അടുത്തിടെ ചിലർ ഇങ്ങനെ വിലയ്ക്കുവാങ്ങി. വർഷങ്ങളായി ആളുകളെ പേടിപ്പിച്ചിരുന്ന ബർക് വുഡ് കാസിൽ എന്ന കെട്ടിടമായിരുന്നു അത്. നൂറ്റമ്പത് വർഷം മുൻപ് പണിത ഈ കെട്ടിടം നിൽക്കുന്നത് ആളനക്കമില്ലാത്ത നൂറേക്കർ ഭൂമിയിലാണ്. പണ്ട് ഇത് വലിയൊരു ആശുപത്രിയായിരുന്നു.
![birkwood-castle-scotland-view birkwood-castle-scotland-view](https://img-mm.manoramaonline.com/content/dam/mm/ml/homestyle/first-shot/images/2018/2/5/birkwood-castle-scotland-view.jpg.image.784.410.jpg)
ഈ കെട്ടിടത്തിൽ പാതിരാവായാൽ ഭയങ്കര പ്രേതശല്യമെന്നാണ് നാട്ടുകാർ പറയുന്നത്. പണ്ട് ഈ ആശുപത്രിയിൽ മരിച്ച പലരുടെയും ആത്മാവ് ഇപ്പോഴും ഇവിടെത്തന്നെ ചുറ്റിക്കറങ്ങുകയാണത്രേ.
ഈ കെട്ടിടം പുതുക്കിപ്പണിത് നല്ലൊരു അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകാൻ ചിലർ തീരുമാനിച്ചു. കഴിഞ്ഞ വർഷം അവർ ഈ കെട്ടിടം വാങ്ങി പുതുക്കുന്ന ജോലികൾ തുടങ്ങി. പക്ഷേ ആദ്യംമുതൽതന്നെ പണി തടസപ്പെട്ടു. ജോലിക്കാരിൽ പലർക്കും വിചിത്രമായ രോഗങ്ങൾ പിടിപെട്ടു. പണിയുന്ന ഭാഗങ്ങൾ ഇടിഞ്ഞു വീഴാൻ തുടങ്ങി! പുതുതായി പണിത കൂറ്റനൊരു ഭിത്തി കഴിഞ്ഞ മാസം ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് ആളുകൾ രക്ഷപെട്ടത്. ഇതോടെ എല്ലാവരും പേടിച്ച് ജോലികൾ നിർത്തിവച്ചു. പ്രേതങ്ങളാണ് പണി തടയുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ അതൊക്കെ നുണക്കഥകളാണെന്നും ഉറപ്പില്ലാത്ത അടിത്തറ കാരണമാണ് ഭിത്തി ഇടിഞ്ഞതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
![birkwood-castle-scotland-collapsed birkwood-castle-scotland-collapsed](https://img-mm.manoramaonline.com/content/dam/mm/ml/homestyle/first-shot/images/2018/2/5/birkwood-castle-scotland-collapsed.jpg.image.784.410.jpg)
എന്തായാലും ഈ കെട്ടിടം എത്രയും വേഗം മറ്റാർക്കെങ്കിലും വിറ്റ് തലയിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉടമകൾ. ബർക് വുഡ് കാസിലിൽ ശരിക്കും പ്രേതങ്ങളുണ്ടോ? ഉണ്ടാവില്ല, ഭിത്തി ഇടിഞ്ഞത് ഉറപ്പില്ലാത്ത തറയുടെ തന്നെ പ്രശ്നമാവും. നമുക്കും അങ്ങനെ വിശ്വസിക്കാം!