സമ്പന്നമായ ഒരു സംസ്കാരത്തിന്റെ തുടിപ്പുകൾ ഇന്നും അണയാതെ സൂക്ഷിക്കുകയാണ് പയിങ്ങാട്ടിരി എന്ന വയനാടിന്റെ സ്വന്തം അഗ്രഹാരം. ജില്ലയിൽ തമിഴ് ബ്രാഹ്മണരുടെ ഏക കേന്ദ്രമായ ഈ അഗ്രഹാരത്തിന്റെ പ്രതാപം അസ്തമിച്ചെങ്കിലും സുവർണകാലത്തിന്റെ സ്മൃതികൾ ഉയർത്തുന്ന കാഴ്ചകൾ ഇന്നും സുലഭം. എടവക പഞ്ചായത്തിൽ തോണിച്ചാലിന് സമീപമാണ് ഗ്രാമം എന്ന് വിളിപ്പേരിൽ പയിങ്ങാട്ടിരി സ്ഥിതി ചെയ്യുന്നത്.
തൃശിലേരി, തിരുനെല്ലി ക്ഷേത്രങ്ങളിലടക്കം പൂജാകർമങ്ങളും വളളിയൂർക്കാവിൽ മൂത്തപട്ടർ സ്ഥാനവും വഹിച്ചിരുന്നവരാണു പയിങ്ങാട്ടിരിയുടെ പൂർവികർ. പഴശിരാജാവിന്റെ കാലത്ത് സമൂഹത്തിലെ വീടുകൾ തെരുവിന് ഇരുപുറവുമായി നിർമിക്കപ്പെട്ടു. പ്രതാപകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലും പരിസര പ്രദശങ്ങളിലുമായി ഇരുനൂറോളം മഠങ്ങൾ(വീട്) ഉണ്ടായിരുന്നു. ഇന്ന് അവശേഷിക്കുന്നതാകട്ടെ മുപ്പതോളം വീടുകൾ മാത്രവും.
വിസ്മയം തീർക്കുന്ന വരാന്തകൾ
വീടിനെക്കാൾ ഉയരത്തിൽ വീടിന് ചുറ്റം മതിലുകൾ ഉയരുന്ന കാലത്ത് നിരവധി വീടുകൾക്ക് ഒരു വരാന്തയെന്ന അപൂർവതയുണ്ട്, അഗ്രഹാരത്തിലെ മഠങ്ങൾക്ക്. കാഴ്ച തൊട്ടുതൊട്ടുനിൽക്കുന്ന വീടുകൾക്ക് പ്രത്യേകം പ്രത്യേകം ചുമരുകൾ ഉണ്ടായിരുന്നില്ല. പ്രധാന ചുമരിന്റെ ഇരുവശങ്ങളിലായി നാലുകെട്ടും നടുമുറ്റവുമെല്ലാമായി രണ്ട് മഠങ്ങൾ. റോഡിന് അഭിമുഖമായി ഇരുവശത്തും നിരനിരയായി നിലകൊളളുന്ന വീടുകൾക്ക് ഒരേ വീതിയുളള അരഭിത്തിയും ഇരുത്തിയുമുളള നെടുനീളൻ വരാന്തകൾ.
ബ്രാഹ്മണ സമൂഹത്തിൽ സദ്യയും മറ്റും നടക്കുമ്പോൾ മഠങ്ങളുടെ വരാന്തകൾ തമ്മിൽ തിരിക്കുന്ന മരംകൊണ്ട് നിർമിച്ച കൊത്തുപണികളുള്ള ഉയരം കുറഞ്ഞ പാളികൾ നീക്കുന്നതോടെ ഇരുഭാഗത്തും അതിരുകളില്ലാത്ത വരാന്തയുടെ പ്രയോജനം ലഭിക്കും. ഇന്നും അവശേഷിക്കുന്ന മഠങ്ങളിൽ നീളൻ വരാന്തകൾ മാറ്റമില്ലാതെ നിലകൊളളുന്നുണ്ട്.
കേരള- തമിഴ്നാട് വാസ്തുശിൽപ ശൈലിയുടെ സമന്വയമാണ് ഗ്രാമത്തിലെ മഠങ്ങൾ. നാലുകെട്ടും നടുമുറ്റവും ഉള്ള മഠങ്ങളിൽ കൊത്തുപണിയുള്ള മച്ചിൻപുറങ്ങളും ഉണ്ട്. ഗ്രന്ഥങ്ങളും പ്രമാണങ്ങളും സ്വർണവും പണവും സൂക്ഷിച്ചിരുന്ന അറകൾ, നെല്ല് സൂക്ഷിക്കുന്ന വലിയ പത്തായങ്ങൾ എന്നിവയും മഠങ്ങളുടെ സവിശേഷതകളായിരുന്നു. മോഷ്ടാക്കളിൽ നിന്നും വന്യജീവികളിൽനിന്നും രക്ഷനേടുന്നതിനായാണ് ചുമരോട് ചുമർ ചേർത്ത് മഠങ്ങൾ പണിതതെന്ന് കരുതുന്നു. ഏറെ മരങ്ങൾ ഉപയോഗിച്ച് നിർമിച്ച ഓടുമേഞ്ഞ വീടുകൾ കൊടും വേനലിലും കുളിർമ നൽകുന്നു.
