ഒന്നോ രണ്ടോ മുറികളുള്ള മരവീടുകൾ പ്രചാരത്തിലുണ്ടെങ്കിലും മാവിന്റെ മുകളിലൊരു മൂന്നുനിലയെക്കുറിച്ച് കേട്ടിട്ടുണ്ടോ..? മാവിൻ മുകളിലെ മൂന്നുനിലവിടാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ താരം. ഉദയ്പ്പൂരിലെ ചിത്രകൂട്നഗറിലാണ് കൗതുകമുണർത്തുന്ന ഈ മൂന്നുനില വീടുള്ളത്.
87 വർഷം പഴക്കമുള്ള മാവിന്റെ മുകളിൽ 1999ലാണ് വീട് നിർമിച്ചത്. ഇപ്പോഴും കേടുപാടു കൂടാതെയാണ് വീടിന്റെയും മാവിന്റെയും നിൽപ്പ്. ഐഐടി കാൺപൂരിൽ നിന്നും വിജയിച്ച കെ.പി.സിംഗ് എന്ന എൻജിനിയറുടെ സ്വപ്നമായിരുന്നു ഈ വീട്. മാവിന്റെ മുകളിലൊരു വീടെന്ന ആശയം കേട്ടവരെല്ലാം സിംഗിന് ഭ്രാന്താണെന്നും കിറുക്കാണെന്നുമെല്ലാം പറഞ്ഞു. പലരീതിയിലുള്ള നിരുൽസാഹപ്പെടുത്തലുകൾ ഉണ്ടായിട്ടും സ്വപ്നഭവനമെന്ന ആശയം ഉപേക്ഷിക്കാൻ സിംഗ് തയാറായില്ല.
കിഷൻജി ലാഹോർ എന്ന ഫോർമാന്റെ സഹായത്തോടെ സിംഗ് വീടുപണി തുടങ്ങി. ഒരു മരക്കൊമ്പ് പോലും മുറിക്കാതെ എയറോഡൈനാമിക്ക് രീതിയിലാണ് വീടിന്റെ നിർമാണം. കാറ്റിനൊപ്പം വീടും ആടി ഉലയും. എന്നാൽ താഴെ വീഴുമെന്ന് പേടിക്കേണ്ട.
അടുക്കളയും ശുചിമുറിയുമെല്ലാം ചില്ലകളിലാണ്. ടിവി സ്റ്റാൻഡ്, ഉൗണുമേശ എന്നിവ മരക്കൊമ്പുകളിൽ ചേർത്തുവച്ചിരിക്കുന്നു. എപ്പോൾ വേണമെങ്കിലും മടക്കാവുന്ന ഫോർഡിങ് രീതിയിലാണ് ഏണിപ്പടികളുടെ നിർമാണം. സ്വിച്ച് അമർത്തിയാൽ കോണിപ്പടി തനിയെ മടങ്ങി മരക്കൊമ്പിലേക്ക് വരും.
2000ത്തിലെ പുതുവർഷം സിങ്ങും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബസമേതം ആഘോഷിച്ചത് ഈ മരവീട്ടിലാണ്. ശക്തമായ മഴയിലും കാറ്റിലും ഒരു ചെറിയ ഉലച്ചിൽപോലും തട്ടാതെ കഴിഞ്ഞ 18 വർഷമായി നിലകൊള്ളുന്ന മരത്തിലെ ഈ മൂന്നുനില വീടുകാണാൻ ദിവസവും ധാരാളം ആളുകൾ വരുന്നുണ്ട്.