അങ്ങ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് വേദികളിൽ പന്തുരുളുമ്പോൾ ഒളരിക്കര അമ്പാടിക്കുളത്തിനു സമീപം ഓളിപ്പറമ്പിൽ ഭാസി ഗോമസിന്റെ വീട്ടുമുറ്റത്ത് ഒരു പന്തു നിർത്താതെ കറങ്ങുന്നു. ഉള്ളിൽ വാഷിങ് മെഷീന്റെ മോട്ടോർ ഘടിപ്പിച്ച ഈ കൂറ്റൻ പന്തിന് എട്ടടിയിലേറെ ഉയരം. ജർമനിയിൽനിന്നെത്തിച്ച ഇരുമ്പുപയോഗിച്ചു നിർമിച്ച് അതിൽ വർണം ചാലിച്ചു പന്താക്കിയതാണ്. വെറുമൊരു പന്തെന്നു കരുതിയിരുന്ന നാട്ടുകാർ അമ്പരന്നത് പന്ത് വട്ടം കറങ്ങിത്തുടങ്ങിയപ്പോഴാണ്.
കൂറ്റൻ ഫുട്ബോളിനു മുകളിൽ തീർത്ത ഭൂഗോളവും ഒപ്പം കറങ്ങും. ഇപ്പോൾ ലോകം ഒരു പന്തിനൊപ്പം കറങ്ങുകയാണല്ലോ, അതു തന്നെ ഈ നിർമിതിയുടെ സന്ദേശം. വീടു നിറയെ പന്തുകളാണ്. മതിലുകളിൽ, സ്റ്റെപ്പിൽ, വീടിന്റെ ഓരോ നിലകളുടെയും ബാൽക്കണിയിൽ, എല്ലായിടത്തും നൂറുകണക്കിനു പന്തുകൾ.
മുൻപു ഫുട്ബോൾ താരമായിരുന്ന ഗോമസിനു ജീവിതം നൽകിയതു പന്താണ്. ആർമിയിൽ ജോലി കിട്ടിയതു സ്പോർട്സ് ക്വോട്ടയിൽ. 30 കൊല്ലം പട്ടാള ടീമിനുവേണ്ടി കളിച്ചു. മിലിട്ടറി എൻജിനീയറിങ് വിഭാഗത്തിലായിരുന്നു ജോലി. സർവീസസ് ക്യാംപിലും കർണാടക സംസ്ഥാന ക്യാംപിലുമുണ്ടായിരുന്നു. മുൻപു തൃശൂരിൽ ജിംഖാനയ്ക്കുവേണ്ടി കളിച്ചിരുന്നു.
വീടിന്റെ മുൻവശം അലങ്കരിച്ചിരിക്കുന്ന 56 ബോളുകളിൽ ബൾബിട്ട് നക്ഷത്രവിളക്കു പോലെയാക്കിയിട്ടുണ്ട്. മതിലുകളിൽ 30 ഫുട്ബോളുകൾ 14 കൊല്ലം മുൻപ് വീടു നിർമിച്ചപ്പോൾത്തന്നെ സ്ഥാപിച്ചിരുന്നു. ഉള്ളിലെ പടികളിലുള്ളത് നൂറ്റൻപതു ബോളുകളാണ്.
പുതുതായി നിർമിച്ച കറങ്ങും ഫുട്ബോളിന് രണ്ടരലക്ഷം രൂപയാണു ചെലവ്. ലോകകപ്പ് കഴിഞ്ഞാലും ഈ പന്ത് മുറ്റത്തു കറങ്ങിക്കൊണ്ടുതന്നെയിരിക്കുമെന്നു ഗോമസ് പറയുന്നു.