ജലസംരക്ഷണത്തിന്റെ ഉദാത്ത മാതൃക
കുടിവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യം നൂറ്റാണ്ടുകൾക്ക് മുൻപേ പയിങ്ങാട്ടിരി ഗ്രാമം തിരിച്ചറിഞ്ഞിരുന്നു. ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറുമായി ഇന്നും ജലസമൃദ്ധിയിൽ നിലകൊള്ളുന്ന വലിയ ചിറകൾ(കുളങ്ങൾ) ഇതിനു തെളിവാണ്. അര ഏക്കറിലേറെ വലുപ്പമുള്ള കോളച്ചിറ എടവക പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ സ്വാഭാവിക ജലസംഭരണിയായി പരിരക്ഷിച്ചു വരുന്നുണ്ട്. പഴശിരാജാവ് നിർമിച്ചതെന്ന് കരുതിപ്പോരുന്ന പടിഞ്ഞാറ് ഭാഗത്തെ മേലേച്ചിറ കടുത്ത വേനലിലും വറ്റാറില്ല. ഒരേക്കറിലേറെ വലുപ്പമുള്ള ചിറയുടെ കരയിൽ വലിയ അരയാലും ഉണ്ട്.
പയിങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രത്തിലെ ആറാട്ട് നടത്തുന്നതും ബ്രാഹ്മണ സമൂഹത്തിന്റെ കൈവശമുള്ള ഇൗ കുളത്തിലാണ്. തലക്കുളങ്ങൾ എന്ന നിലയിൽ രണ്ടു കുളങ്ങളും താഴ്ഭാഗത്തായി കിടക്കുന്ന ഹെക്ടർ കണക്കിന് നെൽവയലുകൾക്കും ജലലഭ്യത ഉറപ്പ് വരുത്തുന്നു. നേരത്തേ പല മഠങ്ങളുടെയും ഉള്ളിൽത്തന്നെയായിരുന്നു കിണറുകൾ. നടുമുറ്റത്തോട് ചേർന്ന് നാലുകെട്ടിനകത്ത് നിർമിച്ച കിണറുകൾ വരുന്ന ഭാഗത്തെ മേൽക്കൂരയിൽ ചില്ല് ഓടുകൾ പതിച്ച് കിണറിൽ പ്രകാശ ലഭ്യതയും ഉറപ്പാക്കി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുളള ഇത്തരം കിണറുകൾ ഇന്നും ജലസമൃദ്ധമായി തന്നെ തുടരുന്നുണ്ട്. റോഡരികിലായി രണ്ട് പൊതു കിണറുകളും ഇപ്പോഴുമുണ്ട്. ജലവിതാനം താഴാതെ സൂക്ഷിച്ച് കിണറുകളെ വരൾച്ചയിൽ നിന്ന് രക്ഷിക്കുന്നത് നിറഞ്ഞു കിടക്കുന്ന ചിറകളാണ്.
പേരുവന്ന കഥ
പയിങ്ങ(അടക്ക) മരങ്ങൾ നിറഞ്ഞ സ്ഥലമായതിനാൽ പയിങ്ങ ട്രീ എന്ന പേര് ലോപിച്ച് പയിങ്ങാട്ടിരിയായെന്ന് പറയുന്നവരുണ്ട്. പൈ അങ്ങ് തിരിയുന്ന തെരുവ് എന്നതാണ് പിന്നീട് പയിങ്ങാട്ടിരിയായതെന്നും പറയപ്പെടുന്നു. മുൻപ് പശുക്കൾ ഏറെയുണ്ടായിരുന്ന ഗ്രാമത്തിൽ ഇന്ന് തൊഴുത്തുപോലുമില്ല. തുണിവിൽപനക്കാർ ഏറെയുണ്ടായിരുന്ന ഗ്രാമം ശാലിയതെരുവ് എന്നും അറിയപ്പെട്ടിരുന്നതായി പറയുന്നു. വില്ല്യം ലോഗന്റെ മലബാർ മാന്വലിലും പഴശി രേഖകളിലും ഇൗ ഗ്രാമം ഇടം പിടിച്ചിട്ടുണ്ട്.
പ്രഭാതങ്ങളിൽ കീർത്തനങ്ങൾ മുഴങ്ങിയ, അരിപ്പൊടിക്കോലങ്ങൾ റോഡിനിരുപുറവും നിരനിരയായി നിത്യവും വിരിഞ്ഞിരുന്ന സായാഹ്നങ്ങൾ വെടിവട്ടങ്ങളാൽ മുഖരിതമായ പഴയ പയിങ്ങിട്ടിരി ഇന്ന് ഓർമയായിമാറിക്കഴിഞ്ഞു. ഉപരിപഠനാർഥം വിദൂര നഗരങ്ങളിലേക്കും വിദേശത്തേക്കും പോയ ഗ്രാമത്തിലെ യുവതലമുറ നഗരങ്ങളിൽ തന്നെ താമസമാക്കിയതോടെ പല മഠങ്ങളിലും ആളൊഴിഞ്ഞു. കൂട്ടുകുടുംബ സംവിധാനം അപ്രത്യക്ഷമാകുകയും ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് പാടവും പറമ്പും കൈമോശം വരികയും ചെയ്തതും പയിങ്ങാട്ടിരിയുടെ പ്രതാപം മങ്ങാൻ ഇടയാക്കി.
വയനാടിന്റെ സാംസ്കാരിക തനിമയുടെ പ്രതീകമായി അവശേഷിക്കുന്ന മഠങ്ങളെങ്കിലും തനത് രൂപത്തിൽ സംരക്ഷിക്കണമെന്നും നിർദേശം ഉയരുന്നുണ്ട്.